'ഫുട്ബോൾ ലോകം ആദരിക്കുന്ന നിങ്ങൾ എന്തിന് അത് ചെയ്തു?; അവർക്ക് മുന്നിൽ അയാൾ പൊട്ടിക്കരഞ്ഞു'

അരമണിക്കൂർ നേരംകൂടി ജോർജ് സാറോട് സംസാരിച്ചിരുന്നതിന് ശേഷമാണ് ദേവ് ഓഫീസിലേക്ക് തിരിച്ചത്. തിരിച്ചുതരാം എന്ന ഉറപ്പിന്മേൽ ആ പത്രകട്ടിങ്ങും വാങ്ങിയിരുന്നു. ഇന്നോവ കലൂർ സ്റ്റേഡിയത്തിനടുത്തെത്തിയപ്പോഴാണ് രഘുനന്ദന്റെ കോൾ വന്നത്.
''രഘു എന്താ വിശേഷം"
"എടാ നീ അയച്ചുതന്ന ഫോട്ടോ എന്റെ ഫ്രണ്ട്സിനും മറ്റും ഷെയർ ചെയ്തിരുന്നു. എന്നാൽ അതിൽ ഫലമൊന്നുമുണ്ടായില്ല. പക്ഷേ എന്റെ ഫോണിൽ നിന്ന് ഉപകാരപ്പെടാൻ സാധ്യതയുള്ള ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട്. ഫോണിലെ സ്റ്റോറേജ് തീർന്നതോടെ ഗാലറി ക്ലിയർ ചെയ്യുന്നതിനിടെ കണ്ടതാണ്. ഒരു വർഷം മുമ്പ് ദുബായിയിൽ നിന്നെടുത്തതാണ്. ഫോട്ടോ വാട്സാപ്പിലിടാം'.
'നീ അയക്ക്...ഞാൻ നോക്കാം'
'ഓ.കെ. അപ്പോ പറഞ്ഞതുപോലെ കാണാം. ബൈ'. രഘു ഫോൺ കട്ടാക്കി. പിന്നാലെ ഫോട്ടോ ദേവിന്റെ വാട്സാപ്പിലെത്തി.
'യെസ്, താങ്ക്സ് രഘു'. ദേവ് മനസിൽ പറഞ്ഞു. അയാളുടെ മനസിൽ ആഹ്ളാദം നുരഞ്ഞുപൊന്തി. ഒടുവിൽ രണ്ടാമനെ കണ്ടെത്തിയിരിക്കുന്നു.
ദേവ് ഫോണെടുത്ത് അൻവറിനെ വിളിച്ചു.
അഞ്ച് മണിക്കൂറോളം വൈകിയെത്തിയ പൂർവ എക്സ്പ്രസിൽ ബോബു ഇരിപ്പുറപ്പിച്ചു. പുലർച്ചെ ആറ് മണിയോടെ എത്തേണ്ട വണ്ടിയാണ് ഇത്രയും വൈകിയത്. തനിക്കത് അനുഗ്രഹമായെന്ന് മനസിൽ പറഞ്ഞു. നാളെ ഏതാണ്ട് ഇതേ സമയത്ത് ഹൗറയിലെത്തും. പിന്നെ പേടിക്കാനില്ല. ബാക്കി കാര്യങ്ങൾ വേഗത്തിൽ ചെയ്തില്ലെങ്കിൽ ദേവും കൂട്ടരും തന്റെ അരികിലേക്കെത്തും. നിറയുന്ന ചിന്തകളിൽ നിന്ന് രക്ഷപ്പെടാൻ അയാൾ പുറത്തേക്ക് നോക്കി.
------
Content Highlights: sports thriller novel, soccer, investigation, kerala police