'അവർ ജീവിതം വെച്ചാണ് കളിക്കുന്നത്,അവിടെ ചിന്തകൾ വേഗത്തിൽ തീപിടിക്കും' | നോവല്‍ 90 മിനിറ്റ്‌സ്

അന്‍വര്‍ എത്തുമ്പോള്‍ ദേവ് ഫോണില്‍ സംസാരിക്കുകയായിരുന്നു. അയാള്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അന്‍വര്‍ അകത്തേക്ക് കയറി. സീറ്റിലിരുന്നു.
''ഓ.കെ, ചില സംശയങ്ങള്‍ കൂടിയുണ്ട്. ഇനിയും വിളിക്കേണ്ടി വരും''. ദേവ് ചിരിയോടെ പറഞ്ഞശേഷം ഫോണ്‍ കട്ട് ചെയ്തു.
''അന്‍വര്‍ നേരിട്ടു വരാന്‍ പറഞ്ഞത്,നമുക്ക് കേസിന്റെ ഡെവലപ്പ്‌മെന്റ്‌സ് ഒന്ന് അനലൈസ് ചെയ്യണം''.
''സാര്‍, സ്‌റ്റേഡിയത്തിലെ ജീവനക്കാരുടെ മൊഴി കിട്ടിയിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ പ്രാഥമിക പട്ടികയും. കിഷനെ ഏതാണ്ട് മൂന്ന് മണിക്കുറിനുള്ളില്‍ ഇവിടെയെത്തിക്കും''.
''അന്‍വര്‍, കോളനി ലോക്കേഷനിലെ കോള്‍ വിവരങ്ങള്‍,ദക്ഷിണാഫ്രിക്കന്‍ യാത്രക്കാരുടെ വിവരം, ജീവനക്കാരുടെ മൊഴി, സ്റ്റേഡിയത്തിലേയും കോളനിയിലേയും വീട്ടിലേയും വിരലടയാളങ്ങള്‍ എന്നിവയാണ് നമ്മുടെ പക്കലുള്ളത്. കിഷനെ ചോദ്യം ചെയ്താല്‍ കുറച്ചുവിവരങ്ങള്‍ കൂടി ലഭിക്കും. ഇതാണ് ഇതുവരെയുളള പ്രോഗസ്''. അന്‍വര്‍ മൊഴിയില്‍ എന്തെങ്കിലും കാര്യമുള്ളതുണ്ടോ..
''ചില മൊഴികള്‍ വേണമെങ്കില്‍ അന്വേഷണത്തിന്റെ ഭാഗമാക്കാം, പൊതുവെ നമുക്ക് ഗുണം ചെയ്യുന്നതൊന്നുമില്ല സാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 28 താല്‍ക്കാലിക ജീവനക്കാര്‍ ഇവിടുത്തെ ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ട്. പ്രധാനമായും കൂലിയുടെ കുറവ് തന്നെ. അവരില്‍ പലരും മറുനാട്ടുക്കാരാണ്''.
''അന്‍വര്‍ താക്കോലുകള്‍ സൂക്ഷിക്കുന്നത് ആരാണ്. ''ഇപ്പോള്‍ അത് ഓഫീസ് സെക്രട്ടറിയുടെ കൈയ്യില്‍ തന്നെയാണ്. എന്നാല്‍ ജീവനക്കാര്‍ ഗേറ്റും വാതിലുമൊക്കെ തുറക്കാനായി കൊണ്ടുപോകാറുണ്ട്. മൊത്തം ആറ് ഗ്രൂപ്പായിട്ടാണ് താക്കോലുകളുളളത്. ടണല്‍ ഗേറ്റിന്റെ താക്കോല്‍ വരുന്നത് സി ബ്ലോക്കിന്റെ കൂട്ടത്തിലാണ്. അതില്‍ ഏതാണ്ട് 15 ഗേറ്റുകളുടേയും ഡ്രസ്സിങ് റൂമിന്റേയുമൊക്കെ താക്കോലുകളുണ്ട്.
ടണല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉപയോഗിച്ചിട്ടേയില്ല. എന്നാല്‍ അതിന്റെ പൂട്ടിന് മാത്രം ഒന്നും സംഭവിച്ചിട്ടില്ല. അങ്ങനെ ഉപയോഗിക്കാതെ കിടന്ന ചില ഗേറ്റുകളുടെ പൂട്ടുകള്‍ ആറ് മാസത്തിനിടെ മാറ്റിയിട്ടുണ്ട''.
''മത്സരം നടത്തുന്നതിന്റെ ഭാഗമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ സംഘം സ്റ്റേഡിയം പരിശോധിക്കാന്‍ മൂന്ന് മാസം മുമ്പ് വന്നിരുന്നു. അന്ന് അവര്‍ ടണല്‍ ക്ലീനാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മത്സരത്തിന് രണ്ടാഴ്ച്ച മുമ്പാണ് ജീവനക്കാര്‍ ടണല്‍ വൃത്തിയാക്കിയത''.
''അപ്പോ, അതിന് ശേഷമാണ് ഭിത്തി കട്ട് ചെയ്തത്''
''യേസ് സാര്‍, അതിനാണ് സാധ്യത''.
''അന്‍വര്‍, വളരെ മുമ്പ് തന്നെ ടണല്‍ ഗേറ്റ് പൂട്ടിന്റെ താക്കോല്‍ പ്രതികളുടെ കയ്യില്‍ കിട്ടിയിട്ടുണ്ട്. അവര്‍ അത് കൃത്യമായ ഇടവേളകളില്‍ പൂട്ട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്്. അല്ലെങ്കില്‍ ഇത്രയും നാള്‍ ഉപയോഗിക്കാതിരുന്ന പൂട്ട് തുരുമ്പെടുത്ത് നശിക്കാനാണ് സാധ്യത. അവര്‍ ഇടക്കിടെ അത് തുറക്കുകയോ, അത് പരിപാലിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് റുവാലയെ കൊണ്ടുപോകുമ്പോള്‍ അവര്‍ ആ പൂട്ട് എടുത്തുകൊണ്ടുപോയത്".
Content Highlights: sports thriller novel 90 minutes