സലിൽ ചൗധരി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം, നാടകക്കാരനും കവിയും ചിന്തകനും ആയി കൂടെ നടന്ന ഒരാൾ

അസമിലെ തേയിലത്തോട്ടങ്ങളിൽ വീശിയിരുന്ന ചെറുകാറ്റിന്റെ ഈണത്തോടൊപ്പം
തന്റെ അച്ഛൻ ഗ്യാനേഷ് ചൗധരിയുടെ വിപുലമായ സംഗീതശേഖരത്തിലെ വിഖ്യാതരുടെ സിംഫണികളും സാന്ദ്രഗീതങ്ങളും നുകർന്നാണ് ആ കുട്ടി വളർന്നത്. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി കൽക്കത്തയിലെ കോളേജിൽ ചേർന്നപ്പോഴേക്കും അയാളിൽ വ്യത്യസ്തനായ ഒരു സംഗീതകാരൻ ഉരുവംകൊണ്ടിരുന്നു.
ആറാം വയസ്സിൽ തന്നെ പിയാനോ വായിക്കാനും പഠിച്ച സലിൽ ഏതുപകരണവും വാദനം ചെയ്യാൻ കഴിവുള്ള ഒരാളായിമാറി. അവയിൽ പലതും സ്വയം പഠിച്ചെടുത്തതാണ് എന്ന അത്ഭുതവും ഉണ്ട്.ചെറുപ്പത്തിൽ പരിചയപ്പെട്ട പാശ്ചാത്യ സംഗീതത്തിന്റെ കൂടെ ഭാരതീയ ശാസ്ത്രീയ സംഗീതവും, നാടോടി ഈണങ്ങളും ഇഴചേർത്ത് പുതിയൊരു സംഗീത ശയ്യ തീർത്ത പ്രതിഭ.
Read also:പൈന്റടിയില്ല; പെയിന്റടി മാത്രം
പാശ്ചാത്യ സംഗീതത്തെ തന്റെ പാട്ടുകളുടെ ഓർക്കെസ്ട്രഷന് വേണ്ടി ഉപയോഗിക്കുമ്പോഴും ഭാരതീയ സംഗീതത്തെ അതിൽ ഇഴചേർത്തു. ഒന്നും മുഴച്ചുനിന്നില്ല എല്ലാ സംഗീതശാഖകളും വർണനൂലുകളായി ഇഴചേർത്ത് പാട്ടിന്റെ കമ്പളം നെയ്തു അദ്ദേഹം.
സലിൽ ചൗധരിയുടെ പാട്ടുകൾ അജ്ഞാത ഹൃദയതന്ത്രികളെ തൊട്ടുണർത്തിക്കൊണ്ട്
പ്രണയത്തിനുമാത്രമല്ല , വിഷാദത്തിനും ഗൃഹാതുരതയ്ക്കും മധുരമേകുന്ന ഗാനപ്രവാഹങ്ങളായി . ആസ്വാദകർ വികാര സാന്ദ്രമായ മറ്റേതോ ലോകത്തേക്ക് ആ പ്രവാഹത്തിനൊപ്പം ഒഴുകിപ്പോയി .
"സംഗീതം എന്നും സ്വയം ഉടച്ചുവാർത്ത് പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കും; കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പുതിയ ഭാവങ്ങളും രൂപങ്ങളും ആർജിച്ചുകൊണ്ടും അത് മുന്നോട്ട് പോകും.
Read also:സമരങ്ങൾ,സർവ്വകലാശാല; ഒരു വി.സിയുടെ ഓർമ്മക്കുറിപ്പുകൾ
ഈ മാറ്റത്തിനെ ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ എന്റെ സംഗീതം വെറും ഫോസിലുകൾ ആയി മാറും. അതെ സമയം എന്റെ നാടിന്റെ സംഗീത പാരമ്പര്യം എന്നെ പ്രോചോദിപ്പിക്കുന്നുണ്ട് എന്ന കാര്യം എനിക്ക് മറക്കാനാവുകയുമില്ല." സലിൽ ചൗധരിയുടെ ഈ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം, നാടകക്കാരനും കവിയും ചിന്തകനും ആയി കൂടെ നടന്ന ഒരാൾ. സിനിമകൾക്ക് കഥയെഴുതുകയും , പാട്ടെഴുത്തുകയും ചെയ്ത ബഹുമുഖപ്രതിഭ. ചെറുപ്പകാലത്ത് തന്റെ അച്ഛൻ ജോലിചെയ്തിരുന്ന ആസാമിലെ ചായത്തോട്ടത്തിലെ തൊഴിലാളികൾക്ക് ഒപ്പം അവരെ തന്റെ കൂട്ടുകാരും സഹപ്രവർത്തകരും ആയി കണ്ട ഒരാൾ.അവരുടെ സങ്കടങ്ങളും, വിഷാദാത്മകതയും തന്റെ സംഗീതത്തിലേക്ക് ആവാഹിച്ചു അദ്ദേഹം. ലക്ഷങ്ങൾ മരിച്ചു വീണ ബംഗാൾ ക്ഷാമകാലത്തിന്റെ സാക്ഷിയായിരുന്നു അദ്ദേഹം."വിദേശഭരണത്തിന്റെ അടിച്ചമർത്തൽ; ക്ഷാമം; ഒരു നേരത്തെ ആഹാരത്തിനായി, ഒരിത്തിരി കഞ്ഞിക്കുവേണ്ടി നിലവിളിക്കുന്ന മനുഷ്യർ — അത്തരമൊരു സാഹചര്യത്തിൽ പ്രണയത്തെയും പ്രണയാനുഭൂതികളെയും കുറിച്ച് പാട്ടുകൾ രചിക്കുന്നത് കേവലം പരിഹാസ്യമായ കാര്യമല്ല, മറിച്ച് തികച്ചും കുറ്റകരം തന്നെയാണെന്ന് എനിക്ക് തോന്നി.
കാരണം, കവിയോ കലാകാരനോ സമൂഹത്തിൽനിന്ന് വേറിട്ടൊരു അസ്തിത്വമല്ല. മറിച്ച്, അയാൾക്ക് സമൂഹത്തോടുള്ളത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം മറന്നുകൊണ്ട്, ഏതെങ്കിലും 'സംഹിതകളിലോ' 'സിദ്ധാന്തങ്ങളിലോ' മുറുകെപ്പിടിക്കുകയാണെങ്കിൽ, കലാരൂപം കൃത്രിമമായിത്തീരുകയും ജനസാമാന്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഒടുവിൽ ദുർബലമായിപ്പോവുകയും ചെയ്യും.ജനസാമാന്യത്തിന്റെ ദുരിതങ്ങൾക്കുമേൽ സൗന്ദര്യമുള്ള രൂപകങ്ങളുടെ മേലങ്കിയണിയിച്ച് അവയെ മറച്ചുവെക്കുന്നതിനെയാണ് ഞാൻ 'സ്കിൻ ഗ്രാഫ്റ്റിംഗ്' (Skin Grafting) എന്നു വിളിക്കുന്നത്. മറ്റേതെങ്കിലും കലാരൂപത്തിൽ ഒരുപക്ഷേ അത് ഫലിച്ചേക്കാം; എന്നാൽ സംഗീതത്തിൽ അതൊരിക്കലും ഫലിക്കില്ല"രോഷാകുലനായ ഒരു കമ്മ്യൂണിസ്റ്റിന്റെ വാക്കുകളാണിവ.
Read also:സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു
മുറിവേറ്റ ശരീരത്തിൽ മറ്റൊരിടത്തുനിന്നുള്ള തൊലി വെച്ചുപിടിപ്പിക്കുന്നതുപോലെ, സമൂഹത്തിന്റെ യഥാർത്ഥ മുറിവുകളെ മനോഹരമായ രൂപകങ്ങൾകൊണ്ട് മൂടിവെക്കുന്ന കൃത്രിമ കലാപ്രവർത്തനത്തെയാണ് സലിൽ ചൗധരി വിമർശിക്കുന്നത്."കുറച്ചുകൂടി പക്വതയോടെ ഈ ലോകത്തെയും, എണ്ണമറ്റ മനുഷ്യരിൽ ഒരാളായ എന്റെ സ്ഥാനത്തെയും നോക്കിക്കാണാൻ തുടങ്ങിയപ്പോൾ, എന്റെ ഉള്ളിന്റെ ആഴങ്ങളിൽ ജ്വലിച്ചുനിന്ന ഏറ്റവും ശക്തമായ വികാരം പ്രതിഷേധമായിരുന്നു. മനുഷ്യരാശിയെ പതിയെപ്പതിയെ കൊന്നുകൊണ്ടിരുന്ന പീഡനങ്ങൾക്കും ക്രൂരതകൾക്കുമെതിരെ എന്റെ മനസ്സ് രോഷംകൊണ്ടു. ഒരു വശത്ത് ഭയാനകമായ ക്ഷാമം; മറുവശത്ത് സമ്പത്തിന്റെ കൊടിയ ധൂർത്തും പാഴാക്കലും. ഈ കടുത്ത അനീതിയും അസമത്വവും തന്നെയാണ് എന്നിലെ സംഗീതത്തിന്റെ സർഗാത്മക ശക്തിക്ക് വഴിതുറന്നത്..." സലിൽ ദായുടെ
മറക്കാനാവാത്ത വാക്കുകൾ.ദുരിതവും നിസ്സഹായതയും പെയ്ത കാലത്ത് മാനവികതയുടെ സ്വരമുയർത്തിയ പാട്ടുകളും നാടകങ്ങളും രചിച്ചു. പോരാട്ടത്തിന്റെ കവിതകളും മുദ്രാഗീതങ്ങളും കൊണ്ട് ബംഗാൾ സാഹിത്യത്തെ സുരഭിലമാക്കി. പതുക്കെ ആ കാലം കടന്നു പോയി. അദ്ദേഹം സംഗീതത്തിന്റെ ലോകത്തിൽ ആണ്ടുമുങ്ങി. ചലച്ചിത്ര സംഗീതരംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ചു. 13 ഇന്ത്യൻ ഭാഷകളിൽ നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായി പിറന്നു.
ഇന്ത്യ മുഴുവൻ അദ്ദേഹത്തെ സ്നേഹത്തോടെ 'സലിൽദാ ' എന്നുവിളിച്ചു.അപ്രതീക്ഷിതവും അപ്രവചനീയവുമായ ഈണങ്ങളാണ് സലിൽദാ ഓരോ ഗാനങ്ങൾക്കും പകർന്നത്. എണ്ണമറ്റ സംഗീത ഉപകരണങ്ങൾക്ക് പാട്ടിൽ വ്യത്യസ്തമായ ഇടം നൽകി .
ഓരോ ഉപകരണവും വേറെ വേറെ ഈണങ്ങൾ മീട്ടി സഞ്ചരിക്കും. ഓരോന്നും ഓരോ തലത്തിൽ വർത്തിക്കും. അതിനിടയിൽ ചിലപാട്ടുകളിൽ നിമിഷ സാന്ദ്രമായ മൗനവുമുണ്ട്.
എല്ലാം കൂടി സമഞ്ജസമായി, വല്ലാത്ത ഒരു ഫീൽ ശ്രോതാവിനു അനുഭവപ്പെടുത്തുകയും ചെയ്യും. ഒരു പാട്ടിൽ തന്നെ പത്തു പാട്ടുകൾ ഉൾപ്പെട്ടതുപോലെ തോന്നും. സ്വരഗ്രാമത്തിലെ ഒന്നോ രണ്ടോ സ്വരങ്ങളൊഴിച്ച് ബാക്കിയെല്ലാം ആരോഹണത്തിലോ അവരോഹണത്തിലോ സ്പർശിച്ചുകൊണ്ടുപോകുന്ന പാട്ടുകളുടെ ആ ഒഴുക്ക് സലിൽ ദായുടെ സ്വന്തം.ഒട്ടുമിക്ക പാട്ടിലും- അതൊരുപക്ഷേ സന്തോഷ ഭരിതമായ പാട്ടായാലും ശരി ഒരുപകരണം, ഏതോ വിഷാദസുസ്മിതമായ ഒരീണം പിന്തുടരുന്നത് കേൾക്കാം. അത് അദ്ദേഹം അനുഭവിച്ച ദുഃഖഭരിതമായ കാലത്തിന്റെ ഗൃഹാതുരതയുടെ അടയാളപ്പെടുത്തലായി കേട്ടെടുക്കാം.ഇളയരാജയെയും, ആർ കെ ശേഖറിനെയും തന്റെ ഓർക്കസ്ട്രഷൻ സമയത്ത് അനുമോദിക്കുകയും , ഇവരൊക്കെ വലിയ ഉയരങ്ങളിൽ എത്തും എന്ന് പ്രവചിക്കുകയും ചെയ്ത ആ സംഗീത മാന്ത്രികൻ എന്നും സംഗീതപ്രേമികളെ പ്രോചോദിപ്പിച്ചുകൊണ്ടിരിക്കും.സമാനതകളില്ലാത്ത സംഗീതകാരന് സമാനതകളില്ലാത്ത ആദരവ്.
Content Highlights: Salil Chowdhury blended Western classical music with Indian folk and classical traditions., His music was deeply influenced by the struggles of the working class and the Bengal famine., He was a multi-faceted genius: poet, playwright, and composer across 13 Indian languages., November 19 marks the birth anniversary of the legendary composer.