കോഴിക്കോടിന്റെ സാഹിത്യപൈതൃകവും പാരമ്പര്യവും; തുടര്‍ചര്‍ച്ചകളില്‍ പരിഗണിക്കേണ്ടത് എന്തെല്ലാം?

#കെ. സതീഷ് നമ്പൂതിരിപ്പാട്
ഫോട്ടോ: മാതൃഭൂമി
ഫോട്ടോ: മാതൃഭൂമി

ഇന്ത്യയിലെ ഒരേയൊരു യുനെസ്‌കോ അംഗീകൃത സാഹിത്യനഗരമായി മാറിയിരിക്കുകയാണ് കോഴിക്കോട്. 2023 ഒക്ടോബറിലെ യുനെസ്‌കോ പ്രഖ്യാപനപ്രകാരം ഏതാണ്ട് അമ്പത്തിയഞ്ചോളം ലോകനഗരങ്ങള്‍ ഇപ്രകാരമുള്ള സര്‍ഗാത്മകനഗര പട്ടികയില്‍ കോഴിക്കോടിനൊപ്പം പുതുതായി ഇടംപിടിച്ചിട്ടുണ്ട്. ഇതിനായി മാസങ്ങളോളം പ്രവര്‍ത്തിക്കുകയും കേന്ദ്രവിദ്യാഭാസ മന്ത്രാലയം, യുനെസ്‌കോ ഡിവിഷന്‍ എന്നിവരുമായി ചേര്‍ന്ന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത കോഴിക്കോട് മേയര്‍ ഡോ. ബീനാഫിലിപ്പ്, കോര്‍പറേഷന്‍ അംഗങ്ങളും ഉദ്യോഗസ്ഥരും, കില(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍)യിലെ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ അഭിനന്ദനമര്‍ഹിക്കുന്നു. 

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, വകുപ്പ് ജോയിന്റ് സെക്രട്ടറി നീത പ്രസാദ് എന്നിവരുടെ പ്രത്യേക സഹായവും എടുത്തുപറയേണ്ടതുണ്ട്. തുടക്കം മുതലേയുള്ള മാതൃഭൂമിയുടെ അചഞ്ചലമായ പിന്തുണയും, പ്രോത്സാഹനവും ഈയൊരു നീക്കത്തെ ശക്തമാക്കി എന്ന് പറയുന്നതും തെറ്റാവില്ല. 

കൈവേലയും പ്രാദേശിക കലകളും(Craft and Folk Art), രൂപകല്‍പന, ഗ്യാസ്‌ട്രോണമി(ഭോജന, പാചക കല), സിനിമ, മാധ്യമം, സംഗീതം, സാഹിത്യം, എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് യുനെസ്‌കോ സര്‍ഗാത്മകനഗരപദവി നല്‍കുന്നത്. ഇതിന് പുറമെ യുനെസ്‌കോ 'പഠന-നഗര' ശൃംഖലയില്‍ തൃശൂരിനെയും, നിലമ്പൂരിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ, വാരാണസി, ഗ്വാളിയര്‍, ചെന്നൈ, മുംബൈ, ശ്രീനഗര്‍ തുടങ്ങി പതിമൂന്നോളം ഇന്ത്യന്‍ നഗരങ്ങള്‍ യുനെസ്‌കോയുടെ സര്‍ഗാത്മകനഗര ശൃംഖലയില്‍ ഇടം നേടിയിട്ടുണ്ട്. അതില്‍ മൂന്നെണ്ണം കേരളത്തിലാണെന്നത് നമ്മളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിനും അഭിമാനത്തിനും വകനല്‍കുന്നു. ഇതിനുപുറമെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂര്‍ എന്നീ നഗരങ്ങളും വിവിധ വിഭാഗങ്ങളിലായി യുനെസ്‌കോയുടെ സര്‍ഗാത്മകനഗരപട്ടികയില്‍ ഇടം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 

'സര്‍ഗാത്മക നഗര സമ്പദ്‌വ്യവസ്ഥ' അഥവാ 'ക്രിയേറ്റീവ് അര്‍ബന്‍ ഇക്കോണമി' എന്നത് ഇപ്പോള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒരു സാമ്പത്തിക, പൊതുനയ ശാഖയാണ്. സാംസ്‌കാരികവും, കലാപരവും ആയ കഴിവുകളുടെ പ്രകടനങ്ങള്‍, അവയുടെ വ്യാവസായികമായ ഉപയോഗപ്പെടുത്തല്‍, അതിലൂടെ തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയെല്ലാമാണ് സര്‍ഗാത്മകനഗര സമ്പദ്‌വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വരുന്ന നൂറ്റാണ്ടിലെ വിജയത്തിനു സര്‍ഗാത്മകത കേവലം അഭിലഷണീയമായ ഒരു സ്വഭാവമല്ല, മറിച്ച് അവശ്യമായ ഒരു കഴിവായാണ് കണക്കാക്കപ്പെടുന്നത്. 97 ശതമാനം തൊഴിലുടമകളും അതിന്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യം ഊന്നിപ്പറയുന്നു.

സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ എന്ന ആശയം, സംഗീതം, ദൃശ്യ കല, വാസ്തുവിദ്യ, സോഫ്റ്റ്‌വെയര്‍ വികസനം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളെ ഉള്‍ക്കൊള്ളുന്നു. ലോകത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 6.1 ശതമാനം സര്‍ഗാത്മക ഇക്കോണമിയുടേതാണ് എന്നാണ് യു.എന്‍. കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിയേറ്റീവ് വ്യവസായങ്ങള്‍ 2 ട്രില്യണ്‍ ഡോളറില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നു എന്നും ആഗോളതലത്തില്‍ ഏകദേശം 50 ദശലക്ഷത്തോളം തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നു എന്നുമാണ് കണക്ക്. 

നഗരവല്‍ക്കരണോന്മുഖമായ ആഗോള പ്രവണത ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ മാറ്റൊലികള്‍, ഗുണപരവും, അല്ലാത്തതും ആയവ നഗര വികസനത്തിലും നവീകരണത്തിലും(Innovation) പ്രതിധ്വനിക്കും എന്നതും നിസ്സംശയമാണ്. 1950 മുതല്‍ 2018 വരെ, നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന ലോകജനസംഖ്യയുടെ അനുപാതം 30 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നു. 2050 ആകുമ്പോഴേക്കും ഈ വളര്‍ച്ച 68 ശതമാനമായി ഉയരുമെന്നും ജനസംഖ്യാ വളര്‍ച്ചയുമായി ചേര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന നഗരവല്‍ക്കരണം 2.5 ബില്യണ്‍ നഗരവാസികളെ കൂട്ടിച്ചേര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ മാത്രം 416 ദശലക്ഷം നഗരവാസികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് കണക്ക്. 

നഗരങ്ങള്‍ വളരുന്നതിനനുസരിച്ച്, നഗരവല്‍ക്കരണവും സര്‍ഗാത്മകതയും പ്രയോജനപ്പെടുത്തുന്നതിലൂടെ, സാമ്പത്തികമായി പുതിയ വഴികള്‍ തുറക്കാന്‍ കഴിയും. നമ്മുടെ കൊച്ചുകേരളത്തിനും ഇതില്‍നിന്ന് മാറിനില്‍ക്കാനാവില്ല എന്ന് മാത്രമല്ല, വര്‍ധിച്ചുവരുന്ന നമ്മുടെ നഗരവല്‍ക്കരണ പ്രവണതക്കനുസരിച്ചുവേണ്ട തയ്യാറെടുപ്പുകള്‍ എടുക്കുക എന്നത് മാത്രമേയുള്ളൂ നമ്മുടെ മുന്നിലുള്ള ഏക പോംവഴി. കേരള സര്‍ക്കാര്‍ അടുത്തിടെ രൂപീകരിച്ച കേരള അര്‍ബന്‍ പോളിസി കമ്മിഷന്റെ പ്രാധാന്യവും പ്രവര്‍ത്തനങ്ങളും, ഈയൊരുനിലയില്‍ വേണം കാണാന്‍.

ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം രൂപീകരിച്ച സംരംഭം എന്നനിലയില്‍, ഇതിനകംതന്നെ വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയ ഒരു തീരുമാനമാണ് കമ്മിഷന്റെ രൂപീകരണം. കമ്മീിഷന്റെ ശുപാര്‍ശകള്‍ക്കും, തുടര്‍നടപടികള്‍ക്കും, ക്രിയേറ്റീവ് ഇക്കോണമി, ക്രിയേറ്റീവ് ഗവര്‍ണന്‍സ് അഥവാ സര്‍ഗാത്മക ഭരണക്രമം തുടങ്ങിയ നൂതന ആശയങ്ങളും, നടപടി ക്രമങ്ങളുമായി വലിയ ബന്ധമുണ്ടാവും എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. 

കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിച്ചതിനുശേഷം എന്ത് എന്ന ചോദ്യം പ്രസക്തമാണ്. കോഴിക്കോടിന്റെ സാഹിത്യനഗര പദവിയെ മുന്‍നിര്‍ത്തി ആറോളം സാഹിത്യ ശാഖകളിലായി കോര്‍പറേഷന്‍ വര്‍ഷംതോറും അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി, പ്രസ്തുത സമ്മേളനത്തില്‍ മേയറുടെ പ്രഖ്യാപനം വന്നിട്ടുണ്ട്. യൂറോപ്യന്‍ ക്രിയേറ്റീവ് ബ്യൂറോക്രസി ഫെസ്റ്റിവലിന്റെ മാതൃകയില്‍, കോഴിക്കോട് കേന്ദ്രമാക്കി ഒരു വാര്‍ഷിക സര്‍ഗാത്മക ഉത്സവം, ഇന്ത്യയിലെ മറ്റ് നഗരങ്ങളുമായി കോഴിക്കോടിന്റെ ബന്ധം വികസിപ്പിക്കുന്നതിന് 'യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വര്‍ക്ക്' തുടങ്ങിയ ആശയങ്ങളും ഇത്തരുണത്തില്‍ ആലോചിക്കാവുന്നതാണ്. 

ഭാവിയിലെ ഏറ്റവും നിര്‍ണായകമായ കഴിവ് സര്‍ഗാത്മകതയാണ് എന്ന് പറയപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍, പ്രാദേശിക സാമ്പത്തിക തന്ത്രങ്ങളില്‍ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ സൃഷ്ടിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനതല സര്‍ഗാത്മകത നയം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും ഇത്തരമൊരു വേദി ഉപയുക്തമായേക്കും. ഇതിനകം പ്രഖ്യാപിച്ച സംസ്ഥാന ഡിസൈന്‍ നയവുമായും, നിലവില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അര്‍ബന്‍ പോളിസിയുമായും ഇതിനുകൈകോര്‍ക്കാം. 2022-ല്‍ യുനെസ്‌കോയും സര്‍ഗാത്മകതയ്ക്കുള്ള നയങ്ങള്‍ രൂപപ്പെടുത്താന്‍ ആഹ്വാനംചെയ്തിട്ടുണ്ട് എന്നത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

കോഴിക്കോടിന്റെ സാഹിത്യപൈതൃകത്തെക്കുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ ഉള്ള ചര്‍ച്ചകളോടൊപ്പം അത് എപ്രകാരം ഭാവി തലമുറകള്‍ക്ക് ഉപകാരപ്രദമാക്കാം, അതിന്റെ സാമ്പത്തികവും, സര്‍ഗാത്മകവും ആയ ഗുണഫലങ്ങള്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് എങ്ങനെ ഉതകുമെന്നതെല്ലാണ് നമ്മള്‍ ചിന്തിക്കേണ്ട വിഷയം. നഗരങ്ങളെ നവീകരണത്തിന്റെയും സാംസ്‌കാരിക ചലനാത്മകതയുടെയും കേന്ദ്രങ്ങളായി മാറ്റി, തൊഴില്‍ സൃഷ്ടിക്കല്‍, സാമൂഹിക ഐക്യം എന്നിവയിലൂടെ ഊര്‍ജസ്വലമാക്കിയാല്‍ മാത്രമേ ക്രിയേറ്റീവ് ഇക്കണോമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാര്‍ഥകമാവുകയുള്ളൂ.

സാഹിത്യനഗരം എന്ന നിലയില്‍ കോഴിക്കോടാവട്ടെ, പഠനനഗരം എന്നനിലയില്‍ തൃശൂര്‍ ആവട്ടെ, തുടര്‍നടപടികള്‍ ആലോചിക്കുന്നതും രൂപകല്‍പന ചെയ്യുന്നതും ഈയൊരു പശ്ചാത്തലം മുന്നില്‍ കണ്ടുകൊണ്ടാവണം. നഗരവത്കരണത്തിന്റെയും, ഡിജിറ്റല്‍ ടെക്നോളജിയുടെയും സാധ്യതകളും വെല്ലുവിളികളും അതോടൊപ്പംതന്നെ കേരളത്തിലെ യുവതലമുറയുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മുന്നില്‍ കണ്ടുകൊണ്ട്, തൊഴില്‍ സൃഷ്ടിക്കല്‍ എന്ന പരമപ്രധാനമായ ആവശ്യത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടല്ലാതെ നടത്തുന്ന ഏതൊരു പ്രവര്‍ത്തനത്തിനും ഭാവിതലമുറയുടെ സഹായസഹകരണങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഭൂതകാലത്തിന്റെ വിജയഗാഥകള്‍ ഭാവിതലമുറകള്‍ക്കുകൂടി നേട്ടങ്ങളാക്കി മാറ്റുക എന്ന പരമപ്രധാനമായ ഉത്തരവാദിത്വം വര്‍ത്തമാനകാലത്തിന്റേതാണല്ലോ. 

ഇത്തരത്തിലുള്ള, ബൗദ്ധികവും, അക്കാദമികതലത്തിലുള്ളതുമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്നത് വളരെ പ്രധാനമായ ഒരു കാര്യമാണ്. ഓള്‍ ഇന്ത്യ തലത്തില്‍ തന്നെ ക്രിയേറ്റീവ് ഇക്കോണമിയുടെ പഠനത്തിനും, സര്‍ഗാത്മകനഗര സാധ്യതകളുടെ വിപുലീകരണത്തിനും (ഏകോപനത്തിനും) ആയി ഒരു പഠനകേന്ദ്രം, അഥവാ ചെയര്‍ തുടങ്ങുക എന്നതും ഈ അവസരത്തില്‍ ഒരു പ്രധാന ആവശ്യമായി കാണാവുന്നതാണ്. ദേശീയ, സംസ്ഥാനതലത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അത്തരമൊരു സംവിധാനത്തിന് തയ്യാറായാല്‍, അതിനുള്ള എല്ലാ പിന്തുണയും, സഹായവും നല്‍കാന്‍ സംസ്ഥാന ഗവര്‍മെന്റ് തയ്യാറാവും എന്ന് മാത്രമല്ല, കോഴിക്കോട്, തൃശ്ശൂര്‍ തുടങ്ങി, ഇന്ത്യയിലെ തന്നെ എല്ലാ സര്‍ഗാത്മക നഗരങ്ങളുടെയും സഹായവും ഉണ്ടാവും എന്നാണ് കരുതേണ്ടത്. ഇത്തരം പഠന കേന്ദ്രങ്ങള്‍ പല വിദേശരാജ്യങ്ങളിലുമുണ്ട് എന്നതും, അത്തരമൊരു സംരഭത്തിന് യുനെസ്‌കോ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ഉണ്ടാവും എന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 

കോഴിക്കോട് നഗരത്തിന്റെ സാഹിത്യപരവും, സാംസ്‌കാരികവുമായ വലിയ പൈതൃകത്തിന്റെ സാമ്പത്തികവും രചനാപരവുമായ ഭാവി മുന്നേറ്റത്തിന് യുനെസ്‌കോവിന്റെ പ്രഖ്യാപനവും അതോടനുബന്ധിച്ചുള്ള തുടര്‍പ്രവര്‍ത്തനങ്ങളും സഹായകമാകും എന്ന് പ്രതീക്ഷിക്കാം. 

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ലേഖകന്‍.


 

Content Highlights: Kozhikode became city of literature what should be included in discussions