അശ്വതിയെ ആദ്യമായി അടുത്തുകാണുകയാണെന്ന ഭാവമൊന്നും സിതാരയിലില്ലായിരുന്നു

സിതാര വളരെ തിരക്കുള്ള ഒരു എക്‌സിക്യുട്ടീവായതുകൊണ്ടുതന്നെ അശ്വതിയെയും കൂട്ടി വീട്ടിലേക്ക് വരുന്ന കാര്യം ഞാൻ മുൻകൂട്ടി അറിയിക്കുകയാണ് ആദ്യം ചെയ്തത്. അശ്വതി വരുന്നുവെന്നറിഞ്ഞപ്പോൾ സിതാരയ്ക്ക് വലിയ സന്തോഷമായിരുന്നു. അവൾക്ക് ഒഴിവുള്ള ദിവസം വരണമെന്ന് മുൻകൂട്ടി പറഞ്ഞതിനാൽ ഞാൻ യാത്ര അതിനനുസരിച്ചാണ് പ്ലാൻ ചെയ്തത്. ഞാനും ശേഖറും അശ്വതിയും മൂന്നാലു മണിക്കൂർ യാത്ര ചെയ്ത് അവിടെയെത്തി. അനുജത്തിയെ ആദ്യമായി അടുത്തുകാണുകയാണെന്ന ഭാവമൊന്നും സിതാരയിലില്ലായിരുന്നു. ഏറെക്കാലം മുമ്പേ തന്നെ തനിക്കൊപ്പമുള്ളയാൾ എന്ന മട്ടിൽ സിതാര അശ്വതിയോട് ഇടപഴകുന്നത് ഞാൻ നോക്കിനിന്നു. പ്രത്യക്ഷത്തിൽ രണ്ടുപേരും തമ്മിൽ സ്‌നേഹപ്രകടനങ്ങളൊന്നുമില്ല. എം.ടിയുടെ മിതത്വം രണ്ടുപേർക്കും സംസാരത്തിൽ വീതിച്ചു കിട്ടിയിട്ടുണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിലായിരുന്നു. ഞങ്ങൾ ഒന്നിച്ചായിരുന്നു ഭക്ഷണം പാകം ചെയ്തത്. ഭക്ഷണ കാര്യത്തിൽ രണ്ടു പെൺകുട്ടികൾക്കും അച്ഛന്റെ അതേ താൽപര്യങ്ങൾ. രണ്ടുപേരും ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്നവർ. ന്യൂയോർക്കിൽ എത്തിയതിന്റെ പിറ്റേ ദിവസം ഞാൻ അശ്വതിയെയും കൂട്ടി നഗരം കാണാനിറങ്ങി. സിതാരയ്ക്ക് അന്ന് ജോലിക്കു പോകേണ്ടതുണ്ടായിരുന്നു. ഞങ്ങൾ സിനിമയൊക്കെ കണ്ടാണ് തിരികെ വന്നത്. മൂന്നുദിവസം അവിടെ താമസിച്ചു. ആ ദിവസങ്ങളിലെല്ലാം ഞാനീ സഹോദരിമാരെ മാറിനിന്ന് നിരീക്ഷിക്കുകയായിരുന്നു. രണ്ട് അമ്മമാരുടെ മക്കളാണെങ്കിലും പൊതുവായ സ്വഭാവമെല്ലാം എം.ടിയുടേതാണ്. സിനിമയും പുസ്തകവും ഭക്ഷണവുമാണ് പ്രധാന ഇഷ്ടങ്ങൾ. വ്യക്തിബന്ധങ്ങളോട് ഒരു തരത്തിലുമുള്ള അധികപ്രകടനങ്ങളുമില്ല. സ്‌നേഹവും ദേഷ്യവും പുറമേക്ക് കാണിക്കില്ല. ജീവിതത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ എം.ടിയുടെ സ്വഭാവം ഈ മക്കളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരിക്കാം. ദശാബ്ദങ്ങളായി ഈ രണ്ടു പെൺകുട്ടികളും എന്റെ സുഹൃത്തുക്കളായിരിക്കുന്നതിനാൽ ആ അഭിപ്രായത്തിൽ എനിക്കൊരു മാറ്റവും വരുത്തേണ്ടി വന്നിട്ടില്ല.
വർഷങ്ങൾ കഴിഞ്ഞ് എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ 'സാരസ്വതം' ഞാൻ വായിക്കാനിടയായി. സിതാരയുടെ വിവാഹസത്ക്കാരം നടക്കുന്ന ദിവസം രാവിലെ എം.ടി അശ്വതിയോട് ഒരു സഹോദരിയുണ്ടെന്ന കാര്യം പറഞ്ഞതും അവളുടെ വിവാഹസത്ക്കാരത്തിൽ പങ്കെടുക്കാൻ ഒപ്പം കൂട്ടിക്കൊണ്ടുപോയതും റിസപ്ഷൻ വേദിയിൽ വെച്ച് അശ്വതി സഹോദരിയെ പരിചയപ്പെട്ടതുമൊക്കെ സരസ്വതി എഴുതിയിട്ടുണ്ട്. അതുവായിക്കുമ്പോൾ ഞാൻ ഓർത്തത് ഈ സന്ദർഭമായിരുന്നു. സിതാരയ്‌ക്കോ അശ്വതിക്കോ രണ്ടുഭാവങ്ങളില്ലായിരുന്നു. ചില ശരീരഭാഷകളിൽ എം.ടിയുടെ അംശങ്ങൾ പ്രകടമായിരുന്നു രണ്ടുപേരിലും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ പുറമേയ്ക്ക് നോട്ടത്തിലും മൗനത്തിലും എം.ടി പുലർത്തുന്ന ഒരുതരം നിഷ്ഠയുണ്ട്. അത് പല വ്യത്യസ്ത സന്ദർഭങ്ങളിലായി ഈ രണ്ടുപെൺകുട്ടികളിലും എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. തിരികെ വീട്ടിലെത്തിയ ശേഷം എം.ടിയെ വിളിച്ച് ഈ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഞാൻ വിവരിക്കാൻ പോയില്ല. എം.ടി എന്നെ വിളിച്ച് അന്വേഷിച്ചിട്ടുമില്ല. സിതാരയുടെ അടുക്കൽ അശ്വതിയെ കൊണ്ടുപോകണം എന്നു പറഞ്ഞു, അതു അനുസരിച്ചു. അതിനപ്പുറം എന്തുണ്ടായി എന്ന് എം.ടിക്കും അറിയേണ്ടതില്ല. മക്കളിലും എം.ടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.