ജോൺ ഹാരിസന്റെ എൺപത്തിയൊന്നും ലീലാവതി ടീച്ചറുടെ തൊണ്ണൂറ്റിയെട്ടും; ബുക്കർ പ്രൈസും മഹാഭാരതവും!

എം. ജോണ്‍ ഹാരിസണ്‍, ഡോ. എം ലീലാവതി
എം. ജോണ്‍ ഹാരിസണ്‍, ഡോ. എം ലീലാവതി

സാഹിത്യത്തിനുള്ള 2026-ലെ ബുക്കർ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പ്രസ്തുത വാർത്തയിൽ പ്രധാനമായും നിറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു. എൺപത്തിയൊന്നാം വയസ്സിലാണ് ബ്രിട്ടീഷ് എഴുത്തുകാരനായ എം. ജോൺ ഹാരിസണ് (M. John Harrison) പുരസ്‌കാരം ലഭിച്ചതെന്നതിനും ബുക്കർ സമ്മാനം ഏറ്റവും മുതിർന്ന പ്രായത്തിൽ ലഭിക്കുന്ന സാഹിത്യകാരനായി അദ്ദേഹമെന്നതുമായിരുന്നു ആദ്യ വാർത്താപ്രാധാന്യം. രണ്ടാമത്തെ പ്രാധാന്യം പുരസ്‌കാരത്തിനർഹമായ നോവൽ (The End of Everything) ഒരു സയൻസ് ഫിക്ഷൻ ആണെന്നതായിരുന്നു. നവംബർ ഒൻപതാം തീയതി ഇക്കൊല്ലത്തെ ബുക്കർ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തികച്ചും ആകസ്മികമെന്നോണം പറയട്ടെ, ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം 2026-ൽ ഒരു മലയാളി തൊണ്ണൂറ്റിയെട്ടാം വയസ്സിൽ എഴുതിയ പുസ്തകമായിരുന്നു. പ്രൊഫസ്സർ എം. ലീലാവതി എഴുതിയ 'ഭാരതാലോകം' എന്ന പുസ്തകം. കുറച്ചുമാസങ്ങൾക്കു മുൻപ് ഈ പംക്തിയിൽ എങ്ങനെയായിരിക്കണം ഒരാൾ വാർദ്ധക്യത്തിൽ ജീവിക്കേണ്ടത് എന്ന വിഷയത്തെക്കുറിച്ച് എഴുതിയിരുന്നു. 'ഭാരതാലോകം' എന്ന പുസ്തകം എന്റെ അന്വേഷണത്തിനുള്ള മറുപടിയായി ഇതാ മുന്നിലിരിക്കുന്നു. ജോൺ ഹാരിസൺ ലോകത്തെ ഞെട്ടിച്ചതിനേക്കാൾ കൂടുതൽ ആശ്ചര്യാഹ്ളാദങ്ങളാൽ ലീലാവതിടീച്ചർ എന്നെ ഞെട്ടിച്ചിരിക്കുന്നു. ഇത്രയും പ്രകാശമാനമായ വാർദ്ധക്യമനുഭവിച്ച മറ്റൊരു മലയാളി ഉണ്ടാകാനിടയില്ല. ആരോടും, അവനവനോടുപോലും കാലുഷ്യമില്ലാത്ത, ആത്മരതിയില്ലാത്ത, വെളിച്ചം നിറഞ്ഞ വാർദ്ധക്യത്തിന്റെ മഹനീയ മാതൃക. ജ്ഞാനതൃഷ്ണയുടെ വിമലാകാശത്തിനു കീഴിൽ ഒരു തരം ധൃതികളും അലട്ടാത്ത ഒരു ധിഷണാജീവിതത്തിനു മാത്രമേ തൊണ്ണൂറ്റിയെട്ടാം വയസ്സിൽ ഇങ്ങനെയൊരു മഹാഭാരത പര്യടനത്തിന് ഇറങ്ങിപ്പുറപ്പെടാൻ കഴിയൂ.

മലയാളം എന്ന ഭാഷയിൽ എഴുതിയതുകൊണ്ടാണ്‌, ജോൺ ഹാരിസന്റെ എൺപത്തിയൊന്ന് ലോകം അറിഞ്ഞതുപോലെ, ലീലാവതിടീച്ചറിന്റെ തൊണ്ണൂറ്റിയെട്ട് ലോകം അറിയാത്തത്. എന്നാൽ, എം. ലീലാവതിയുടെ ലോകമെന്നത് മലയാളഭാഷാലോകമാണെന്ന ഉത്തമബോധ്യം ഉള്ളതിനാൽ അതിനുപുറത്തുള്ള ലോകം അറിഞ്ഞില്ല എന്ന പരിഭവവും ആ വന്ദ്യമനീഷിയെ അലട്ടുന്നില്ല.

Content Highlights: S. Gopalakrishnan, M John Harrison, M Leelavathy, Booker Prize, Mahabharatham

Continue reading