ഇറാക്കിൽ അവർ ജൂതരായിരുന്നു, ഇസ്രയേലിൽ ഇറാക്കികളും; അവി ഷ്ലെയിമിന്റെ വേറിട്ട വീക്ഷണം

സര്‍വ്വനാശശക്തിയുള്ള ആധുനിക യുദ്ധസന്നാഹങ്ങള്‍ കേരളത്തിന്റെ ഭൂമിയിലോ ആകാശത്തോ വെള്ളത്തിലോ നടന്നിട്ടില്ല. മലയാളികളായ പട്ടാളക്കാരെ ഒഴിച്ചുനിര്‍ത്തിയാല്‍, യുദ്ധരംഗത്തുപെട്ടുപോയ പ്രവാസികളായ മലയാളികളെ ഒഴിച്ചുനിര്‍ത്തിയാല്‍, ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ചിന്തകളിലും വ്യവഹാരങ്ങളിലും ഒരു യുദ്ധമുണ്ടാക്കുന്ന ദുരന്തത്തിന്റെ സ്വാനുഭവവേദനയുടെ കുറവുണ്ട്. അതിനാല്‍ മലയാളികളില്‍ ഒരു വിഭാഗം ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന കൂട്ടക്കുരുതികളെ അനുകൂലിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിക്കൊണ്ടേയിരിക്കുന്നു. ജൂതന്മാര്‍ ഇസ്രയേലിനെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ നിന്നും മലയാളിവ്യവഹാരങ്ങളെ വ്യത്യസ്തമാക്കുന്ന ഘടകം എന്താണെന്ന് ഒന്നാലോചിച്ചുനോക്കൂ. അത് ഈ സംഘര്‍ഷത്തില്‍ ജൂതരെ സംബന്ധിച്ചിടത്തോളം അവരുടെ വേണ്ടപ്പെട്ടവരുടെ ചോരയുണ്ട് എന്നതാണ്. കണ്ണില്‍ ചോരയില്ലാത്തവര്‍ എന്ന ഒരു ഭാഷാപ്രയോഗം മലയാളത്തിലുണ്ട്. അതിനൊരുദാഹരണം കുഞ്ഞുങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കുവാന്‍ പറ്റുംവിധം ഇസ്രയേല്‍ മാറിയിരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടു പ്രധാന ചിന്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നത്.
ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വലിയ ദാര്‍ശനികരിലൊരാളാണ് ജോര്‍ജോ അഗമ്പന്‍ (Giorgio Agamben). ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തീയതി അദ്ദേഹം 'ജൂദായിസത്തിന്റെ അന്ത്യം' എന്ന പേരില്‍ ചെറിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതേക്കുറിച്ചു പറഞ്ഞുകൊണ്ട് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നത് ജൂതനും ചരിത്രകാരനുമായ അവി ഷ്ലെയിം (Avi Shlaim) ജൂതജനതയോട് ഇസ്രയേല്‍ ചെയ്ത കുറ്റങ്ങള്‍ നിരത്തുന്നിടത്തേക്കാണ്. അതിനാല്‍ എന്റെ ഈ ലേഖനത്തിന്റെ ശ്രദ്ധാകേന്ദ്രം പാലസ്തീന്‍ ജനതയോ ലെബനന്‍ ജനതയോ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ദുരന്തങ്ങളോ അല്ല, ഇസ്രയേല്‍ ആണ് എന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ.
Content Highlights: s gopalakrishnan column azhchappadukal jews and existential crisis