അടിയന്തരാവസ്ഥ, ശേഷം മതദേശീയത: മയക്കുവെടി കൊണ്ട വളര്‍ത്തുമൃഗമായി പൗരസമൂഹം ഉറങ്ങുന്ന നിദ്രാവര്‍ത്തം

ചില ഓര്‍മ്മകള്‍ മായാതെ നില്‍ക്കും. കല്ലില്‍ കൊത്തിയ അശോകലിഖിതം പോലെ. വ്യക്തിപരമായ അത്തരം ഒരോര്‍മ്മയോടുകൂടി തുടങ്ങട്ടെ. അമേരിക്കയിലെ റാഡിക്കല്‍ ഫെമിനിസ്റ്റായ കരോള്‍ ഹനെഷ് 1970-ലാണ് Personal is political എന്ന ലേഖനമെഴുതിയത്. 'വ്യക്തിപരമായതെല്ലാം രാഷ്ട്രീയമാണ്' എന്ന ആശയസമ്പുഷ്ടവാചകം അതിനുശേഷം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഹനെഷ് അതെഴുതി അഞ്ചുകൊല്ലങ്ങള്‍ക്കുശേഷം എന്റെ ജീവിതത്തില്‍ നടന്ന ഒരു കാര്യമാണ് ഇന്നത്തെ ദിവസം, അതായത് 2025 ജൂണ്‍ 26 ന് പ്രസക്തമാകുന്നത്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന എന്റെ ജീവിതത്തിലെ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ എഴുത്തിനിരുത്ത് നടന്ന ദിവസമായിരുന്നു 1975 ജൂണ്‍ 26. കോട്ടയത്ത് തിരുനക്കര മൈതാനത്തില്‍ ഗാന്ധിപ്രതിമയ്ക്കടുത്തുള്ള ന്യൂസ്സ്റ്റാന്‍ഡില്‍ നിന്നും അന്നിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രം തുറന്നുകാട്ടി അച്ഛന്‍ എന്നോടുപറഞ്ഞു, 'ഇന്ദിരാഗാന്ധി തെറ്റാണ് ചെയ്തത്'. പത്രത്തിന്റെ ഒന്നാം പേജിലെ ജയപ്രകാശ് നാരായണന്റെ പടം കാണിച്ചിട്ട് അച്ഛന്‍ പറഞ്ഞു, എല്ലാ നേതാക്കളേയും തടവിലാക്കി, രാജ്യത്ത് അടിയന്തരാവസ്ഥയാണ്'. വ്യക്തിപരമായ ആ അനുഭവമാണ് പില്‍ക്കാലത്തെ എന്റെ രാഷ്ട്രീയബോധ്യങ്ങളെ, പൗരാവകാശധാരണകളെ രൂപപ്പെടുത്തിയത്. ഗാന്ധിപ്രതിമ അതിനു സാക്ഷി. എന്നെപ്പോലെ എത്രയോ പേര്‍ക്ക് അടിയന്തരാവസ്ഥ പൗരാവകാശത്തിന്റെ റഫറന്‍സ് പോയിന്റായി ഇന്നും തുടരുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വടക്കേയിന്ത്യയിലെ ജനങ്ങള്‍ ഇന്ദിരാഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ മാന്യനായ മുഖ്യമന്ത്രി അച്യുതമേനോന്റെ പിന്നില്‍ അണിനിരന്ന് ഉത്തരേന്ത്യയിലെ ജനാധിപത്യധ്വംസകര്‍ക്ക് പിന്തുണയേകി. പോലീസ് പിടിച്ചുകൊണ്ടുപോയ സ്വന്തം മകനെ അന്വേഷിച്ചുനടന്ന് പരാജയപ്പെട്ട ഗുരുകാര്‍ന്നോര്‍ ഈച്ചരവാര്യരുടെ അശാന്തയാത്മാവ് പരലോകത്തില്‍ വിശ്വസിക്കാതിരുന്ന മാന്യനായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ചിതാഭസ്മത്തില്‍ ഇപ്പോഴും ചുഴലിക്കാറ്റായി കറങ്ങുന്നുണ്ടാകണം. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ ജനങ്ങള്‍ കേരളസര്‍ക്കാരില്‍ സംതൃപ്തരായിരുന്നു. അതുവഴി അന്നത്തെ അടിയന്തരാവസ്ഥയെ ഭൂരിപക്ഷം മലയാളികളും പിന്തുണയ്ക്കുകയായിരുന്നു. അങ്ങകലെ സ്റ്റാലിന്‍ഗ്രാഡില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ലിയനിദ് ബ്രെഷ്‌നേവും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയില്‍ സന്തുഷ്ടനായിരുന്നു.
Content Highlights: s gopalakrishnan column azhchappadukal emergency period indira gandhi