ക്രാസ്‌നഹോര്‍ക്കയി കേരളത്തിലെ ജനാധിപത്യവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാരോട് പറയുന്നത്

ലാസ്ലോ ക്രാസ്‌നഹോര്‍ക്കയി എന്ന് എഴുതാനാണ് ആ പേര് പറയുന്നതിനേക്കാള്‍ എളുപ്പം. തകഴി ശിവശങ്കരപ്പിള്ള ഡല്‍ഹിയില്‍ വരുമ്പോള്‍ അദ്ദേഹം അനുഭവിച്ചിരുന്ന സ്വത്വപ്രതിസന്ധി സ്വന്തം പേര് എല്ലാവരും തകസി എന്ന് ഉച്ചരിക്കുന്നതായിരുന്നു. ദ്രാവിഡത്തിനു പുറത്തും മഴ പെയ്യുമായിരുന്നെങ്കിലും അവര്‍ക്ക് മഴയിലെ 'ഴ' പറയാന്‍ കഴിയില്ലല്ലോ.
ഹിറ്റ്ലറുടെ ജൂതവേട്ടയ്ക്ക് ഇരയാകാതെ ലാസ്ലോ ക്രാസ്നഹോർക്കയിയുടെ അച്ഛനെ രക്ഷപ്പെടുത്തിയത് ആ പേരാണ്. സർവ്വസാധാരണമായ ഒരു ജൂതനാമധേയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെങ്കിൽ ഒരു പക്ഷേ 2025 ലെ സാഹിത്യത്തിനുള്ള 2025 ലെ നോബൽ സമ്മാനം വാങ്ങാൻ ഇങ്ങനെയൊരു മകൻ ഉണ്ടാകുമായിരുന്നില്ല. ഒരു പേരിലെന്തിരിക്കുന്നു എന്ന സാധാരണലഘുത്വം എല്ലായിടത്തും ശരിയായിക്കൊള്ളണമെന്നില്ല.