നെതന്യാഹു, ബിന്‍ ലാദന്‍, മോഹന്‍ ഭാഗവത്, അരുന്ധതി റോയി, കാള്‍ മാക്‌സ്, ആറ്റന്‍ബറോ.... കൃത്രിമബുദ്ധിയിലെ ഗാന്ധിയ്‌ക്കൊപ്പം!

‘ശമമേ ശീലിച്ചെഴും സിംഹം’ എന്ന് വള്ളത്തോള്‍ നാരായണമേനോന്‍ എന്ന കവി അദ്ദേഹത്തിന്റെ ഗുരുനാഥനായ ഗാന്ധിജിയെക്കുറിച്ചെഴുതി. ഗാന്ധിജയന്തി പ്രമാണിച്ച് ഞാന്‍ കൃത്രിമ-നിര്‍മ്മിതബുദ്ധിയായ ChatGPT യോട് ഒരു കുസൃതിച്ചോദ്യം ഉന്നയിച്ചു, ശമം (മനോനിയന്ത്രണം) ശീലിച്ച ഒരു സിംഹം സാദ്ധ്യമാണോ ? അഹിംസാവാദിയായ സിംഹം സാദ്ധ്യമാണോ?
എന്റെ ചോദ്യത്തിലെ, ഭാഷയിലെ, കുസൃതി മനസ്സിലാക്കാതെയോ, എന്റെ ചോദ്യത്തില്‍ അങ്ങനെയൊരു കുസൃതിയൊന്നുമില്ല എന്നുതിരിച്ചറിഞ്ഞോ, നിര്‍മ്മിതബുദ്ധി ശമത്തോടെ, എന്നാല്‍ ഗൗരവബുദ്ധ്യാ, മറുപടി പറഞ്ഞു: 'വന്യത സിംഹത്തിന് അതിന്റെ സ്വാഭാവിക ജീവിത പരിസരത്തെ അതിജീവനത്തിനും പ്രജനനത്തിനും ആവശ്യമാണ്. മനുഷ്യന്‍ കൂട്ടിലിട്ടുവളര്‍ത്തുന്ന സിംഹത്തിനുമാത്രമേ ശമം ശീലിക്കാന്‍ കഴിയൂ, അഹിംസ ജീവിതശീലമാക്കാന്‍ കഴിയൂ'.