അരയ്ക്കുതാഴെ പൊതിഞ്ഞാണ് എന്നെ എടുത്തിരുന്നത്, സഹതാപ നോട്ടങ്ങള്‍ ആരവങ്ങളില്‍ നിന്ന് എന്നെ അകറ്റി

വീടിനടുത്തൊരു ദേവീക്ഷേത്രമുണ്ട്. മീനമാസത്തിലാണ് അവിടെ ഉത്സവം കൊടിയേറുന്നത്. അവിടുത്തെ പാട്ടും മേളവുമെല്ലാം വീട്ടില്‍ ഇരുന്നാല്‍ കേള്‍ക്കാം. തെക്കേ പറമ്പിലെ ചില്ലിത്തെങ്ങിലാണ് അമ്പലത്തിലെ ഉച്ചഭാഷിണി വച്ചുകെട്ടിയിരിക്കുന്നത്. ഏഴു ദിവസങ്ങളിലായി ഇടതടവില്ലാതെ അതില്‍നിന്നും കേള്‍ക്കുന്ന ഗാനങ്ങളും സിനിമാഗാനങ്ങളും കേട്ട് ഞാനങ്ങനെ മതിമറന്നിരിക്കും. അമ്പലത്തിലെ പറയെടുപ്പിന് നാട്ടിലൊക്കെ ആനയെയും കൊണ്ടിറങ്ങുന്നത് ഒരു കാഴ്ചതന്നെയാണ്. വെളിച്ചപ്പാടും ശിങ്കിടികളും പിന്നെ ഒരുപറ്റം കുട്ടികളും ആനയുടെ പിന്നാലെ ഉണ്ടാകും. ദേവിയുടെ തിടമ്പേറ്റി നാട്ടിടവഴികളും കൈത്തോടുകളും നീന്തിക്കടന്ന് ഓരോ വീട്ടുമുറ്റത്തും വന്ന് വീട്ടുകാര്‍ കാഴ്ചവെക്കുന്ന ശര്‍ക്കരയും കദളിപ്പഴവും കഴിച്ച് കൊമ്പന്‍ തലയുയര്‍ത്തി നില്‍ക്കും. ആരുടെയെങ്കിലും വീട്ടുമുറ്റത്ത് ആന അല്‍പനേരം കൂടുതല്‍ നിന്നാല്‍ അത് ദേവിക്ക് പ്രിയപ്പെട്ടവരുടെ വീടാണെന്ന് അന്നാട്ടിലെ ആളുകള്‍ വിശ്വസിച്ചു. എന്റെ വീട്ടിലും വരുമായിരുന്നു പറയെടുക്കാന്‍. ഉത്സവം തുടങ്ങുന്നതിനും ഏഴുദിവസം മുന്‍പ് മുതല്‍ വ്രതമെടുത്ത് വീട്ടുകാര്‍ നോക്കിയിരിക്കും. തിടമ്പുമേറ്റി മുറ്റത്ത് വന്നുനില്‍ക്കുമ്പോള്‍ അപ്പൂപ്പന്‍ തുമ്പിക്കയ്യിലൊക്കെ കളഭവും ഭസ്മവും തേച്ചുകൊടുക്കുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ദേവിയും തിടമ്പേറ്റിയ ആനയും അപ്പൂപ്പന്റെ സ്വന്തം ആളുകളാണെന്ന മട്ടിലായിരുന്നു അപ്പൂപ്പന്റെ പെരുമാറ്റം.
ഉത്സവമയാല്‍ ആ പ്രദേശമാകെ തിരക്കായിരിക്കും. സന്ധ്യയാകുമ്പോള്‍ ആ നാടാകെ വെളിച്ചം നിറയും. പല നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് വഴിയിലൂടെ പോകുന്ന സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കാണാം. നാടകവും ബാലെയുമൊക്കെ കാണാന്‍ പോകുന്ന പ്രായമായ അമ്മമാരും അവരുടെ കെട്ടിയോന്മാരും ഓരോ പുതപ്പോ പ്ലാസ്റ്റിക് വിരിപ്പോ കയ്യില്‍ പിടിച്ച് ടോര്‍ച്ചും തെളിച്ചുകൊണ്ട് നടന്നുപോകുന്നുണ്ടാകും. വീട്ടിലിരുന്നു ഞാന്‍ പുരാണനാടകം കേള്‍ക്കാറാണ് പതിവ്. നാടകം തീരുന്നത് വരെ ഞാന്‍ ഉറങ്ങാതിരിക്കും. ഉച്ചഭാഷണിയില്‍ നിന്നും കേള്‍ക്കുന്ന ശബ്ദത്തിനൊപ്പം ഞാന്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. എന്റെ കണ്മുന്നില്‍ കാണുന്നതുപോലെ ഞാന്‍ ആസ്വദിച്ചു. അതിലെ സീതയും അഹല്യയും പാര്‍വതിയും ഒക്കെ ഞാനാണെന്ന് സങ്കല്‍പ്പിച്ച് അവര്‍ സഞ്ചരിച്ച കാടും മേടും മലകളുമൊക്കെ ഞാനും ചുറ്റി നടന്നു.
അക്കാലത്ത് പൊതുചടങ്ങുകള്‍ക്കൊന്നും എന്നെ കൊണ്ടുപോകുമായിരുന്നില്ല. അത്യാവശ്യത്തിനു പോയാലും അരയ്ക്ക് കീഴ്‌പോട്ട് തുണികൊണ്ട് പൊതിഞ്ഞാണ് അച്ഛനമ്മമാര്‍ എന്നെ എടുത്തിരുന്നത്. പിന്നീട് കൃത്രിമക്കാലുവെച്ച് നടക്കാന്‍ തുടങ്ങിയ കാലത്ത് ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ സമ്മാനിച്ച അപകര്‍ഷതാബോധവും അന്തര്‍മുഖത്വവും ആഘോഷങ്ങളില്‍ നിന്നും ആരവങ്ങളില്‍ നിന്നും എന്നെ അകറ്റി. എന്നിട്ടും ഒരിക്കല്‍ എന്റെ ആഗ്രഹപ്രകാരം ഞങ്ങള്‍ ഉത്സവം കാണാന്‍ പോയി. ഒരു നാട്ടിടവഴിയും രണ്ടു മരപ്പാപാലവും കടന്നുവേണം അമ്പലത്തിലെത്താന്‍. അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് പതിയെ നടന്നു അമ്പലത്തിലെത്തി. വര്‍ണാഭമായ അന്തരീക്ഷം വളക്കച്ചവടക്കാരും ബലൂണ്‍ വില്പനക്കാരും പലഹാരം വില്‍ക്കുന്നവരും പൂക്കാരികളും ഒക്കെ അവിടവിടെയായി ഇരിക്കുന്നുണ്ടായിരുന്നു.
Content Highlights: remya thuravoor autobiography pathiyatha kalppadukal memories of a temple festival