തിരക്കില്‍ തെറിച്ചുപോയ കാല്‍, എനിക്കത് റോഡില്‍ വിവസ്ത്രമായി കിടന്ന എന്റെ അരക്കെട്ടും തുടയുമായിരുന്നു

#രമ്യ തുറവൂര്‍
രമ്യ തുറവൂര്‍
രമ്യ തുറവൂര്‍

ഹോസ്റ്റല്‍ വാര്‍ഡനോടുള്ള തര്‍ക്കങ്ങള്‍ക്കുശേഷം അവിടുള്ള മറ്റു കന്യാസ്ത്രീകള്‍ ആരും തന്നെ എന്നോട് മിണ്ടാതായി. പക്ഷേ, അവിടുത്തെ മറ്റു പെണ്‍കുട്ടികള്‍ എന്നോട് സ്‌നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. അന്ന പോയതിനുശേഷം ആ മുറിക്കുള്ളില്‍ ഞാനൊറ്റയ്ക്കായിരുന്നു. ഒരു തരത്തില്‍ ഒറ്റയ്ക്കുള്ള ജീവിതം എനിക്ക് ആശ്വാസമായിരുന്നു. എന്റെ സ്വകാര്യതയിലേയ്ക്ക് മറ്റാരും കടന്നുവരാതിരിക്കാനും ഞാന്‍ ആഗ്രഹിച്ചു. ഒഴിവുദിവസങ്ങളില്‍ കൂടുതല്‍ സമയവും പുസ്തകവായനയില്‍ മുഴുകി. ചിലപ്പോഴൊക്കെ കവിതകളെഴുതി. വിശാലമായ കോളേജ് കാമ്പസ്സിന്റെ പിന്നിലായിരുന്നു ഹോസ്റ്റല്‍ സ്ഥിതിചെയ്തിരുന്നത്. ഹോസ്റ്റലിന്റെ മുന്നിലെ മതിലില്‍ ചാരിയിരുന്ന് കാമ്പസിലെ വാകമരങ്ങളെയും അക്കേഷ്യാ മരങ്ങളെയും നോക്കി ഞാന്‍ ഏറെ നേരമിരുന്നു. കോളേജിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ കുറിച്ചോര്‍ത്തു. അവിടെയിരുന്നാല്‍ അനാഥാലയത്തിന്റെ കെട്ടിടത്തിന്റെ മൂന്നാം നില കാണാം. അപ്പോളൊക്ക മനു എന്റെ ഓര്‍മയിലേക്ക് കടന്നുവന്നു. അവന്‍ അവിടെ നിന്ന് എന്നെ നോക്കുന്നുണ്ടാകുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. അവനെ കാണാന്‍ അതിയായ ആഗ്രഹം തോന്നുമായിരുന്നു. 

 അന്ന പോയതിനുശേഷമാണ് ഞാന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോകാന്‍ തുടങ്ങിയത്. അവിടെ ചെന്ന് കുട്ടിയമ്മയോട് കൂട്ടുകാരുടെ വിശേഷങ്ങളൊക്കെ പറഞ്ഞ് അവരുടെ മടിയില്‍ കുറേനേരം കിടക്കുമായിരുന്നു. ഇന്നും ഞാനൊരു ഭൂതകാലത്തിന്റെ തടവുകാരിയാണ്. ഒറ്റയ്ക്കിരിക്കുന്ന നേരത്തെല്ലാം നിലവില്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയിക്കുമാറ് ഞാന്‍ ഭൂതകാലത്തില്‍ കെട്ടിക്കിടക്കാറുണ്ട്. വേദനിപ്പിക്കുന്നതാണെങ്കിലും ഞാന്‍ 
വീണ്ടും വീണ്ടും ഓര്‍മകളിലേക്കുതന്നെ നടക്കാറുണ്ട്.

Content Highlights: remya thuravoor autobiography pathiyatha kalppadukal hostel life

Continue reading