‘അപരിചിതൻ മാറിയെടുത്ത കൈക്കുഞ്ഞിനെ തിരികെ വാങ്ങുമ്പോലെ ഞാനതിനെ വാരിയെടുത്തു, മാറോടു ചേർത്തു’

തൂക്കണാംചെമ്പരത്തികൾ പൂത്തു ചാഞ്ഞു കിടക്കുന്ന വെള്ളമതിലായിരുന്നു അടയാളം. ചുവന്ന പാരച്യൂട്ടുകൾ പോലെ പൂക്കൾ കാറ്റിൽ പൊങ്ങിയും താഴ്ന്നും കളിച്ചു. ഓട്ടോറിക്ഷ ഗേറ്റിലെത്തുമ്പൊഴേയ്ക്കും കവി ഇറങ്ങി വന്നു. ഉത്സാഹപൂർവ്വം വരവേറ്റു. സഹധർമ്മിണിയും ചിരിയോടെ വരാന്തയിലേയ്ക്കു വന്നു.
ഒരു ഫയൽ ഞാൻ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട്. അതിൽ കുറേ കവിതകളുടെ ഫോട്ടോസ്റ്റാറ്റുകളാണ്. മെഷീനിലൂടെ കയറിയിറങ്ങിയ ആ കടലാസുകൾക്ക് ഇപ്പോഴും പ്രിന്റിന്റെ ഇളംചൂടുണ്ട്. അതോ പഴയ അക്ഷരവിസ്ഫോടനങ്ങളുടെ ഓർമ്മച്ചൂടോ?