നൂർ ജഹാന്റെ ജന്മശതാബ്ദി വിസ്മരിച്ച പാകിസ്താൻ, ജോഗൻ ചൗധുരി മരിച്ച ഇന്ത്യ; കലയും അതിർത്തിയും

ഇന്ത്യ ഒരു രാജ്യമാണെങ്കിലും ഇവിടെയുള്ളവർ ഒരൊറ്റ ജനത ആണെന്ന് പറയുക ബുദ്ധിമുട്ടാണ്. അങ്ങനെ പറയുന്നതിൽ ദേശാഭിമാന വിരോധിയായിട്ടൊന്നുമില്ല. വിവിധ ഭാഷകളിൽ, സംസ്കാരങ്ങളിൽ, വിശ്വാസങ്ങളിൽ, ആചാരങ്ങളിൽ, ഗോത്രങ്ങളിൽ, നിറങ്ങളിൽ, ആകാരങ്ങളിൽ, മത-ജാതികളിൽ, ഭൂപ്രകൃതികളിൽ രൂപപ്പെട്ടുവന്ന മനുഷ്യർ ഒരൊറ്റ ജനതയാണെന്ന് എങ്ങനെ പറയും? എന്നിട്ടും ഈ രാജ്യമണ്ഡലത്തിൽ താമസിക്കുന്നവർ ഇന്ത്യ എന്ന ഒരു വികാരം ഏതോ പൊതുവായ ഒരർത്ഥത്തിൽ, ഒരവ്യക്ത ജീവവായുവായി പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ, ലച്ചിത് ബോർ ഫൂക്കനോ ശങ്കര ദേവനോ ഭൂപൻ ഹസാരികയോ അസമിലെ ജനതയുടെ നായകബിംബങ്ങളാകുമ്പോൾ മലയാളികൾക്ക് അവരാരും അങ്ങനെയാകുന്നില്ല. നമ്മുടെ തൊട്ടയൽപക്കമായ തമിഴ്നാടിന് തിരുവള്ളുവർ എന്നോ സുബ്രഹ്മണ്യ ഭാരതിയെന്നോ തന്തൈ പെരിയാറെന്നോ കേൾക്കുമ്പോഴുള്ള തദ്ദേശീയതാവികാരം ആ പേരുകൾ കേൾക്കുമ്പോൾ മലയാളികൾക്കുണ്ടാകുന്നില്ലല്ലോ. യേശുദാസ്, എഴുത്തച്ഛൻ, മോയിൻകുട്ടി വൈദ്യർ, നാരായണഗുരു, അയ്യങ്കാളി എന്നീ പേരുകൾ കേൾക്കുമ്പോൾ പഞ്ചാബികൾക്കുണ്ടാകാത്ത ഒരു സാംസ്കാരിക അടുപ്പവും അഭിമാനവും മലയാളികൾക്കുണ്ടാകുന്നു. എന്തിനേറെ പറയുന്നു മലയാളികൾക്കിടയിൽതന്നെ മോയിൻകുട്ടി വൈദ്യർ എന്നു കേൾക്കുമ്പോഴുണ്ടാകുന്ന അഭിമാനവും എഴുത്തച്ഛൻ എന്നു കേൾക്കുമ്പോഴുണ്ടാകുന്ന വികാരവും രണ്ടാണല്ലോ.
ഇനി മറ്റൊരു തരം ദേശീയതാ ബിംബങ്ങളുമുണ്ട്. പുത്തൻ കൃത്രിമനിർമ്മിതികൾ. ഒരുദാഹരണം മാത്രം പറയാം. സ്വാതന്ത്ര്യസമരകാലത്തും പിന്നീടും ഗാന്ധി, നെഹ്റു, അംബദ്കർ, സരോജിനി നായിഡു, നേതാജി, ഭഗത് സിങ്, മൗലാന ആസാദ്, സർദാർ പട്ടേൽ എന്നൊക്കെയുള്ള പേരുകൾക്കൊപ്പം ഇന്ത്യക്കാർ മുഖ്യധാരയിൽ പറയാതിരുന്ന ഒരു പുതിയ പേര് കഴിഞ്ഞ കുറേ ദശകങ്ങളായി പ്രചുരപ്രചാരത്തിൽ വന്നു. അത് സവർക്കറുടേതാണ്. ദേശീയത എന്ന ആശയത്തിന് കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ പുതിയ ബിംബങ്ങളേയും ഉണ്ടാക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്.