‘ഇപ്പോൾ വൃദ്ധനായി മാറിയ അന്നത്തെ ചെറുപ്പക്കാരാ, ഇങ്ങനെ ആരെയും പറ്റിക്കരുത്’

ആയിരത്തിത്തൊള്ളായിരത്തി എൺപത്താറ് ഫെബ്രുവരിയിൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ കേരള സന്ദർശനം നടത്തുന്നു എന്ന വാർത്ത ആഹ്ലാദത്തോടെയാണ് കേരളം കേട്ടത്. ക്രൈസ്തവരെല്ലാം മാർപ്പാപ്പയുടെ വരവ് കാത്തിരിപ്പായി. അദ്ദേഹത്തെ കാണാൻ കോട്ടയത്തു പോവുക അന്നത്തെ സാഹചര്യത്തിൽ നടക്കുന്ന കാര്യമല്ല. എന്നാൽ മാർപ്പാപ്പയെ കാണുകയും വേണം. ഈ അത്യാഭിലാഷം ഒരു പുതിയ അതിഥിയെ വീട്ടിലെത്തിച്ചു. ടെലിവിഷൻ! ടി.വി അന്നൊരു അപൂർവ വസ്തുവായിരുന്നു. അതേക്കുറിച്ച് വലിയ പിടിപാടൊന്നും ആർക്കുമില്ല. അതുകൊണ്ടു തന്നെ ടി.വി. ഏതു വാങ്ങണം എന്നതു സംബന്ധിച്ച് അച്ഛൻ അറിവുള്ള പലരോടും അന്വേഷിച്ചു. തൃപ്തികരമെന്നു തോന്നിയ ഉത്തരം നൽകിയത് ക്യാപ്റ്റൻ ജയിംസായിരുന്നു. അയൽക്കാരനും അച്ഛൻ്റെ സുഹൃത്തും എൻ്റെ ചങ്ങാതി ജോൺസൻ്റെ അച്ഛനുമായ ഗബ്രിയേൽ മാഷിൻ്റെ അനുജനായിരുന്നു ക്യാപ്റ്റൻ ജയിംസ്. അദ്ദേഹവും കുടുംബവും മദ്രാസിൽനിന്ന് അവധിക്ക് നാട്ടിൽ വന്ന കാലമായിരുന്നു അത്.
കളർ ടിവി അന്ന് പ്രചാരത്തിലുണ്ട്. പക്ഷേ അത് കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട് എന്നൊരു മുൻവിധി പൊതുവിൽ പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക്. ബ്ലാക് ആൻഡ് വൈറ്റ് ടിവിയായിരിക്കും എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലത് എന്ന അഭിപ്രായമായിരുന്നു ഈ മുൻവിധിയിൽ വിശ്വസിച്ച ക്യാപ്റ്റനുമുണ്ടായിരുന്നത്. മാത്രമല്ല തങ്ങളുടെ ഡയനോര ബ്ലാക് ആൻഡ് വൈറ്റ് ടിവിയുടെ മാഹാത്മ്യം അദ്ദേഹം പങ്കുവെക്കുക കൂടി ചെയ്തതോടെ ബ്ലാക് ആൻഡ് വൈറ്റ് മതിയെന്ന് അച്ഛൻ തീർച്ചയാക്കി. കളറും ബ്ലാക് ആൻഡ് വൈറ്റും എന്തെന്നു പോലും പിടിയില്ലാത്ത ഞങ്ങൾ, മക്കൾ ഒരു ടിവി വീട്ടിലേക്കു വരുന്നതിൽ അത്യധികം ആഹ്ലാദിക്കുക മാത്രം ചെയ്തു.