മേതിൽ ആകാശത്തേക്കെറിഞ്ഞ പന്തുകൾ എവിടെ പോയി ?

താമസിക്കുന്ന ആറാം നിലയിലെ ബാൽക്കണിയിൽ നിന്നുകൊണ്ട് ഞാൻ കഴിച്ചുകൊണ്ടിരുന്ന പേരക്കായുടെ ബാക്കി താഴെ പാർക്കിലെ പുല്ലിൽ പുഴുക്കളെ തിരഞ്ഞുതിന്നുകൊണ്ടിരുന്ന പ്രാവുകൾക്കെറിഞ്ഞുകൊടുത്തപ്പോഴാണ് മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത്. പേരക്കാക്കഷണം ഞാൻ എറിഞ്ഞത് ഒരു പെൺപ്രാവിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ആൺ പ്രാവിന്റെ ശ്രദ്ധ തെറ്റിക്കാൻ കഴിയുമോ എന്ന ഉന്നം വെച്ചായിരുന്നു. എന്നാൽ എൻ്റെ ഉദ്ദേശത്തെ പരാജയപ്പെടുത്തി മധ്യവയസ്കനെന്ന് തോന്നിപ്പിച്ച പ്രാവ് കറുത്ത നിറമുണ്ടായിരുന്ന പെൺപ്രാവിനെ ബലാൽസംഗം ചെയ്‌തു. ആറാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഞാൻ ആ പ്രാവിനോട് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, 'കോകിലാ...നീ എന്തിന് അതനുവദിച്ചു കൊടുത്തു ? നിനക്ക് പറന്നു പോയ്കൂടായിരുന്നില്ലേ?' അതു കേൾക്കാത്ത മട്ടിൽ അവൾ ഞാനെറിഞ്ഞു കൊടുത്ത പേരക്കാമുറി കഴിച്ചു, എന്നിട്ട് പറന്നുപോയി. അകലെയേതോ പച്ചപ്പിൽ ആ പേരക്കായുടെ കുരു അവൾ കാഷ്ഠിക്കും. അവിടെ ഒരു പേരമരം വളരും. എൻ്റെ മകന് ഉണ്ടാകേണ്ടിയിരുന്ന കുഞ്ഞുങ്ങൾ ഭാവിയിലെ ഒരു നവംബറിൽ ആ മരത്തിലെ പേരക്ക കഴിക്കുന്നതെക്കുറിച്ച് ഞാൻ ആലോചിച്ചു. ബാൽക്കണിയിൽ എൻ്റെ ഉടൽ ഒരു ചൂഴ് നിലയായി.
ബാൽക്കണിയിൽ നിന്ന് തിരികേ മുറിയിലെത്തി പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു എന്തുകൊണ്ടായിരിക്കാം മേതിൽ രാധാകൃഷ്ണൻ എഴുത്തച്ഛനെപ്പോലൊരാളെ നിത്യാധുനികനെന്ന് വിളിച്ചതെന്ന്. ഹരിനാമകീർത്തനമെഴുതിയ എഴുത്തച്ഛൻ എന്ന് മേതിൽ ഊന്നിപ്പറഞ്ഞതായും എവിടെയോ വായിച്ചു. ഹരിനാമകീർത്തനം എഴുത്തച്ഛനാണോ എഴുതിയതെന്ന് തർക്കമുണ്ടല്ലോ. അങ്ങനെയൊരു തർക്കമുണ്ടല്ലോ എന്നൊരിക്കൽ ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ചോദിച്ചപ്പോൾ കവി പറഞ്ഞ മറുപടി 'ഹരിനാമകീർത്തനം എഴുതിയ ആളാണ് എഴുത്തച്ഛൻ' എന്നാണ്. ആ സൂക്ഷ്മബുദ്ധിയുടെ യുക്തിയിൽ ഞാൻ ആഹ്ളാദിച്ചു. കമ്പ്യൂട്ടറുകൾ അക്ഷരങ്ങളും വാക്കുകളും സംഖ്യകളും മനുഷ്യൻ വായിക്കുന്നതുപോലെയല്ല മനസ്സിലാക്കുന്നത്. മലയാളിയുടെ അക്ഷരമാലാക്രമത്തെ അടിസ്ഥാനമാക്കി അദ്വൈതത്തെ ഡീകോഡ് ചെയ്ത ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ അപാരമായ പ്രോഗ്രാമിങ്ങാണ് ചെയ്തത്. മനുഷ്യന്റെ ഭാഷാവ്യാകരണത്തിന് കംപ്യൂട്ടറിന്റെ വ്യാകരണവുമായി ബന്ധമില്ലെങ്കിലും 'ഉടൽ ഒരു ചൂഴ്‌നില' എന്ന കഥയിൽ മേതിൽ ഇത്തരം എങ്കിലുകളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട് :
' വരാനിരിക്കുന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതും പ്രോഗ്രാമിങ്ങിൽ തുടക്കക്കാരെ പേടിപ്പിക്കുന്നതുമായ കുരുക്കാണത്, (എങ്കിലുകൾ). പക്ഷേ ഞാൻ തുടക്കക്കാരനല്ല, ഒടുക്കങ്ങൾ കുറിക്കുന്നവനാണ്. എനിക്കറിയാമായിരുന്നു ഒരു ഫ്ലോ ചാർട്ടിൽ മൂർത്തമാകുന്ന വിപര്യയത്തിലേക്ക് അവൾ വരും. വിചാരണ കാത്ത് തടവിൽ കഴിയുന്ന തേവരെ കാണാൻ. വെറും കൗതുകം മൂലമാവാം, നന്ദി പ്രകടിപ്പിക്കാനാവാം, അല്ലെങ്കിൽ അബോധപൂർവം 'പ്രവാഹലേഖയെ' (flowchart)പിന്തുടർന്നാവാം. എങ്ങനെയായാലും കോകില വരും. ഞാനത് മുൻകൂട്ടി കണ്ടു, സമ്മതിക്കുന്നു, അപകടം പിടിച്ചൊരു ബൂളിയൻ എക്സ്പ്രഷൻ ഇതിലുണ്ട്'.
ബൂളിയൻ എക്സ്പ്രഷൻ (Boolean Expression) എന്നത് കമ്പ്യൂട്ടർ സയൻസിലും പഴയ ഗണിതശാസ്ത്രത്തിലും ഉപയോഗിക്കുന്ന ഒരു യുക്തിപരമായ പ്രസ്താവനയാണ്. അതിന്റെ മൂല്യം രണ്ട് സാധ്യതകളിൽ ഒന്ന് മാത്രമായിരിക്കും: ശരി (True അഥവാ 1), തെറ്റ് (False അഥവാ 0).
ഹരിനാമകീർത്തനത്തിന്റെ രചനാശാസ്ത്രത്തിൽ ഇല്ലാത്തയൊന്നാണ് ശരി / തെറ്റ് എന്ന ദ്വന്ദം. അദ്വൈതത്തിന്റെ പ്രത്യേകതയാണത്. രണ്ടില്ല അവിടെ. എന്നിട്ടും മേതിലിനെ അത്ഭുതപ്പെടുത്തുന്നുണ്ട് ആ കൃതി. മേതിൽ സമയകല എന്നു വിളിച്ച സംഗീതവുമായി ബന്ധപ്പെടുത്തി വിഷമം പിടിച്ച ഒരക്ഷരത്തെ എങ്ങനെ എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിൽ ആശ്ലേഷിച്ചു എന്നു നോക്കൂ. എല്ലാ മലയാള അക്ഷരങ്ങളിലും, അക്ഷരമാലാക്രമത്തിൽ ശ്ലോകങ്ങൾ എഴുതിവന്ന എഴുത്തച്ഛൻ 'ഠ' യിലെത്തി.
'ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെയുമി-
തേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ'
(വ്യാഖ്യാനം : പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ : ഠായങ്ങൾ എന്നാൽ സംഗീതത്തിലെ ഗമകങ്ങൾ. സംഗീതത്തിലെ ഗമകങ്ങൾ രാഗം തന്നെയായിരിക്കുന്നതുപോലെയും വിവിധതരത്തിലുള്ള നാദങ്ങളുടെ പ്രയോഗം ഒരേ സ്വരത്തിൽ ഏകീഭവിക്കുന്നതുപോലെയും ഏകാക്ഷരത്തിൽ ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ ഉൾക്കൊണ്ടു നിൽക്കുന്നു. ആ പരമാത്മാവാകട്ടെ, ആകാശം പോലെ സൂക്ഷ്മരൂപിയാണ്.)