‘പ്രേംനസീറിനെപ്പോലെ അത്രമേൽ ഭവ്യതയോടെ, തെളിച്ചത്തോടെ സംസാരിക്കുന്ന മനുഷ്യനെ പിന്നെ കണ്ടിട്ടില്ല’

സോണിയയെ ഗർഭിണിയായിരിക്കുമ്പോഴാണ് ഞങ്ങൾ ഒരു സിംഗിൾ ഫാമിലി ഹൗസ് വാങ്ങിക്കുന്നത്. ചുറ്റും ചെടികളും പൂക്കളുമൊക്കെയുള്ള ഒരു ബംഗ്ലാവ്‌പോലുള്ള വീടായിരുന്നു അത്. ഇന്നും എനിക്കേറെ ഇഷ്ടമുള്ള വീടായിരുന്നു അത്. അതൊരു അതിഥിമന്ദിരം തന്നെയായിരുന്നു. അമേരിക്കയിലെ കേരളാഹൗസ് എന്നായിരുന്നു കൂട്ടുകാർ കളിയാക്കിയിരുന്നത്. വിവിധമേഖലയിലെ പ്രതിഭകൾ ഉൾപ്പെടെയുള്ളവർ ആരെങ്കിലുമൊക്കെയായി എപ്പോഴും വീട്ടിലുണ്ടാവുമായിരുന്നു. പെട്ടെന്ന് എന്തെങ്കിലും പരിപാടികൾ നടത്തേണ്ടിവരുമ്പോൾ മലയാളിഗസ്റ്റിനെ വത്സലയുടെയും ശേഖറിന്റെ വീട്ടിൽ പോയി നോക്കിയാൽ കിട്ടും എന്നവർ കളിയാക്കുമായിരുന്നു. റിയൽ എസ്‌റ്റേറ്റ് ഏജന്റുമാരാണ് വീട് വാങ്ങിക്കാനും വിൽക്കാനും ഇടനിൽക്കുന്നത്. വീടിനകത്തെ സൗകര്യങ്ങളും ഉപകരണങ്ങളുമാണ് വീടിന്റെ ബഡ്ജറ്റ് നിശ്ചയിക്കുന്നത്. ഉപയോഗിച്ച വീടുകളാണ് വിൽപനയ്ക്കുവെച്ചിരിക്കുക. പുതിയ വീടുകൾ വാങ്ങുക എന്നത് സാമ്പത്തികമായി വലിയ ബാധ്യതയാണ്. മിഡിൽ ക്ലാസുകാരുടെ മുഖ്യതിരഞ്ഞെടുപ്പ് ഉപയോഗിച്ച വീടുകൾ തന്നെയായിരിക്കും. ഇവിടുത്തെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് അതിസങ്കീർണമാണ്. അതുപോലെ എളുപ്പവുമാണ്; കൈയിൽ പണമുള്ളവർക്ക്. നമ്മുടെ ജീവിതനിലവാരവും പ്രായവും മാറുന്നതിനനുസരിച്ച് വീടിന്റെ വലിപ്പവും സാങ്കേതികത്വവുമൊക്കെ മാറുന്നത് ഇവിടെ പതിവാണ്. ബാങ്കുമായിട്ടാണ് ജീവിതകാലമുടനീളമുള്ള കരാറുകളും ഇടപാടുകളും.
ഏകദേശം ഒമ്പത് വർഷത്തോളം പ്രഭയുടെ മകൻ രാകേഷ് ഞങ്ങൾക്കൊപ്പമാണ് താമസിച്ചത്. എല്ലാവരെയും ഉൾക്കൊള്ളാൻ പറ്റുന്ന തരത്തിൽ വലിയൊരു വീടുതന്നെയായിരുന്നു അന്ന് ഞങ്ങൾ തിരഞ്ഞെടുത്തത്. മക്കൾ വലുതായി അവർക്കെല്ലാം കുടുംബമായപ്പോൾ വീട് പരിപാലിക്കാൻ ആളില്ലാതായി. അപ്പോൾ വീണ്ടും മിതമായ സൗകര്യമുള്ള ഒരു വീട് നോക്കി കണ്ടുപിടിച്ചു. ഇനി ഇതിൽ നിന്നും മാറില്ലെന്നാണ് ഇതുവരെയുള്ള ഞങ്ങളുടെ നിലപാട്.
Content Highlights: A personal account of Malayali immigrant life and community building in the USA.