'ഇന്ദിരേ, നീയൊരു പെണ്ണല്ലേ...'; മുദ്രാവാക്യങ്ങള്‍ വിളിച്ച കാലം | ജീവിതം എന്ന തീക്കടൽ | ആത്മകഥ 03

#ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)
Mathrubhumi archives
Mathrubhumi archives

ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വിരമിച്ച കര്‍ക്കശക്കാരനായ അച്ഛന്‍. ഉള്ളില്‍ സ്നേഹം ഉണ്ടെങ്കിലും ചെയ്യുന്ന പ്രവര്‍ത്തികളിലെല്ലാം കുറ്റം കണ്ടിരുന്നു. മാറിമാറി വരുന്ന മൂന്ന് ഷിഫ്റ്റ്കളിലേക്കും, അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന ചോറും സാമ്പാറും മീന്‍കറിയും വറവും ഒക്കെ ചേര്‍ന്ന നാല് തട്ടുള്ള ചോറ്റുപാത്രം ഒരു കൈയിലും, നീളമുള്ള ഒരു ടോര്‍ച്ച് മറ്റേ കൈയിലുമായി അഞ്ച് കിലോമീറ്റര്‍ കമ്പനിയിലേക്കും അഞ്ച് കിലോമീറ്റര്‍ തിരിച്ചും നടക്കുന്ന അച്ഛനെയാണ് എന്നും ഓര്‍മ വരിക. പലപ്പോഴും ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമായിരിക്കും അച്ഛന്റെ വരവ്. 25 പൈസയ്ക്ക് ഒരുപാട് മത്സ്യം കിട്ടുമായിരുന്നു. മത്തിയാണ് പലപ്പോഴും ലഭ്യം. അച്ഛന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇരുന്നാല്‍ മത്തിയുടെ മുള്ള് വേര്‍തിരിച്ച് മാംസം മാത്രം എടുത്ത് എന്റെയും അനുജത്തിയുടെയും പാത്രത്തില്‍വെച്ചുതരും. അതുകാരണം എന്റെ പണി കുറവായി എന്ന് മാത്രമല്ല മത്തി മുള്ള് തൊണ്ടയില്‍ കുടുങ്ങുകയും ഇല്ല. പലപ്പോഴും ഇറച്ചി കഴിക്കാന്‍ അച്ഛന്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ ഇഷ്ടമായിരുന്നില്ല.

വീട്ടില്‍ അമ്മക്ക് പശുവിനെ കൂടാതെ ചിലപ്പോള്‍ അത്യാവശ്യം മുട്ടയ്ക്ക് വേണ്ടി കോഴിയെ വളര്‍ത്തുന്ന ശീലവും ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ആള്‍താമസം ഇല്ലാത്ത പറമ്പിലെ കാട്ടിനുള്ളില്‍ കുറെ കുറുക്കന്മാര്‍ ഉണ്ടായിരുന്നു എന്നറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഇത്. കുറുക്കന്മാര്‍ പലപ്പോഴും നമ്മുടെ കോഴിയെ പിടിച്ച് കാട്ടിലേക്ക് ഓടുമായിരുന്നു. കോഴിയുടെ കരച്ചില്‍ കേട്ടാല്‍ നമുക്കത് മനസ്സിലാവുകയും നമ്മളെല്ലാവരും കുറുക്കന്റെ പിന്നാലെ ഓടുകയും ചെയ്യും. അഗ്നിശമന വകുപ്പുകാരുടെ വേഗതയില്‍ പ്രവര്‍ത്തിച്ചാല്‍ കുറുക്കന്റെ വായില്‍ നിന്നും കോഴി താഴെ വീഴും. പിന്നെ തൊണ്ടിമുതലിനായി കാട്ടില്‍ തപ്പി നടന്നാല്‍ ഇത്രയും നേരം കളിച്ചുനടന്ന നമ്മുടെ പാവം കോഴിയെ ജീവന്‍ ഇല്ലാതെ നമുക്ക് തിരിച്ചു കിട്ടും. സൗജന്യമായി കൊന്നു കിട്ടിയ ആ കോഴി ആയിരിക്കും നമ്മുടെ അന്നത്തെ ഭക്ഷണം. വീട്ടില്‍ വളര്‍ത്തിയ കോഴി ആയതുകൊണ്ടോ, അതല്ല കുറുക്കന്‍ കടിച്ചതായതുകൊണ്ടോ എന്തോ ഞാന്‍ കോഴിക്കറി കഴിച്ചിരുന്നില്ല. ഒരു ദിവസം അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ചട്ടിയില്‍ ബാക്കി വന്ന കുറച്ച് കറി മാത്രം എടുത്ത് എന്താണ് സ്വാദ് എന്നറിയാന്‍ മനസ്സില്ലാമനസ്സോടെ കഴിച്ചു നോക്കി. ഹാ നല്ല രസം. ഇറച്ചി കഷ്ണത്തിനായി ഒന്നുകൂടി വെറുതെ ചട്ടിയില്‍ നോക്കിയെങ്കിലും ആഗ്രഹിച്ചതുപോലെ നടന്നില്ല. ഇത്രയും കാലം ഞാന്‍ തിരസ്‌കരിച്ചുകൊണ്ടിരുന്ന കോഴിയിറച്ചിയുടെ സ്വാദ് അറിഞ്ഞപ്പോള്‍ വല്ലാതെ ദുഃഖബോധം തോന്നി. ഇനി എപ്പോഴായിരിക്കും കുറുക്കന്റെ അടുത്ത വരവ് എന്നറിയില്ലല്ലോ

Content Highlights: Lieutenant Colonel Surendran M.K., Autobiography, Jeevitham enna theekkadal

Continue reading