ജയലളിത പാവങ്ങൾക്ക് വിതരണംചെയ്ത മുണ്ട് 30 രൂപയ്ക്ക് ഗുജറാത്തിൽ; തമിഴ് ഡ്രൈവർ ലജ്ജിച്ച് തലതാഴ്ത്തി

ധരംഗ്ധര. ആരും കേള്‍ക്കാത്ത ഒരു സ്ഥലം. ധരംഗ്ധര എന്നാല്‍ സംസ്‌കൃതത്തില്‍ കല്ലുകളുടെ ഭൂമി എന്നര്‍ത്ഥം വരുന്നതുകൊണ്ടാണ് അതിന് ആ പേര് വന്നതുതന്നെ. മേല്‍ഭാഗത്തെ കുറച്ച് മണ്ണുകള്‍ നീക്കിയാല്‍ ഭൂമി മുഴുവന്‍ മഞ്ഞനിറത്തിലുള്ള കല്ലുകളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ധരംഗ്ധര സംസ്ഥാനത്തിന്റെ ഭരണകേന്ദ്രം ആയിരുന്നു അത്. സെറാമിക്കിന്റെ രാജധാനി എന്നറിയപ്പെടുന്ന മോര്‍ബി ഇതിനടുത്താണ്. അവിടെ നിന്നാണ് നമ്മുടെ നാട്ടിലേക്ക് എന്നല്ല, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും വേണ്ട ടൈലുകള്‍ വരുന്നത്. ബോംബെയില്‍ നിന്നും ബുജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളും പിന്നെ ഇപ്പോഴുമുള്ള പഴയ മീറ്റര്‍ ഗേജിലൂടെ പോകുന്ന ഒരു ലോക്കല്‍ ട്രെയിനും ആണ് ആകെ അതുവഴി കടന്നുപോകുന്നത്.
ചക്ക്ത എന്ന സ്ഥാനീയ പേരുള്ള ഒരു മുചക്രവാഹനം അവിടുത്തെ മാത്രം പ്രത്യേകതയാണ് എന്നുതോന്നി. സാധാരണ ഓട്ടോറിക്ഷയെക്കാള്‍ കൂടുതല്‍ ഓടുന്നത് അതാണ്. എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിന്റെ എന്‍ജിന്‍ രൂപമാറ്റംവരുത്തി നിര്‍മിച്ചതാണ് ഈ വണ്ടി. ഏതായാലും മറ്റെന്തോ ആവശ്യത്തിനുവേണ്ടി അഹമ്മദാബാദില്‍ വന്ന ഒരു ആര്‍മി ജിപ്‌സി തിരിച്ചുവരുമ്പോള്‍ എന്നെ കൂട്ടിവരാന്‍ വേണ്ടി നിര്‍ദേശിച്ചത് പ്രകാരം എന്റെ യാത്ര സുഖമമായി. എങ്കിലും എനിക്ക് നല്ലൊരു സ്വീകരണമായിരുന്നില്ല പുതിയ യൂണിറ്റില്‍ കിട്ടിയത്. അതിനു കാരണമുണ്ടായിരുന്നു. പുതിയ യൂണിറ്റിന്റെ സി.ഒ.യുടെ (കമാന്‍ഡിങ് ഓഫീസര്‍) കോഴ്‌സ് മേറ്റ് ആയിരുന്നു ഞാന്‍ വരുന്ന യൂണിറ്റിലെ 2 ഐ.സി. (സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്).
Content Highlights: Lieutenant Colonel Surendran M.K.'s Autobiography Jeevitham enna theekkadal