'ആ ജഗതി...ഞാനല്‍പ്പം തിരക്കിലായിപ്പോയി.' ജഗതി ആരാണെന്നറിയാത്ത ആബേലച്ചനും നടന്റെ സന്ദര്‍ശനവും!

തൊണ്ണൂറുകളുടെ ആദ്യകാലത്ത് ഞാനും ജഗതി ശ്രീകുമാറും കുറെയധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമുണ്ടായിരുന്ന കാലം. ഷൂട്ടിങ്ങിനായി എറണാകുളത്തു വരുമ്പോഴെല്ലാം അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്കു എന്നെ വിളിക്കും. അമ്പിളിച്ചേട്ടനുമൊന്നിച്ച് നിരവധി തവണ കൂടിയിട്ടുള്ള അനുഭവങ്ങള്‍ ഏറെ രസകരമാണ്. ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും തന്റേതായ കാഴ്ചപ്പാടും അഭിപ്രായവുമുള്ള അമ്പിളിച്ചേട്ടന്‍ അതെല്ലാം ആരുടെ മുന്നിലും തുറന്നുപറയാനും മടികാട്ടാത്ത വ്യക്തിത്വത്തിനുടമയാണ്. അദ്ദേഹവുമായുള്ള സൗഹൃദം ഞാനേറെ ആസ്വദിച്ചിരുന്നു. ഒരു ദിവസം എറണാകുളത്തുവെച്ച് നേരില്‍ കണ്ടപ്പോള്‍ അമ്പിളിച്ചേട്ടന്‍ എന്നോടു പറഞ്ഞു: 'റഹ്‌മാനേ... കലാഭവനില്‍നിന്ന് ഒരുപാടു പേർ സിനിമയില്‍ വന്നല്ലോ... അതൊരു വലിയ സംഭവമല്ലേ? ഇതിന്റെയെല്ലാം പുറകിലുള്ള ആബേലച്ചനെ പരിചയപ്പെടണമെന്നുണ്ട്. കലാഭവനില്‍ ഒന്നു വരണമെന്ന് എനിക്കാഗ്രഹമുണ്ട്.'
അമ്പിളിച്ചേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും വലിയ ഉത്സാഹമായി.
'അയ്യോ... അത് നമുക്കും വലിയ സന്തോഷമുള്ള കാര്യമല്ലേ. ചേട്ടനെന്നാണ് പോകേണ്ടതെന്നുവെച്ചാല്‍ പറഞ്ഞാല്‍ മതി. നമുക്കു പോകാം, അച്ഛനെ പരിചയപ്പെടുകയും ചെയ്യാം.'
'ഞാന്‍ അടുത്തതവണ ഇവിടെ വരുമ്പോള്‍ റഹ്‌മാനെ വിളിക്കാം. നമുക്കൊന്നിച്ചു പോകാം,' എന്നു വാക്കുതന്ന് അമ്പിളിച്ചേട്ടന്‍ എറണാകുളത്തുനിന്ന് മടങ്ങിപ്പോയി.
Content Highlights: kalabhavan rahman column kalabhavan diaries actor jagathi sreekumar and father abel