'കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ആദ്യമായി വെറുത്ത ദിവസമായിരുന്നു അന്ന്'

കോഴിക്കോട് പാളയം ബസ്സ്റ്റാന്‍ഡില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പുറപ്പെട്ട ആദ്യത്തെ ബസ്സില്‍ത്തന്നെ ഞാന്‍ കയറി ഇരുന്നു. രാവിലെ എട്ടുമണിയായപ്പോഴാണ് ബസ് കുറ്റിപ്പുറത്ത് എത്തിയത്. അവിടെ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസ്സില്‍ കയറി ചങ്ങരംകുളം എത്തി. അവിടെ നിന്ന് അയനിച്ചോട്ടിലേക്ക് ജീപ്പ് ട്രിപ്പടിക്കുന്നുണ്ടായിരുന്നു. ആ ജീപ്പില്‍ കയറി അയനിച്ചോട്ടിലെത്തി. ഞാന്‍ നേരെ ഇക്കയുടെ ചായക്കടയിലേക്ക് ചെന്നു. അപ്പോള്‍ അവിടെ നല്ല തിരക്കായിരുന്നു.
എന്നെ കണ്ടതും മുതലാളി ഇക്കയും പണ്ടാരി ഇക്കയും എന്റെ വിശേഷങ്ങള്‍ തിരക്കി. കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ലോട്ടറി കച്ചവടം ചെയ്യുകയാണെന്നും എനിക്ക് കിട്ടാനുള്ള 150 രൂപ വാങ്ങാനാണ് ഞാന്‍ വന്നതെന്നും മുതലാളി ഇക്കയോട് പറഞ്ഞു. അപ്പോള്‍ മുതലാളി ഇക്ക ക്യാഷ് ബോക്‌സ് തുറന്ന് 150 രൂപ എടുത്തുതന്നു.
Content Highlights: elenko odai malayalathamizhan autobiography kerala women