'നാളെ മോഹൻലാലിന്റെ സിനിമ റിലീസ് ചെയ്യുന്നുണ്ട്, പോയി കച്ചവടം തുടങ്ങിക്കോ'; അതായിരുന്നു ഉപദേശം

മൂന്നു മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ റിലീസായ കിഴക്കു വാസല്‍ സിനിമ കോഴിക്കോട് പുഷ്പാ തീയേറ്ററില്‍ ദീപാവലി പ്രമാണിച്ച് റിലീസ് ആയിരിക്കുകയാണ്. അന്നത്തെ കാലത്ത് രജനീകാന്തിന്റെയും കമലഹാസന്റെയും സിനിമകള്‍ ഒഴികെയുള്ള സിനിമകള്‍ തമിഴ്നാട്ടില്‍ റിലീസായതിനുശേഷം കുറച്ചുകഴിഞ്ഞാണ് കേരളത്തില്‍ റിലീസിന് എത്തുക. കാർത്തിക്കും രേവതിയും ഖുഷ്ബുവുമാണല്ലോ ചിത്രത്തിൽ.
പരോക്ഷമായാണെങ്കിലും ഖുശ്ബു കാരണമാണല്ലോ എന്റെ പട്ടുക്കോട്ടൈ കലൈമഹല്‍ ഫൈനാന്‍സ് ജോലി നഷ്ടമായത്. അതേ ഖുശ്ബുവിന്റെ പോസ്റ്ററിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ ഞാന്‍ പ്രൈസ് ബോര്‍ഡ് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പ്രൈസ് ബോര്‍ഡുമെടുത്ത് ഞാന്‍ പുഷ്പ തീയേറ്ററിലേക്ക് നടന്നു. 1990 കാലഘട്ടത്തില്‍ എന്നെപ്പോലെതന്നെ കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപാട് പേര്‍ ഖുശ്ബുവിനെ ആരാധിച്ചിരുന്നു. അതുകൊണ്ടുതന്നെ പതിനൊന്നര മണിയുടെ നൂണ്‍ഷോയ്ക്ക് പുഷ്പയില്‍ നല്ല തിരക്കുണ്ടായിരുന്നു.
Content Highlights: elenko odai malayalathamizhan autobiography child labor kozhikode