ആദ്യമായാണ് അങ്ങനെയൊരു വിളി കേൾക്കുന്നത്, അര്‍ത്ഥം അറിയില്ലെങ്കിലും അതിൽ സ്നേഹമുണ്ടെന്ന് മനസ്സിലായി

മഞ്ഞു പെയ്തിറങ്ങുന്ന ഡിസംബര്‍ മാസം. ഒരു തിങ്കളാഴ്ച അതിരാവിലെ ഞാന്‍ ജോലി ചെയ്യുന്ന ലോഡ്ജിന്റെ റിസപ്ഷനിലിരുന്ന് എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. തഞ്ചാവൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ത്തന്നെ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. കേരളത്തിലെത്തി എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിച്ച്, ആ പണം കൊണ്ട് കച്ചവടം ചെയ്ത് കോടീശ്വരനാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, കേരളത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായി ഒന്നും തന്നെ സമ്പാദിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ പോയാല്‍ ശരിയാവില്ല. എന്തെങ്കിലും ചെയ്യണം, എന്തുചെയ്യും...? വൈകീട്ട് ആറരയ്ക്ക് ലോഡ്ജില്‍ റൂംബോയ് പണിക്ക് കയറിയാല്‍ പിറ്റേ ദിവസം രാവിലെ 8 മണിക്ക് ജോലിയില്‍ നിന്ന് ഇറങ്ങും. അതിനുശേഷം ഏതെങ്കിലും തീയേറ്ററിലെ നൂണ്‍ഷോയ്ക്കു പോകും. അല്ലെങ്കില്‍ ലോഡ്ജിലെ മാസവാടകക്കാര്‍ താമസിക്കുന്ന റൂമില്‍ ചെന്നിരുന്ന് കഥയും പറഞ്ഞിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വന്നു കുറച്ചുനേരം കിടന്നുറങ്ങി ആറുമണിക്ക് കുളിച്ച് റെഡിയായി വീണ്ടും പണിക്ക് കയറും. ഉച്ചയ്ക്ക് രണ്ടുമണിവരെ എന്തെങ്കിലും ജോലി ചെയ്ത് കാശുണ്ടാക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ ഒരു പയ്യന്‍ സൈക്കിളില്‍ വന്ന് അന്നത്തെ പത്രം തന്നിട്ടു പോയി. പത്രമെടുത്ത് വായിച്ചുകൊണ്ടിരുന്നപ്പോള്‍ വായനയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല, അന്നു മുഴുവന്‍ ഉച്ചവരെ എന്തുജോലി ചെയ്യും എന്ന ആലോചനയിലായി. രാവിലത്തെ ചായ കഴിച്ചതിനു ശേഷം ഹരിശ്രീ ബുക്സിന്റെ മാനേജര്‍ ഷാജികുമാര്‍, റിസപ്ഷനിലേക്ക് വന്ന് അവിടെയിരുന്ന പത്രമെടുത്ത് വായിക്കുവാന്‍ തുടങ്ങി. ഹരിശ്രീ ബുക്‌സിന്റെ ഓണറുടെ പേര്‍ രാധാകൃഷ്ണന്‍ എന്നായിരുന്നു. അദ്ദേഹത്തിന്റെ അനുജനാണ് ഹരികൃഷ്ണന്‍. മാനേജര്‍ ഷാജികുമാറും ഹരികൃഷ്ണനുമാണ് 202-ാ0 നമ്പര്‍ റൂമില്‍ താമസിച്ചിരുന്നത്.
Content Highlights: Elenko odia Autobiography Malayalathamizhan