വടിവാള്‍ കൊണ്ട് അവര്‍ സജുവിനെ വെട്ടി, ഞാന്‍ ടോര്‍ച്ചടിച്ചപ്പോള്‍ 'ആള്‍ മാറിപ്പോയെടാ' എന്നുപറഞ്ഞ് ഓടി

ആ ഓട്ടോറിക്ഷയ്ക്ക് ദിവസവും നൂറു രൂപ വാടക കൊടുക്കണമായിരുന്നു. ഇങ്ങനെ പൈസ ചോദിക്കുന്ന ഏര്‍പ്പാടാണെങ്കില്‍ നമുക്കു വണ്ടി ഓടിക്കുന്ന പണി നിര്‍ത്താം, ഇത് നഷ്ടമായിരിക്കും എന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു. അപ്പോള്‍ വാടക ഓടിക്കിട്ടിയിട്ടാകുമ്പോള്‍ തന്നാല്‍ മതി എന്നു പറഞ്ഞു. അതിന്റെ ഇടയില്‍ ചിലരുടെ അക്രമവും ഉണ്ട്. ആ ഓട്ടോറിക്ഷയ്ക്ക് പാര്‍ക്കിംഗ് പെര്‍മിറ്റ് ഉള്ളതുകൊണ്ട് ഞാന്‍ പയ്യന്നൂര്‍ ഓട്ടോ റിക്ഷ സ്റ്റാന്‍ഡില്‍ നിന്നും ഓടാന്‍ തുടങ്ങി. പയ്യന്നൂര്‍ ടൗണില്‍ തന്നെ ആയതുകൊണ്ട് അടുത്ത സഥലങ്ങളിലാണ് ട്രിപ്പ് കിട്ടുക. എടാട്ട് ഭാഗേത്തക്ക് ട്രിപ്പ് കിട്ടിയാല്‍ ചിലപ്പോള്‍ പ്രായമുള്ളവരൊക്കെ ഉണ്ടാകും. അവരുടെ സാധനങ്ങള്‍ വീട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കാന്‍ പോയാല്‍, അല്ലെങ്കില്‍ ഒരു ചായ കുടിക്കാന്‍ നിര്‍ത്തിയിട്ടു പോയാല്‍, തിരിച്ചു വരുമ്പോഴേക്കും വണ്ടിയുടെ കാറ്റ് അഴിച്ചു വിട്ടിട്ടുണ്ടാകും, അല്ലെങ്കില്‍ ട്യൂബ് കുത്തിപ്പൊട്ടിച്ചിട്ടുണ്ടാകും. ആരാണ് കുത്തിക്കീറിയതെന്നു നമ്മള്‍ കാണാത്തത് കൊണ്ട് ആരോടെങ്കിലും പറയാന്‍ പോലും പറ്റില്ല. അങ്ങനെ കുറെ സംഭവങ്ങളൊക്കെ ഉണ്ടായപ്പോള്‍ ശ്രീഷ്‌കാന്ത് 'മതി, വയ്യ, ഞാന്‍ അന്നേ നിന്നോടു പറഞ്ഞതല്ലേ? നമുക്കിത് നിര്‍ത്താം' എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വണ്ടി തിരിച്ചു കൊടുത്തു.
വണ്ടി തിരിച്ചു കൊടുത്തതോടെ ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ടു. ഇവരുടെ ഉപദ്രവം സഹിക്കണം. അതുപോലെ, ഉള്ള കളക്ഷന്‍ തന്നെ റിപ്പയറുകള്‍ക്കൊക്കെ ചിലവാക്കി പെട്രോളിന്റെ പൈസയും കഴിച്ചു പത്തോ ഇരൂപതോ രൂപ മാത്രമേ ഞങ്ങള്‍ക്കു കിട്ടിയിരുന്നുള്ളൂ. അതുപോലെ തന്നെ ഞങ്ങളുടെ കൈയ്യില്‍ വണ്ടിയുള്ളപ്പോള്‍ വീണ്ടും വണ്ടി കത്തിക്കുകയോ തല്ലിപ്പൊളിക്കുകയോ മറ്റോ ചെയ്താല്‍ പിന്നെ ഞങ്ങളാണല്ലോ ഉത്തരവാദി. അങ്ങനെ വല്ലതും സംഭവിച്ചാല്‍ പുതിയ വണ്ടി വാങ്ങിക്കൊടുക്കേണ്ട അവസ്ഥ വല്ലതും വരുമോ എന്നുള്ള ചിന്തയില്‍ ഞങ്ങള്‍ ഓട്ടോറിക്ഷ ഓട്ടം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. വലിയ ആപത്തുകളിലേക്ക് നീങ്ങുന്നതിനു മുന്നേ വണ്ടി കൊടുത്തേക്ക് എന്ന് ശ്രീഷ്‌കാന്ത് അഭിപ്രായപ്പെട്ടു. പിന്നെയും ഞങ്ങള്‍ കൂലിപ്പണിയും മീന്‍ പിടിത്തവും ഒക്കെ കൂടിയുള്ള പഴയ ജീവിതത്തിലേക്ക് തന്നെ തിരിച്ചുപോയി.
Content Highlights: Chithralekha Autobiogrphy Oru Dalit Autodrivarude Jeevitham