'ചേച്ചി പപ്പയെ വിടൂ, പൈസയുടെ കാര്യത്തിന് ഞാന്‍ തീരുമാനം ഉണ്ടാക്കാം...'

ബാബു അബ്രഹാമിന്റെ അമ്മ, അമ്മയ്ക്കും സഹോരങ്ങൾക്കുമൊപ്പം ബാബു അബ്രഹാം
ബാബു അബ്രഹാമിന്റെ അമ്മ, അമ്മയ്ക്കും സഹോരങ്ങൾക്കുമൊപ്പം ബാബു അബ്രഹാം

അന്നെനിക്ക് പതിമൂന്ന് വയസാണ്. ലാലിക്ക് പതിനഞ്ചും. എട്ടാം ക്ലാസ്സിലെ വലിയ പരീക്ഷ തുടങ്ങിയിരുന്നില്ല. അമ്മ കടമായി കൊടുത്ത പതിനയ്യായിരം രൂപയും റോഡ് പണിയുടെ കൂലിയിനത്തില്‍ കടം പറഞ്ഞിരുന്ന അയ്യായിരത്തോളം രൂപയും മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ബില്ലുകള്‍ പലത് മാറിയിട്ടും ജോസഫ് ചേട്ടന്‍ കൊടുക്കാത്തതില്‍ അമ്മയ്ക്ക്‌ ചില്ലറ ദേഷ്യമൊന്നുമല്ല ഉണ്ടായിരുന്നത്. പുതിയതായി വാങ്ങിയ പറമ്പിന്റെ പണം കൊടുക്കാന്‍ പലിശക്കെടുത്ത പണം കൊടുത്തുവീട്ടാനുള്ള അവധിയും അടുത്തു വന്നിരുന്നു.
'മേരി ഇപ്പൊ പോ. പൈസയുടെ കാര്യം നമുക്ക് പിന്നീട് സംസാരിക്കാം.'
ചുറ്റും ആളുകള്‍ കൂടുന്നത് കണ്ട് ജോസഫ് ചേട്ടന്‍ അമ്മയോട് പറഞ്ഞു. സരോമ്മയുടെ കൂടെ വെന്തിക്കോസ് വളവിലെത്തിയ ഞാന്‍, മുന്നില്‍ കൂടിനിന്ന റോഡ് പണിക്കാരും അല്ലാത്തവരുമായ ആളുകളുടെ ഇടയിലൂടെ അമ്മയുടെ അരികിലെത്തി.
'താന്‍ കൊറേ കാലമായി എന്നെ പറഞ്ഞു പറ്റിക്കാന്‍ തുടങ്ങിയിട്ട്. ഇനി തന്റെ വര്‍ത്താനം കേള്‍ക്കാനൊന്നും എനിക്ക് നേരവില്ല.'
ജോസഫ് ചേട്ടന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുകൊണ്ട് അമ്മയത് പറയുമ്പോളേക്കും രണ്ടു വളവുകള്‍ക്ക് അപ്പുറം പണി നടത്തിക്കൊണ്ടിരുന്ന ജോസഫ് ചേട്ടന്റെ മൂത്ത മകൻ ഓടിക്കിത്തച്ചെത്തി.
'ചേച്ചി പപ്പയെ വിടൂ. പൈസയുടെ കാര്യത്തിന് ഞാന്‍ തീരുമാനം ഉണ്ടാക്കാം...'
ഇരുപതുകളുടെ അവസാനപാദത്തിലെത്തിയ അയാള്‍ അമ്മയെ ശാന്തയാക്കാന്‍ നോക്കി.
'നീ തീരുമാനം ഉണ്ടാക്കണ്ട. നിന്റെ പെങ്ങളുടെ സ്ത്രീധനത്തുക കൊടുക്കാന്‍ ഞാന്‍ എണ്ണിച്ചുട്ട അപ്പം പോലെ വച്ചിരുന്നതെല്ലാം വിറ്റും പണയപ്പെടുത്തിയുമാണ് നിന്റെ തന്തക്ക് പണം കൊടുത്തത്. എനിക്ക് ഇപ്പോള്‍ എന്റെ കാശ് വേണം.'
ജോസഫ് ചേട്ടനെ ഒന്നുലച്ചുകൊണ്ട് അമ്മ അത് പറയുമ്പോള്‍ അയാളുടെ മകന്റെ മുഖത്ത് നാണക്കേടും നിസഹായതയുമെല്ലാം കൂട്ടുകൂടിക്കിടന്നു.
'ചേച്ചി അല്‍പ്പം വെയിറ്റ് ചെയ്യൂ. ഞാന്‍ പോയി പൈസയുമായി വരാം...'
അമ്മയുടെ കൈവിടുവിച്ചു ജോസഫ് ചേട്ടനെ സ്വതന്ത്രനാക്കാനുള്ള തിരക്കിലായിരുന്നു മകന്‍. 

നന്മയുടെ അംശം തീര്‍ത്തും അണഞ്ഞുപോകാത്ത ഒരാളായിരുന്നു ആ ചെറുപ്പക്കാരനെന്നു ഞാന്‍ പലവട്ടം ഓര്‍ത്തിട്ടുണ്ട്. ആ ചെറുപ്പക്കാരന്റെ നിസ്സഹായതയും അപമാനവും എന്നിലെ കൗമാരക്കാരനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.
'നീ പോയി പണവുമായി വന്നോളൂ. എന്റെ കാശു കിട്ടാതെ നിന്റെ അപ്പനെ ഇവിടെനിന്ന് ഒരിടത്തേക്കും ഞാന്‍ വിടില്ല.'
വിട്ടുകൊടുക്കാന്‍ ഒരു ഭാവവുമില്ലാതെ അമ്മ പറഞ്ഞു. ജോസഫ് ചേട്ടന്റെ മൂത്ത മകന്‍ ജീപ്പില്‍ കയറി മുക്കുടത്തേക്ക് ഓടിച്ചുപോയി. അമ്മ ഷര്‍ട്ടില്‍നിന്നു പിടിവിട്ട ആശ്വാസത്തില്‍ ജോസഫ് ചേട്ടന്‍ റോഡിന്റെ ഓരം പറ്റി പണിക്കാരെ ശ്രദ്ധിക്കപോലും ചെയ്യാതെ നിന്നു. വെന്തിക്കോസ് വളവിലെ കലുങ്കില്‍ അമ്മ ഇരുപ്പുറപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ റോഡ് പണിക്കാര്‍ പിരിഞ്ഞുപോയി. അവര്‍ക്ക് പിന്നാലെ പോകാന്‍ നോക്കിയ ജോസഫ് ചേട്ടനെ അമ്മ വിട്ടില്ല.
'തന്റെ മോന്‍ വന്ന് എന്റെ കാശ് തരാതെ താന്‍ ഒരിടത്തേക്കും പോകണ്ട.'
അമ്മയുടെ വാക്കുകള്‍ക്ക് മുന്നില്‍ അയാള്‍ മൗനം പാലിച്ചു നിന്നു. വെന്തിക്കോസ് വളവിന്റെ മുകളില്‍ പള്ളിക്കാരുടെ വട്ടയില്‍ കൂടുകൂട്ടിയ കാട്ടുകിളികള്‍ ഇതൊന്നും മനസ്സിലാക്കാതെ കലപില കൂട്ടി. അമ്മയുടെ അടുക്കല്‍ പോയിനിന്ന് സരോമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ലാലിയും ഞാനും പെന്തകൊസു പള്ളിയിലേക്ക് ഇറങ്ങുന്ന ഒതുക്കുകല്ലുകളില്‍ പോയിരുന്നു. 
മണിക്കൂര്‍ ഒന്നു കഴിഞ്ഞപ്പോളാണ് ജോസഫ് ചേട്ടന്റെ മകന്‍ വന്നത്.
'ഇത്രയേ എനിക്ക് ഉണ്ടാക്കാന്‍ പറ്റിയുള്ളൂ. പപ്പ കടമായി വാങ്ങിയ മുഴുവന്‍ തുകയുമുണ്ട്. പണിക്കൂലി ഇനത്തില്‍ അയായിരത്തി ഇരുനൂറ് രൂപയുണ്ട്. അത് തന്ന് തീര്‍ക്കാന്‍ മേരിച്ചേച്ചി എനിക്ക് ഒരു മാസത്തെ സമയം തരണം...'
അമ്മയെ പണം ഏല്‍പ്പിക്കുമ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞു.
'നീ ഒരു പയ്യനല്ലേ. നിന്റെ വാക്ക് ഞാന്‍ സ്വീകരിക്കുന്നു.' പണം വാങ്ങി നടന്നുപോരുമ്പോള്‍ അമ്മ പറഞ്ഞു.
'ഇങ്ങനൊന്നും ചെയ്യണം എന്നോ, നാണം കെടുത്തണമെന്നോ ആഗ്രഹിച്ചിട്ടല്ല. വേറേ മാര്‍ഗമൊന്നും ഇല്ലാഞ്ഞിട്ടാ.'
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് സരോമ്മയെയും കൂട്ടി അമ്മ പാറത്തോട്ടിലേക്ക് നടക്കുമ്പോള്‍ ലാലിയും ഞാനും പിറകെ ഓടി. ജോസഫ് ചേട്ടന്റെ മകന്‍ അയ്യായിരത്തി ഇരുന്നൂറ് രൂപ പിന്നീടൊരിക്കലും മടക്കികൊടുത്തില്ല എന്നാണ് അമ്മ പറഞ്ഞുള്ള ഓര്‍മ്മ. അമ്മ ആ തുക തേടി പോയതുമില്ലത്രെ.
'അത് അവനെടുക്കട്ടെ...' ഒരിക്കല്‍ അമ്മ പറഞ്ഞത് ഇന്നും ഓര്‍മയില്‍നിന്ന് മാഞ്ഞുപോയിട്ടില്ല.

Content Highlights: Childhood Memories by babu abraham From Parathot to Paris part 28

Continue reading