'പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുള്ള വീടാണെങ്കില്‍ മൂന്ന് പൗര്‍ണമിരാത്രി കഴിയുമ്പോള്‍ മരിക്കും'

ഞങ്ങളുടെ വീടിന്റെ മുറ്റത്തുനിന്ന ഗന്ധരാജന്‍ ആ വര്‍ഷവും നിറയെ പൂത്തുതന്നെ നിന്നു. അതിന്റെ ശിഖരങ്ങള്‍ക്കിടയില്‍ കെട്ടിപ്പിടിച്ചു കയറിയ മുല്ലവള്ളികള്‍ ഒരിക്കലും പൂത്തില്ല. അറിയാതെയെന്നോണം വല്ലപ്പോഴും പിറന്ന മൊട്ടുകള്‍ ഏകാന്തതയെ ഭയന്നിട്ടെന്നപോലെ വിടരാതെതന്നെ കൊഴിഞ്ഞുവീണു. സൂര്യന്‍ കുന്നിന്‍ചെരുവില്‍ എത്തിനോക്കുമ്പോഴും പറക്കാന്‍ മറന്ന ശലഭങ്ങള്‍ ഗന്ധരാജന്റെ ഇലകളില്‍ പറ്റിപ്പിടിച്ചിരുന്നു. മഴക്കാലം കഴിഞ്ഞ് മാസങ്ങളായെങ്കിലും കുഞ്ചിരക്കാട്ട് പാറയില്‍ തല്ലിയലച്ചൊഴുകിയ തെള്ളിത്തോട് താഴെ വയലിന്റെ അരികിലെ തോട്ടിലൂടെ ഒഴുകി ചിന്നാറ്റിലേക്ക് പോയി. കമ്പിളികണ്ടം വഴി പാറത്തോട്ടിലേക്ക് പുതിയ ബസുകള്‍ വന്നു. മുകളിലെ കമ്പിളികണ്ടത്തു വന്ന് പനങ്കൂട്ടി കവലയില്‍ കൊച്ചപ്പാപ്പന്റെ കടയുടെ ഓരം ചെര്‍ന്ന് തിരിച്ചുപോയ ബസുകളില്‍ ചിലതെങ്കിലും തെള്ളിത്തോട്ടിലേക്കും ചിന്നാറ്റിലേക്കുമൊക്കെ ഓടണമെന്ന് നാട്ടുകാര്‍ ആഗ്രഹിച്ചു. കമ്പിളികണ്ടത്തുനിന്നും ചിന്നാറ്റിലേക്കുള്ള റോഡില്‍ പണ്ടെന്നോ പാകി, അമ്മാവന്‍ വണ്ടി അമര്‍ത്തി ഉറപ്പിച്ച ഉരുളന്‍ കല്ലുകള്‍ മുഴുവന്‍ വഴിയില്‍ നിന്നും അപ്രത്യക്ഷമായി. പൊളിഞ്ഞുവീണ വലിയ മെറ്റലുകളില്‍ ഭൂരിഭാഗവും വീടുപണി നടത്തിയ പ്രമാണിമാരായ കര്‍ഷകര്‍ അതിനോടകം വള്ളിക്കൊട്ടയില്‍ വാരി അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.
മുക്കുടംകാരന്‍ ജോസഫ് ചേട്ടനാണ് ചിന്നാറ്റിലേക്കുള്ള റോഡ് പണി കോണ്‍ട്രാക്ട് എടുത്തത്. തലേവര്‍ഷം തുടങ്ങിയ റോഡിലെ മണ്ണുപണി അപ്പോഴും തീര്‍ന്നിരുന്നില്ല. അമ്മയും അമ്മയുടെ പണിക്കാരും റോഡ് പണിക്കും ഉണ്ടായിരുന്നു. ആഴ്ചയില്‍ പകുതി ദിവസം തോട്ടില്‍നിന്നുള്ള മണല് വാരലും അമ്മ ഉടമ്പടി ഏറ്റെടുത്ത മറ്റു പണികളും ഉണ്ടായിരുന്നതിനാല്‍ അമ്മ ജോസഫ് ചേട്ടന്റെ അടുക്കല്‍ നിന്നും ആഴ്ചാവസാനം കൂലിയും വാങ്ങിയിരുന്നില്ല. അങ്ങനെ കൂട്ടിയിട്ട പണം ഒന്നിച്ചു ലഭിച്ചാല്‍ നല്ലൊരു കാര്യത്തെ കൊള്ളിക്കാം എന്നായിരുന്നു അമ്മയുടെ പക്ഷം. റോഡ്പണി നടത്തുന്ന കോണ്‍ട്രാക്ടര്‍ ജോസഫ് ചേട്ടന്‍ മുക്കുടത്തെ വലിയ മുതലാളിയായിരുന്നു. അയാളുടെ അടുക്കല്‍ നിന്നും കൈപ്പറ്റാതിരുന്ന പണം കിട്ടുമ്പോള്‍ എന്ത് ചെയ്യണമെന്ന ധാരണയൊക്കെ അമ്മയ്ക്ക് ഉണ്ടായിരുന്നു. തെള്ളിത്തോട്ടിലെ വീടും പറമ്പും വിറ്റ്, കൂടുതല്‍ കൃഷികളുള്ള ഒരു പുരയിടം വാങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു അമ്മ. എരുമകളുടെ പാല് വിറ്റും മണല്‍ വാരിയും മറ്റ് ഉടമ്പടിപ്പണികള്‍ ചെയ്തും അമ്മ കുറച്ച് പണം കരുതി വച്ചിരുന്നു.
Content Highlights: Childhood Memories by babu abraham From Parathot to Paris part 27