'കൂടോത്രവും ഓത്തുമൊന്നും ഇല്ല മോനേ, നമ്മള് കഴിക്കുന്ന ഭക്ഷണത്തിന് ഇതൊന്നുമായി ഒരു ബന്ധവുമില്ല'

1984. ഞാന്‍ അഞ്ചാം ക്ലാസിലേക്ക് കയറിയപ്പോള്‍ ഒരു വലിയ ചേട്ടനായ മട്ടും ഭാവവുമൊക്കെ വരുത്തിയാണ് ഞാന്‍ പുതിയ പള്ളിക്കൂടത്തിലേക്ക് പോയത്. അവധിക്കാലം തീരും മുന്‍പേതന്നെ, ഞങ്ങളുടെ മലയോരത്ത് മഴക്കാലം തുടങ്ങി. കണ്ണാടിപ്പാറയിലും ഇരുമലക്കപ്പിലുമെല്ലാം തല്ലിയലച്ചു പെയ്ത മഴ, മണ്‍വഴികളില്‍ ഗര്‍ത്തങ്ങളുണ്ടാക്കി പാറത്തോട്ടിലേക്ക് മലവെള്ളമൊഴുക്കി. പാറത്തോട് നിറഞ്ഞൊഴുകിയ വെള്ളം വഴിയും പാടവും തോടുംമൊന്നും ഏതെന്നു തിരച്ചറിയാത്തവിധം താഴ്വാരങ്ങളെ മഞ്ഞമയമാക്കി. കുഞ്ചിരക്കാട്ട് പാറയുടെ മാറില്‍ തല്ലിത്തെറിച്ചൊഴുകിയ തെള്ളിത്തോട് ചിന്നാറ്റിലെ ചപ്പാത്ത് കവിഞ്ഞൊഴുകാന്‍ കാരണമായി. ആ ജൂണ്‍ മാസത്തില്‍ ആദ്യത്തെ ഒരാഴ്ചകൂടി ജില്ലാ കളക്ടര്‍ പള്ളിക്കൂടം അടച്ചിട്ടകാര്യം റേഡിയോയില്‍ പറഞ്ഞുവെന്ന് അയല്പക്കത്തെ ഷൈജു പറഞ്ഞാണ് അറിഞ്ഞത്. സമപ്രായക്കാരനാണെങ്കിലും അവന് ആറാം ക്ലാസ്സില്‍ കയറിയിരുന്നു. എന്നെ ഒരുവര്‍ഷം താസിച്ചു സ്കൂളില്‍ ചേര്‍ത്തതിനാല്‍ എല്ലാ വര്‍ഷവും ഷൈജുവിന്റെ തലേവര്‍ഷത്തെ പുസ്തകം പകുതി വിലക്ക് വാങ്ങുന്ന ശീലം ആ വര്‍ഷവും ആവര്‍ത്തിച്ചു. നാലാം ക്ലാസ്സിന്റെ തുടക്കത്തില്‍ കാളത്തോട്ടിലെ അനാഥാലയത്തില്‍ ആയിരുന്നപ്പോള്‍ മാത്രമായിരുന്നു അത്തരത്തിലൊരു അയല്പക്ക പുസ്തക വ്യവഹാരം നടക്കാതിരുന്നത്.
ഒരാഴ്ചത്തെ അധിക അവധിയും കഴിഞ്ഞ് പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ അമ്മ ജെസിക്ക് മാത്രം കുട വാങ്ങി. കമ്പിളികണ്ടത്തെ ഷാജി ക്ലോത്തില്‍ നിന്നും വെള്ളപ്പിടിയില് വെള്ളി നിറത്തിലുള്ള സ്വിച്ചുള്ള ഞെക്കുമ്പം തെറിക്കുന്ന ഒരു സെന്റ് ജോര്‍ജ് കുട. ലാലിക്കും ബിന്ദുവിനും എനിക്കും കുടയൊന്നും കിട്ടിയില്ല. അക്കാലത്ത് ഞങ്ങളുടെ പള്ളിക്കൂടത്തില്‍ യൂണിഫോമൊന്നും നിര്‍ബന്ധിതമായിരുന്നില്ല. ജെസ്സിക്ക് ആ വര്‍ഷം വലിയ ഫ്ളീറ്റ് വച്ച് രമണിച്ചേച്ചി തയ്ച്ച രണ്ടു വലിയ പാവാടയും ബ്ലൗസും കിട്ടി. ആ ക്രിസ്മസ് അവധിക്ക് ഒരോ ജോഡി വസ്ത്രങ്ങള്‍ കിട്ടിയതിനാല്‍ ഞങ്ങള്‍ക്ക് ഇളയ മൂന്ന് പേര്‍ക്കും പുതിയതൊന്നും സ്കൂള്‍ വര്‍ഷത്തിന്റെ ആരംഭത്തില്‍ വാങ്ങിത്തന്നില്ല. ജെസിയുടെ പാവാട തയ്ച്ചത് വാങ്ങാന്‍ ചെല്ലുമ്പോള്‍ അവരുടെ മകന് നോബിക്ക് ഇടാന്‍ ഇഷ്ടമില്ലാതിരുന്ന ഒരു കരിനീല നിറമുള്ള നിക്കര്‍ എനിക്ക് നല്കാന് ഗോവിന്ദന് ചേട്ടന് പറഞ്ഞപ്പോള്‍ രമണിച്ചേച്ചി അതെനിക്ക് എടുത്തു തന്നു. അത് വാങ്ങാതെ കുറേനേരം ഞാന്‍ അവരുടെ മുറ്റത്ത് മടിച്ചുനിന്നു. തലേ വര്‍ഷം കാളത്തോട്ടിലെ അനാഥശാലയുടെ ഇടവകപ്പള്ളിയില്‍നിന്ന് കിട്ടിയ നിക്കറിട്ട് പള്ളിക്കൂടത്തില്‍ ചെന്നപ്പോള്‍ സഹപാഠി തിമോത്തി അത് അവന്റെ നിക്കറാണന്ന് മറ്റു കുട്ടികളുടെ മുന്പില് വെച്ചു വിളിച്ചു പറഞ്ഞത് ഒരു വലിയ മുറിവായി അപ്പോഴും മനസ്സിലുണ്ടായിരുന്നു.
Content Highlights: Childhood Memories by babu abraham From Parathot to Paris part 12