'കഞ്ഞിക്കില്ലേലും മക്കളെ നമ്മുടെ കൂടെ നിർത്തി വളർത്തണം, മേരി നല്ലകാര്യമാ ചെയ്തത്'

ഒന്നര വർഷത്തെ അനാഥശാലയിലെ ജീവിതം മതിയാക്കി അമ്മ ഞങ്ങളെ വീട്ടിൽ കൊണ്ടുവന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ആ വർഷത്തെ ക്രിസ്മസ്. തലേന്ന് കുമാരൻ ചേട്ടന്റെ കശാപ്പുകടയിൽനിന്ന് വാങ്ങിയ ഒരു കിലോ ഇറച്ചി ഞങ്ങളുടെ ക്രിസ്മസ് കൂടുതൽ ആഘോഷമാക്കി. ഉച്ചയായിട്ടും വിറ്റുപോകാത്ത പശള കൂടുതലുള്ള ഇറച്ചി, കശാപ്പുശാല വൃത്തിയാക്കി മടങ്ങും മുൻപ് അദ്ദേഹം എന്നെ വിളിച്ചു തന്നുവിട്ടു. അക്കൂട്ടത്തിൽ മിച്ചംവന്ന വാരിയെല്ലുമുണ്ടായിരുന്നു. അമ്മ, വറത്തരച്ചുവച്ച എല്ലും കപ്പയും ഉച്ചക്ക് മുന്നേ വാഴയിലയിൽ വിളമ്പി.
ഞങ്ങളത് കഴിച്ചു തുടങ്ങിയപ്പോഴേക്കും അതിനും രണ്ടര വർഷം മുൻപ് ചെമ്പകപ്പാറയിൽ കെട്ടിച്ച അമ്മയുടെ അനിയത്തിയും ഭർത്താവും അവരുടെ ആറുമാസം പ്രായമുള്ള ഇളയ കുഞ്ഞുമായി വന്നു. അനാഥശാലയിൽ പോകുന്നതിനൊക്കെ മുൻപ്, ഞാൻ രണ്ടാം ക്ലാസ്സിൽ കയറുന്നതും കാത്തിരുന്ന വേനലവധിക്കായിരുന്നു കുഞ്ഞമ്മയുടെ കല്യാണം. സമുദായത്തിൽപ്പെട്ട ചെറുക്കന്മാർക്ക്, സ്ത്രീധനത്തുക കല്യാണ കമ്പോളത്തിൽ കൂടുതൽ ആയിരുന്നതിനാലാണ് കുഞ്ഞമ്മയെ സമുദായത്തിൽനിന്ന് മാറി വിവാഹം കഴിച്ചയച്ചത് എന്നാണ് എന്റെ കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുള്ളത്. ചെമ്പകപ്പാറയിൽനിന്ന് ആലോചനയുമായി വന്ന അങ്കിളിന്റെ കുടുംബക്കാർ പതിനായിരം രൂപയാണത്രെ സ്ത്രീധനം ചോദിച്ചത്. അമ്മയുടെ തറവാട്ടിൽ, കുടുംബസ്വത്തിന്റെ ഭാഗോടമ്പടി ഒന്നും കഴിഞ്ഞിരുന്നില്ല. കൊച്ചമ്മാവന്റെകൂടെ കുഞ്ഞമ്മാവനും കുഞ്ഞമ്മയും രണ്ട് ആന്റിമാരുമാണ് തറവാട്ടിൽ താമസിച്ചിരുന്നത്. മാറിത്താമസിച്ചിരുന്ന മൂത്തമ്മാവനുമായി ആലോചിച്ച് ഒൻപതിനായിരം രൂപ സ്ത്രീധനം പറഞ്ഞ് കല്യാണം ഉറപ്പിച്ചു. എണ്ണായിരം രൂപ രൊക്കമായും ആയിരം രൂപ അവധിവച്ചുമുള്ള ഒരുറപ്പീരായിരുന്നു അത്. അഞ്ചു പവൻ സ്വർണ്ണമായും ആയിരത്തഞ്ഞൂറു രൂപ പണമായും ഒത്തുകല്യാണത്തിന് ഉണ്ടാകുമെന്ന ഉറപ്പ് കൊച്ചമ്മാവൻ അങ്കിളിന്റെ വീട്ടുകാർക്ക് നൽകി.
Content Highlights: Childhood Memories by babu abraham From Parathot to Paris part 10