'നിന്റെ തന്ത നിനക്ക് നാലര വയസുള്ളപ്പോ ഇവിടന്ന് പോയി എന്നത് കാര്യമാ. പക്ഷേ നീ തന്തയില്ലാത്തവനല്ല'

ബാബു അബ്രഹാമിന്റെ വീട്
ബാബു അബ്രഹാമിന്റെ വീട്

പതിന്നാല് വയസുകാരനായ എന്റെ മനസ്സിന്റെ മൂലയില്‍ ഇരുട്ട് പെറ്റുകിടന്നു. എട്ടാം ക്ലാസ്സിലെ യുവജനോത്സവ മത്സരങ്ങളെത്തുടര്‍ന്ന് എന്റെ മനസ്സു മുഴുവന്‍ ആരോടൊക്കെയോ പകയായിരുന്നു. പള്ളിക്കൂടത്തോടും അധ്യാപകരോടും സഹപാഠികളോടുമൊക്കെ വാക്കുകളില്‍ പ്രകടിപ്പിക്കാനാവാത്ത ഒരുതരം വെറുപ്പ് കൂടിക്കൂടി വന്നു. ഒന്‍പതാം ക്ലാസ്സില്‍ കയറിയപ്പോള്‍ പള്ളിയില്‍ കപ്യാരുടെ പണി കിട്ടിയെങ്കിലും, അതിലൂടെ മാസ ശമ്പളമായി കിട്ടിയ എഴുപതിയഞ്ച് രൂപ അമ്മയ്ക്ക് സഹായമായെങ്കിലും  ദൈവത്തോട് പോലും എന്റെ മനസ്സ് അകലം പാലിച്ചു. എട്ടാം ക്ലാസ്സില്‍ വേദപാഠം പഠിപ്പിച്ച ജേക്കബ് സാര്‍ മാത്രമാണ് എന്നെ മനസ്സിലാക്കിയതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വികൃതിയും താന്തോന്നിയുമായ എന്നെപ്പോലുള്ള കുട്ടികള്‍ ക്ലാസ്സില്‍ ഉണ്ടാകുന്നത് പള്ളിക്കൂടത്തിലും പള്ളിയിലെ സണ്‍ഡേ സ്‌കൂളിലും പല അധ്യാപകരും ഇഷ്ടപ്പെട്ടിരുന്നില്ല.

'തന്തയില്ലാത്തവന്‍' എന്ന പേരില്‍ ജീവിക്കാന്‍ എന്നെ ഇങ്ങോട്ട് വിട്ട പിതാവും പുത്രനും  പരിശുദ്ധാത്മാവുമൊക്കെ എനിക്ക് കരുണയില്ലാത്ത, ആകാശമാളികകളില്‍ വാഴുന്ന അദൃശ്യശക്തികളായി മാറി. അമ്മയോടോ സഹോദരങ്ങളോടോ എന്റെ മനസ്സിന്റെ മൂലയില്‍ പെറ്റു പെരുകിയ ആ ഇരുട്ടിനെക്കുറിച്ച് ഞാന്‍ ഒരിക്കലും സംസാരിച്ചില്ല. ഉള്ളില്‍ ആരും കാണാത്തവിധം ഞാനൊളുപ്പിച്ച ആ ഇരുട്ട് എന്റെ നിശബ്ദതയിലും പെറ്റു പെരുകി.

Content Highlights: Childhood Memories by babu abraham From Parathot to Paris part 29

Continue reading