പാവപ്പെട്ടവരും ഇലോണ്‍ മസ്‌ക്കും: ഒരു അമേരിക്കന്‍ മുഹൂര്‍ത്തം

#എസ്.ഗോപാലകൃഷ്ണൻ
ഇലോൺ മസ്ക്ക്
ഇലോൺ മസ്ക്ക്

അമേരിക്ക അതിന്റെ രാഷ്ട്രീയ ചരിത്രത്തിലെ, പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള രാഷ്ട്രീയചരിത്രത്തിലെ, ഏറ്റവും വലിയ യു ടേണ്‍ എടുക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ആഗോള മുതലാളിത്തരാഷ്ട്രീയത്തിന്റേയും അത് ഉദാത്തമെന്ന് കരുതി പറഞ്ഞുപോരാറുള്ള ലിബറല്‍-ജനാധിപത്യമൂല്യങ്ങളുടെ സമ്പന്ന പശ്ചാത്യഭാഷ്യത്തിന്റെയും നേതാവ് എന്ന പച്ചവേഷവും അതിന്റെ കിരീടവും അമേരിക്ക അഴിച്ചുവെക്കുന്നു. പകരം ലോകമാകമാനം അലയടിക്കുന്ന വലതുപക്ഷ ദേശവാദ രാഷ്ട്രീയക്കാറ്റിന്റെ ചുഴലിക്കണ്ണായി അമേരിക്ക മാറുന്നതായിട്ടാണ് നമുക്കനുഭവപ്പെടുന്നത്. അമേരിക്കയ്ക്ക് എന്നും അമേരിക്കയായിരുന്നു വലുത്. ഇപ്പോള്‍ 'എന്തിനും മീതേ അമേരിക്ക' (America First ) എന്നത് ഡൊണാള്‍ഡ് ട്രംപ് ഒരു നയമാക്കുമ്പോള്‍ അത് കയ്യൊഴിയുന്നത് രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയെ നിതാന്തബന്ധുവായി കരുതി ജീവിച്ചുപോന്ന പടിഞ്ഞാറന്‍ യൂറോപ്പിനേയും ഇംഗ്ലണ്ടിനേയുമാണ്. അതുണ്ടാക്കുന്ന ആഗോളസാഹചര്യമാണ് അമേരിക്കയുടെ യു ടേണ്‍ കൊണ്ട് അനാച്ഛാദിതമാകുന്ന ആദ്യപരിണിതി. ആ പരിണിതിയാകട്ടേ, ലോകത്തെയാകമാനം ബാധിക്കുന്നതുമാണ്.

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെ വകതിരിവാണ് ബെണി സാന്‍ഡേഴ്സ് (Bernie Sanders). ആ ശബ്ദം അമേരിക്ക പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ അത് അമേരിക്ക പ്രതിനിധാനം ചെയ്യുന്ന ലോകാധികാരത്തിന്റെ ശബ്ദമായി ആളുകള്‍ ഒരിക്കലും തെറ്റിദ്ധരിക്കുന്നുമില്ല. തെറ്റുവരുമ്പോള്‍ തിരുത്താന്‍ അദ്ധ്യാപകനെ നോക്കുന്ന കുട്ടിയെപ്പോലെ അമേരിക്കന്‍ പൊതുരാഷ്ട്രീയ മണ്ഡലം സാന്‍ഡേഴ്സിന്റെ പ്രതികരണത്തിനായി കാതോര്‍ത്തുവരുന്നു. പൂന്താനം പണ്ട് മലയാളത്തില്‍ എഴുതിയ വരികളില്ലേ,  'സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍' എന്ന്. ട്രംപിന്റെ കത്തിവേഷത്തിലെ ക്രോധത്തിന്റെ ചരിത്രാതീത സാധുതയെക്കുറിച്ചാണ് കവി പതിനേഴാം നൂറ്റാണ്ടില്‍ കീഴാറ്റൂരെ പൂന്താനം ഇല്ലത്തിരുന്ന് പാടിയത്.

Content Highlights: Bernie Sanders Elon Musk American Oligarchy Democracy Politics US Politics Inequality Wealth Gap

Continue reading