ഹുസൈന്റെ മൃതശരീരം സ്വീകരിക്കാമെന്ന് അന്ന് ഇന്ത്യ, ആ നൂറുകോടി പതിനെട്ടു ലക്ഷം ഓര്‍മിപ്പിക്കുന്നത്

നാടുകടത്തപ്പെടുന്നതും സ്വയം നാടുകടക്കുന്നതും രണ്ടു കാര്യങ്ങളാണ്. ശ്രീരാമനെ രാജാവായിരുന്ന അച്ഛന്‍ മൂന്നാമത്തെ ഭാര്യയുടെ ആഗ്രഹത്തെ തുടര്‍ന്ന് നാടുകടത്തുകയായിരുന്നു. മൂന്നു മതങ്ങള്‍ക്ക് ദൈവകല്പനകളില്‍ അഭയം നല്‍കിയ മോസസ് തന്റെ കൗമാരത്തില്‍ ഒരു കാഴ്ച കണ്ടു- ഒരു യഹൂദനെ ഒരു ഈജിപ്ഷ്യന്‍ മര്‍ദിക്കുന്നത്. മോസസ് ആ ഈജിപ്ഷ്യനെ കൊന്നുകളഞ്ഞു. ഫറവോ ചക്രവര്‍ത്തിയുടെ പ്രതികാരത്തില്‍ നിന്നും രക്ഷപ്പെടാനായി മോസസ് നാടുവിട്ടു. അദ്ദേഹം വടക്കുപടിഞ്ഞാറന്‍ അറബ് മരുദേശമായ മിദ്യാനിലേക്ക് പോയി.
ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ കവിയും ചിന്തകനുമായിരുന്ന ദാന്തെയെ (Dante Alighieri) ഫ്‌ളോറന്‍സില്‍ നിന്നും നാടുകടത്തിയ ദിവസത്തെ ഓര്‍മിക്കുന്ന ദിവസമായിരുന്നു അത്. ഇരുപതു കൊല്ലങ്ങളാണ് മഹാകവി ദേശാന്തരം അലഞ്ഞത്. 1321-ല്‍ വടക്കന്‍ മെഡിറ്ററേനിയനിലെ ആഡ്രിയാറ്റിക് തീരത്തെ റവേന്നയില്‍ മലേറിയപിടിച്ചു മരിച്ചു. 2025-ലെ മാര്‍ച്ച് പാതിയുടെ അഴകേറിയ ഒരു ദുഃഖം ദാന്തെയുടെ നാടുകടത്തലിന്റെ ഓര്‍മയോടടുപ്പിച്ചുള്ള തീയതിയില്‍ മറ്റൊരു കലാകാരന്റെ ദീപ്തജീവിതം മരണാനന്തരം ആദരിക്കപ്പെട്ടതാണ്. അദ്ദേഹം സ്വയം നാടുകടത്തപ്പെട്ടവന്‍, അന്യദേശത്തെ പൗരത്വം സ്വീകരിച്ച് മരിക്കേണ്ടിവന്നവന്‍, എം.എഫ്.ഹുസൈന്‍. മോസസ് നാടുകടന്ന് താമസിച്ച മിദ്യാനില്‍ നിന്നും 1900 കിലോമീറ്റര്‍ അകലെയുള്ള ഖത്തറിലാണ് ഹുസൈന്‍ അവസാനകാലം ജീവിച്ചത്.
Content Highlights: azhchappadukal s gopalakrishnan mf hussain the legend artist and quitting nation