പണം കടം വാങ്ങി ആർഭാടമില്ല; സായിപ്പിന്റെ പ്രണയവും മലയാളി മങ്കയുടെ ബനാറസ് സാരിയും

മാലിനിയും അനൂപും സോണിയയും എഡും | Photo: special arrangement
മാലിനിയും അനൂപും സോണിയയും എഡും | Photo: special arrangement

മേരിക്കൻ ജീവിതത്തിലെ ആദ്യപകുതിയിലാണ് ഇവിടത്തെ യുവതലമുറയുടെ ജീവിതരീതികൾ ഞാൻ കൂടുതലായി നിരീക്ഷിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസകാലവും പഠനരീതികളും സാമൂഹികമായ ഇടപെടലുകളുമാണ് അതിനെന്നെ കൂടുതൽ സഹായിച്ചത്. ഇവിടത്തെ യുവതലമുറയോട് എനിക്ക് വലിയ ബഹുമാനം തോന്നിയിരുന്നു. അവർ തങ്ങളുടെ ജീവിതം സ്വയം നിർണയിക്കുന്നു. വളരെ ചെലവേറിയ ഉന്നതവിദ്യാഭ്യാസം ഭൂരിപക്ഷം കുട്ടികളും പൂർത്തിയാക്കുന്നത് രക്ഷിതാക്കളുടെ സഹായമില്ലാതെയാണ്. സർക്കാർ ആദ്യഘട്ടത്തിൽ ചെറിയ ലോൺ കൊടുക്കുന്നതാണ് ഏക ആശ്വാസം. അതിന് പലിശ കുറവായിരിക്കും. രക്ഷിതാക്കൾക്കാണ് ആ വായ്പ നൽകുക. പല ജോലികൾ മാറിമാറി ചെയ്ത് കുട്ടികൾ തുടക്കം മുതൽക്കേ ജീവിതം തങ്ങളുടെ പരിധിക്കകത്ത് നിർത്താൻ പഠിക്കുന്നു. പണം കൈകാര്യം ചെയ്യാൻ പഠിക്കുക എന്നത് ഒരു വലിയ കലയാണ്. അതാണ് മുതിർന്ന കുട്ടികൾക്ക് ആദ്യം ലഭിക്കുന്ന പ്രായോഗിക വിദ്യാഭ്യാസങ്ങളിൽ ഒന്ന്. ഇവിടെയുള്ള അനന്തമായ ജോലിസാധ്യത കുട്ടികൾക്ക് ഒരനുഗ്രഹമാണ്. ആരുംതന്നെ സർക്കാർ ജോലിക്കായി വർഷങ്ങൾ മുടക്കി കാത്തിരിക്കുന്ന പതിവില്ല. പഠിക്കുമ്പോൾ തന്നെ രണ്ടുംമൂന്നും സ്ഥാപനങ്ങളിൽ ജോലി ചെയ്ത് അവർ വരുമാനം കണ്ടെത്തിയിരിക്കും. അവരുടെ പരിചയസമ്പത്താണ് ജീവിതം സുഗമമാക്കുന്നത്. ഡിഗ്രി കഴിഞ്ഞാൽ കുറച്ചുകാലമൊക്കെ ജോലി ചെയ്തിട്ടാണ് കുട്ടികൾ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പോകാൻ പദ്ധതിയിടുക. ഉന്നതവിദ്യാഭ്യാസത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഒന്നായിട്ടു മാത്രമേ അവർ അണ്ടർ ഗ്രാജ്വേഷനെ കാണാറുള്ളൂ. ഡിഗ്രി കഴിഞ്ഞ് കുറച്ചുകാലം ജോലി ചെയ്യുമ്പോൾ ഇനിയെന്തിലേക്കാണ് തങ്ങളുടെ അക്കാദമിക ശ്രദ്ധ കൊടുക്കേണ്ടതെന്ന് കുട്ടികൾക്ക് ഏകദേശരൂപം കിട്ടിയിട്ടുണ്ടാവും. കുട്ടികൾ ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ പോകുന്ന മേഖലയെക്കുറിച്ച് ഈ കാലയളവിലാണ് അവർ തന്നെ ബോധവാന്മാരാകുന്നത്.

ജീവിതത്തിന്റെ ഗതിവിഗതികൾ ഏറെക്കുറേ മനസ്സിലാക്കിയതിനുശേഷമാണ് അമേരിക്കയിലെ മിക്ക കുട്ടികളും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനമെടുക്കുന്നത്. ഇരുപതുകഴിഞ്ഞു എന്നു കരുതി പെണ്ണുകാണാൻ വന്നവരിൽ ആരെയെങ്കിലും വീട്ടുകാർ അങ്ങ് ഉറപ്പിച്ച് നടത്തിക്കൊടുക്കുകയല്ല. പങ്കാളിയെ തിരഞ്ഞെടുക്കാൻ അവർക്ക് കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടായിരിക്കും; എല്ലാം ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും. വിവാഹവും മിതമായ രീതിയിലാണ് നടത്തുക. വളരെ ചെറിയ ആൾക്കൂട്ടമേ കാണുകയുള്ളൂ. സാധാരണക്കാരുടെ കാര്യമാണ് ഞാൻ പറഞ്ഞുവരുന്നത്. ചിലർ വിവാഹം പള്ളിയിൽ വെച്ച് നടത്തുമ്പോൾ ചിലർ രജിസ്ട്രാഫീസിനെയാണ് ആശ്രയിക്കുക. അതിനുശേഷം പത്തോ അമ്പതോ പേരെക്കൂട്ടി ഒരു വിരുന്നുസത്​കാരം നടത്തും. ഇരുനൂറ് പേരടങ്ങുന്ന വിവാഹം എന്നുപറഞ്ഞാൽ ഇവിടത്തെ ഏറ്റവും വലിയ കല്യാണമാണ്. നമ്മൾ കേട്ടുശീലിച്ചതുപോലെ വിവാഹത്തിന് എന്തുകൊടുക്കും, എന്തുകിട്ടും എന്ന ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. കുട്ടികൾ തങ്ങൾക്കിഷ്ടപ്പെട്ട ഒരാളെ കണ്ടെത്തിയാൽ മാതാപിതാക്കളെ അറിയിക്കും. ചിലപ്പോൾ വിവാഹത്തീയതി അവർ എല്ലാവരും കൂടി ഒന്നിച്ച് തീരുമാനിക്കും അല്ലെങ്കിൽ ഇന്ന ദിവസം വിവാഹിതരാവുകയാണ് എന്ന് കുട്ടികൾ രക്ഷിതാക്കളെ അറിയിക്കും.

Content Highlights: The author reflects on the independent, financially disciplined lifestyle of American youth, comparing it with traditional Indian practices, while sharing the unique wedding experiences of her daughters, Malini and Sonia, who chose simplicity over lavishness in the United States.

Continue reading