സെപ്തംബർ 11-ന് ശേഷം അമേരിക്കയിൽ സംഭവിച്ചത്; മലയാളം സീരിയൽ ചിത്രീകരണവും സെനറ്റിലെ തിരക്കുകളും

2001 സെപ്റ്റംബർ 11. ന്യൂയോർക്കിലെ അംബരചുംബികളായ കെട്ടിടങ്ങളിലൊന്നിൽ ആദ്യത്തെ ബോംബ് വീഴുന്ന സമയത്ത് ഞാൻ സെനറ്റ് ഓഫീസിലെ ഒരു കോൺഫറൻസ് മുറിയിൽ മീറ്റിംഗിലായിരുന്നു. സെനറ്റ് ഫ്ളോറിൽ നടക്കുന്ന തൽസമയ ദൃശ്യങ്ങൾ ചുവരുകളിൽ ഉടനീളം സ്ഥാപിച്ചിരിക്കുന്ന ടി.വികളിൽ കാണിക്കുന്നത് പതിവായിരുന്നു. പെട്ടെന്നാണ് സെനറ്റ് ഫ്ളോറിലെ ദൃശ്യങ്ങൾ മാറിയത്. ഒരു വിമാനം ന്യൂയോർക്കിലെ കൂറ്റൻ കെട്ടിടത്തിനുമേൽ ഇടിക്കുന്ന കാഴ്ച! അതുകണ്ട് കോൺഫറൻസ് റൂമിൽനിന്ന് ഞങ്ങൾ പെട്ടെന്ന് ഹാളിലേക്ക് ഇറങ്ങി. അതൊരു അപകടമാണെന്നാണ് ആദ്യം കരുതിയത്. അപകടത്തിന്റെ വിശദാംശങ്ങൾ അറിയാനായി എല്ലാവരും ടെലിവിഷന് ചുറ്റും കൂടി നിൽക്കുകയാണ്. അഞ്ചുനിമിഷത്തിനുള്ളിൽ സെനറ്റ് ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിൽനിന്ന് അറിയിപ്പ് വന്നു എല്ലാവരും ഓഫീസിൽനിന്ന് ഉടൻ ഇറങ്ങണം.
കൈയിൽ കിട്ടിയ സാധനങ്ങളെല്ലാമെടുത്തു ഞങ്ങൾ കെട്ടിടത്തിനു പുറത്തിറങ്ങി. അപ്പോൾ ക്യാപിറ്റോളിന്റെ മുകളിൽ കൂരിരുട്ട് പകർന്നതുപോലെ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒരു കൂറ്റൻ വിമാനം താഴ്ന്നുപറക്കുകയായിരുന്നു. ആദ്യം എല്ലാവരും കരുതിയത് അതൊരു ശത്രുവിമാനമാണെന്നായിരുന്നു. അതല്ല, നമ്മുടെ വിമാനമാണെന്ന് കൂട്ടത്തിലാരോ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും ആയിരക്കണക്കിനാളുകൾ ക്യാപിറ്റോളിനു ചുറ്റും തടിച്ചുകൂടിയിരുന്നു. പെട്ടെന്ന് ഭയാനകമായ ഇടിവെട്ടുശബ്ദം, ഒപ്പം ആകാശത്തേക്ക് അനിയന്ത്രിതമായി പുകച്ചുരുളുകൾ ഉയർന്നുപൊങ്ങി. അധികം വൈകാതെ തന്നെ വിവരമറിയാനായി. അടുത്തുള്ള പെന്റഗണിൽ വേറൊരു വിമാനം ഇടിച്ചിറങ്ങിയതാണ്! ആ ശബ്ദമാണ് കേട്ടത്. ക്യാപിറ്റോളിന്റെ ചുറ്റുമുള്ള പാർക്കുകളിൽ ആളുകൾ തിങ്ങിക്കൂടിക്കൊണ്ടേയിരിക്കുന്നു. എങ്ങോട്ടു പോകണമെന്ന് ആർക്കുമൊരു നിശ്ചയവുമില്ല. അംബരചുംബികളായ കെട്ടിടങ്ങൾ തകർന്നടിയുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാവുന്നില്ല.
Content Highlights: The author provides a harrowing personal account of witnessing the 9/11 terror attack from the US Senate and the subsequent professional and personal challenges faced while producing a Malayalam serial during a period of national emergency.