ശരീരഭാരം 20 കിലോ കുറച്ചു; ആറ് കാര്യങ്ങള്‍ പങ്കുവെച്ച് യുവതി, അഞ്ചാമത്തേത് ആശ്വാസമേകുന്നത്

ശരീരഭാരം കുറച്ച് ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുക എന്ന സ്വപ്‌നവുമായി മുന്നോട്ട് പോകുന്നവര്‍ ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. ഇത് കഠിനമായൊരു കാര്യമാണെന്ന് കരുതുന്നവരും ലളിതമാണെന്ന് കരുതുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ഥ്യം? തന്റെ അനുഭവത്തില്‍ നിന്ന് ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആറ് കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നമിത സതീഷ് എന്ന യുവതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
Also Read: ശരീരഭാരം കുറയ്ക്കണോ? ലളിതമായ ഈ 30-30-30 നിയമം പാലിക്കൂ, വിശദമായി അറിയാം | വീഡിയോ
ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളി നിറഞ്ഞ യാഥാര്‍ഥ്യങ്ങളാണ് നമിത വിശദീകരിച്ചത്. താന്‍ ഈ സത്യങ്ങള്‍ പറയുന്നത് അനുഭവങ്ങളില്‍ നിന്നാണെന്ന് അവര്‍ പറയുന്നു. ഇതെല്ലാം താന്‍ നേരിട്ട വെല്ലുവിളികളാണ്. ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ക്കും പരാജയങ്ങള്‍ക്കും വ്യത്യസ്തരീതികള്‍ പരീക്ഷിച്ച ശേഷവുമാണ് എന്താണ് ശരിയായ മാര്‍ഗമെന്ന് ഞാന്‍ തിരിച്ചറിഞ്ഞതെന്നും നമിത പറയുന്നു. നമിത പറയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം:
സമയത്തെ കുറിച്ചാണ് നമിത ആദ്യം പറയുന്നത്. ക്ഷമയും സ്ഥിരതയും ഉണ്ടെങ്കില്‍ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. വര്‍ഷങ്ങള്‍ കൊണ്ട് വര്‍ധിച്ച ശരീരഭാരം മാസങ്ങള്‍ കൊണ്ട് കുറയുകയില്ല എന്നതാണ് യാഥാര്‍ഥ്യം.
Don't Miss: കൊഴുപ്പും ശരീരഭാരവും കുറയ്ക്കാം; അഞ്ച് ടിപ്പുകളുമായി ഫിറ്റ്‌നെസ് കോച്ച്
ഭക്ഷണത്തെ കുറിച്ചാണ് അടുത്തതായി നമിത പറയുന്നത്. എല്ലാം വേണം അല്ലെങ്കില്‍ ഒന്നുംവേണ്ട എന്ന മനോഭാവം മാറണം. അനാരോഗ്യകരമായ ഭക്ഷണം കഴിച്ചുപോയെന്ന് കരുതി ശ്രമം ഉപേക്ഷിക്കേണ്ടതില്ല. ശ്രമം തുടരണം.
നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങളെ അംഗീകരിക്കണമെന്നാണ് മൂന്നാമതായി നമിത പറയുന്നത്. ദിവസവും പ്രചോദനം ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. സ്ഥിരതയുള്ള ശീലങ്ങളും ദിനചര്യകളുമുണ്ടാക്കുക. അങ്ങനെ ചെയ്താല്‍ പ്രചോദനം ഇല്ലെങ്കിലും മുന്നോട്ട് പോകാന്‍ കഴിയും.
Related Story: 'ഈ 5 കാര്യങ്ങൾ ചെയ്താൽ സുസ്ഥിരമായ മാറ്റം'; ഭാരം കുറച്ച അനുഭവം പങ്കുവെച്ച് യുവതി
എളുപ്പവഴികള്‍ തേടി പോകരുതെന്നാണ് അടുത്തതായി നമിത പറയുന്നത്. പ്രോബയോട്ടിക്കുകള്‍, ഫാറ്റ് ബേണറുകള്‍, ജ്യൂസ് മാത്രം കഴിക്കുന്ന രീതി തുടങ്ങിയവയുടെ പിന്നാലെ പോകരുത്. സന്തുലിതമായ ഭക്ഷണക്രമമാണ് വേണ്ടതെന്നും യുവതി ഓര്‍മ്മിപ്പിക്കുന്നു.
കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്നാണ് അഞ്ചാമതായി നമിത സതീഷ് പറയുന്നത്. ശരീരഭാരം കുറയ്ക്കാനായി ഇഷ്ടഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ട കാര്യമില്ല. മിതമായ അളവില്‍ കഴിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. കടുത്ത നിയന്ത്രണങ്ങള്‍ ആസക്തി വര്‍ധിപ്പിക്കാനിടയാക്കും.
ആഴ്ച മുഴുവന്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ആറാമതായി നമിത സതീഷ് പറയുന്നത്. സ്ഥിരതയില്ലാത്ത ഭക്ഷണശീലം ഭാരം കുറയ്ക്കാനുള്ള ശ്രമത്തെ പിന്നോട്ടടിച്ചേക്കാമെന്നും നമിത പറയുന്നു.
Also Read: രണ്ടുമാസം കൊണ്ട് 10 കിലോ കുറയ്ക്കണോ? ഈ ആറ് ലളിതമായ കാര്യങ്ങള്‍ ചെയ്യാം
Content Highlights: Woman Sheds 20 Kg, Reveals 6 Brutal Truths About Weight Loss