'11 വര്‍ഷമായി അനുഷ്‌കയും ഈ യാത്രയില്‍ ഒപ്പമുണ്ട്, എന്റെ ഉയര്‍ച്ചതാഴ്ച്ചകളും തകര്‍ച്ചയും അവള്‍ കണ്ടു'

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ 18-ാം നമ്പര്‍ ജഴ്‌സിയില്‍ വിരാട് കോലി കിരീടം വാനിലേക്കുയര്‍ത്തിയിരിക്കുന്നു. അവിശ്വസനീയമായ ആ നിമിഷത്തില്‍ കോലിക്ക് കണ്ണീരടക്കാനായില്ല. ഇതിനൊപ്പം കോലിയുടെ അത്രതന്നെ സന്തോഷത്തില്‍ ഗാലറിയിലിരുന്ന് അനുഷ്‌ക ശര്‍മയും ആ വിജയം ആഘോഷിച്ചു.
പിന്നാലെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി കോലിയെ ആശ്ലേഷിച്ചു. ഇതിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ പറന്നുനടന്നു. വെള്ള ഷര്‍ട്ടും ഡെനിം പാന്റ്‌സും ധരിച്ച അനുഷ്‌ക വിഐപി ലോഞ്ചില്‍ നിന്ന് ഇറങ്ങി ഗ്രൗണ്ടിലുള്ള കോലിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും കോലി ഗ്രൗണ്ടില്‍ നിന്ന് വിഐപി ലോഞ്ചിലേക്ക് ഓടിവന്ന് അനുഷ്‌കയെ ആശ്‌ളേഷിച്ചതും വിജയനിമിഷത്തെ കൂടുതല്‍ മനോഹരമാക്കി. കോലിയുടെ തലയില്‍ തലോടി ആശംസകള്‍ അറിയിച്ച അനുഷ്‌കയുടെ നെറ്റിയില്‍ ഒരു സ്‌നേഹ ചുംബനം നല്‍കാന്‍ കോലിയും മറന്നില്ല. ഇതുപോലെയൊരു സ്‌നേഹം എല്ലാവരും കണ്ടെത്തിയിരുന്നെങ്കിലെന്ന ക്യാപ്ഷനോടെയാണ് ഒട്ടേറെപ്പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മത്സരശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ തന്റെ വിജയത്തില്‍ അനുഷ്‌കയ്ക്കും കുടുംബത്തിനുമുള്ള പങ്കിനെ കുറിച്ചും കോലി വാചാലനായി. 'ഞാന്‍ ഗ്രൗണ്ടില്‍ എപ്പോഴും കരയുന്ന വ്യക്തിയല്ല. എന്നാല്‍ ഇന്ന് എനിക്ക് എന്റെ കണ്ണുനീരിനെ നിയന്ത്രിക്കാനായില്ല. കഴിഞ്ഞ 18 വര്‍ഷം എന്തെല്ലാം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് എനിക്ക് നന്നായി അറിയാം. എന്റെ യൗവനവും പരിചയസമ്പത്തും ഞാന്‍ ഈ ടീമിനായി നല്‍കി.
'ഇന്ന് 3-6-2025 ആണ്. ഈ അക്കങ്ങള്‍ കൂട്ടിയാല്‍ 18 ആണ് ലഭിക്കുക. ഇത് 18-ാമത്തെ സീസണുമാണ്. ഈ വിജയത്തിന് ദൈവത്തോട് നന്ദി പറയുന്നു. കഴിഞ്ഞ 11 വര്‍ഷമായി അനുഷ്‌ക ഈ യാത്രയുടെ ഭാഗമാണ്. എന്റെ ഹൃദയഭേദകമായ നിമിഷങ്ങളും, ഉയര്‍ച്ച താഴ്ച്ചകളും, എന്റെ വൈകാരികമായ മാറ്റങ്ങളും അവള്‍ കണ്ടിട്ടുണ്ട്. എന്റെ അമ്മയും സഹോദരനും പരിശീലകനും കഴിഞ്ഞ 18 വര്‍ഷമായി ഇത് കാണുന്നുണ്ട്. എന്റെ കുടുംബത്തിന്റെ പിന്തുണയില്ലാതെ, എപ്പോഴും എന്റെ ചിന്തകളെ പോസിറ്റീവാക്കി നിലനിര്‍ത്തിയ അനുഷ്‌കയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
ഓരോ തോല്‍വിയുടെ സമയത്തും ഞാന്‍ തളര്‍ന്നിരിക്കുന്നതും ഞാന്‍ കടന്നുപോയ മാനസികസംഘര്‍ഷങ്ങളും ഏറ്റവുമധികം മനസിലാക്കിയ വ്യക്തിയാണ് അനുഷ്‌ക. അവള്‍ എപ്പോഴും ബെംഗളൂരുവിന്റെ മത്സരങ്ങള്‍ കാണാന്‍ വന്നു. ബെംഗളൂരുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചു. അവള്‍ ഒരു ബെംഗളൂരു പെണ്‍കുട്ടി കൂടിയാണ്. ഈ നിമിഷത്തില്‍ അവള്‍ക്ക് വലിയ അഭിമാനം തോന്നും.'-കോലി വ്യക്തമാക്കുന്നു.
Content Highlights: virat kohli and anushka sharma moments after ipl 2025 win