സ്മൃതി മന്ദാന വിവാഹം റദ്ദാക്കിയത് പലാഷിന്റെ മറ്റൊരു ബന്ധം കാരണമോ? വിവാഹ വിവാദത്തിൽ ഇതുവരെ നടന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹം ഇനി നടക്കില്ല എന്ന് ഉറപ്പായി. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിവാഹം റദ്ദാക്കിയെന്ന് സ്മൃതി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി പലാഷും രംഗത്തെത്തി. ഇതോടെ ആഴ്ചകളായി തുടരുന്ന അനിശ്ചിതത്വത്തിനും കിംവദന്തികള്‍ക്കുമെല്ലാം അവസാനമായിരിക്കുകയാണ്.
ആരാണ് പലാഷ് മുഛല്‍?
പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടിയിട്ടുണ്ട്.
ആരിലും അസൂയ ജനിപ്പിക്കുന്ന പ്രണയമായിരുന്നു സ്മൃതിയും പലാഷും തമ്മിലുണ്ടായിരുന്നത്. 'അവള്‍ ഉടനെ ഇന്ദോറിന്റെ മരുമകളാകും' എന്ന് ഒക്ടോബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പലാഷ് പറഞ്ഞതോടെയാണ് ഇരുവരുടേയും പ്രണയം സ്ഥിരീകരിക്കപ്പെട്ടത്. പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടിയായാണ് പലാഷ് ഇത് പറഞ്ഞത്. അതിന് മുമ്പ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികവും ഇരുവരും ആഘോഷിച്ചിരുന്നു.
ബോളിവുഡ് ഗായിക പാലക് മുഛലിന്റെ സഹോദരനാണ് പലാഷ് മുഛല്‍. പാലകിന്റെ വിവാഹത്തിന് സ്മൃതി മന്ദാന എത്തിയതുമുതലാണ് പലാഷുമായുള്ള പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. സ്മൃതിയുടെ മത്സരങ്ങള്‍ കാണാന്‍ പലപ്പോഴും പലാഷ് സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. കൂടാതെ ടീമിന്റെ നേട്ടങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുന്നതും പലാഷിന്റെ പതിവായിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടിയപ്പോള്‍ സ്മൃതിക്കൊപ്പം കിരീടം പിടിച്ച് നില്‍ക്കുന്ന ചിത്രം പലാഷ് പങ്കുവെച്ചിരുന്നു. വനിതാ ലോകകപ്പിലെ ഇന്ത്യയുടെ വിജയങ്ങളിലും അദ്ദേഹം ആഹ്‌ളാദം പങ്കുവെച്ചിട്ടുണ്ട്.
Also Read: സ്മൃതി മന്ദാനയുടെ വിവാഹം മാറ്റാന്‍ കാരണം പലാഷിന്റെ ചാറ്റുകളോ? ചര്‍ച്ചയായി സ്‌ക്രീന്‍ഷോട്ടുകള്‍
'സ്മൃതിപലാഷ്' എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നില്‍.
പ്രണയം വിവാഹത്തിലേക്ക്
നവംബര്‍ 20-നാണ് താനും പലാഷ് മുഛലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതായി സ്മൃതി മന്ദാന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രസകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. 2006-ല്‍ പുറത്തിറങ്ങിയ ലഗേ രഹേ ഹോ മുന്നാ ഭായ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സ്മൃതിയും സഹതാരങ്ങളായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ്, അരുന്ധതി റെഡ്ഡി എന്നിവരും ചുവടുവെക്കുന്നതാണ് വീഡിയോയിലുള്ളത്.
Don’t Miss: സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദത്തിലെ നിര്‍ണായക വ്യക്തി; ആരാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന മേരി ഡി'കോസ്റ്റ?
വീഡിയോയുടെ അവസാനം ക്യാമറയ്ക്ക് നേരെ കൈ ഉയര്‍ത്തി തന്റെ വിവാഹനിശ്ചയ മോതിരം കാണിക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ കാണാന്‍ കഴിയില്ല. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി മന്ദാന സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതിനാലാണ് ഇത്.
വിവാഹം മുടങ്ങുന്നു
നവംബര്‍ 23-നായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. ലോകകപ്പ് താരങ്ങള്‍ക്കൊപ്പം ഹല്‍ദി നടത്തിയതും പ്രീവെഡ്ഡിങ് ആഘോഷങ്ങളും ലോകകപ്പ് നേടിയ സ്റ്റേഡിയത്തിലേക്ക് സ്മൃതിയെ കണ്ണുകെട്ടി കൊണ്ടുപോയശേഷം പിച്ചില്‍ വെച്ച് വിവാഹാഭ്യര്‍ഥന നടത്തിയതുമെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി പലഷ് നയിച്ച ടീം ഗ്രൂമും സ്മൃതി നയിച്ച ടീം ബ്രൈഡും തമ്മില്‍ ഒരു സൗഹൃദ ക്രിക്കറ്റ് മത്സരവും നടന്നു. മത്സരത്തില്‍ 'ടീം ബ്രൈഡ്' വിജയിച്ചു.
വിവാഹാഘോഷങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോകവെ വളരെ അപ്രതീക്ഷിതമായാണ് ആ വാര്‍ത്ത വരുന്നത്. പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പലാഷ് മുഛലുമായുള്ള വിവാഹം മാറ്റിവെച്ചതായി താരത്തിന്റെ മാനേജര്‍ അറിയിക്കുകയായിരുന്നു.
Also Read: സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദം: മൗനം വെടിഞ്ഞ്, ചാറ്റുകള്‍ പുറത്തുവിട്ട മേരി ഡി'കോസ്റ്റ
ജന്മനാടായ സാംഗ്ലിയിലെ വിവാഹവേദിയിലേക്ക് അടിയന്തരമായി ആംബുലന്‍സ് എത്തിയതും അന്ന് വാര്‍ത്തയായിരുന്നു. പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പലാഷ് മുഛലിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. വൈറല്‍ പനിയും അസിഡിറ്റിയും കാരണം മുംബൈയിലെ ആശുപത്രിയിലേക്ക് പലാഷിനെ മാറ്റിയെന്നാണ് പുറത്തുവന്ന വാര്‍ത്ത.
പിന്നാലെ വന്ന മറ്റൊരു വാര്‍ത്തയാണ് ആരാധകരില്‍ ഉയര്‍ന്ന പല സംശയങ്ങള്‍ക്കും കാരണമായത്. വിവാഹം മാറ്റിവെച്ചതിനെ തുടര്‍ന്ന് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് സ്മൃതി മന്ദാന നീക്കം ചെയ്തുവെന്ന വാര്‍ത്തയായിരുന്നു അത്.
അഭ്യൂഹങ്ങള്‍ പരക്കുന്നു
പിന്നീടുള്ള ദിവസങ്ങളില്‍ ശക്തമായ അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വിവാഹം മാറ്റിവെച്ചതല്ല, മറിച്ച് റദ്ദാക്കിയതാണ് എന്ന് അന്ന് തന്നെ പലരും പറഞ്ഞിരുന്നു. പലാഷ് മുഛലിന് മറ്റൊരു യുവതിയുമായുള്ള ബന്ധം കൈയോടെ പിടിച്ചതിനെ തുടര്‍ന്നാണ് സ്മൃതിയും കുടുംബവും വിവാഹം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രചാരണം. ഇതിന് ആധാരമായതാകട്ടെ പുറത്തുവന്ന ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും.
മേരി ഡി'കോസ്റ്റ എന്ന യുവതിയാണ് പലാഷിന്റേതെന്ന് കരുതുന്ന ചാറ്റുകള്‍ പുറത്തുവിട്ടത്. ആരോടാണ് പലാഷ് ചാറ്റ് ചെയ്തിരുന്നത് എന്ന് വ്യക്തമല്ല. മേയ് മാസത്തില്‍ നടന്നതെന്ന് കരുതുന്ന ചാറ്റുകളാണ് സ്‌ക്രീന്‍ഷോട്ടുകളിലുള്ളത്. ആഡംബര ഹോട്ടലില്‍ നീന്താന്‍ പോകാനായി പലാഷ് ചോദിക്കുന്നത് ചാറ്റില്‍ കാണാം. പ്രണയം ഉണ്ടോ എന്നറിയാനായി ഇപ്പുറത്തെയാള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് പലാഷ് ഒഴിഞ്ഞുമാറുന്നതും കാണാം. ഇതിന് വ്യക്തമായി മറുപടി നല്‍കുന്നതിന് പകരം തമ്മില്‍ കാണുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
തന്നോടല്ല പലാഷ് ചാറ്റ് ചെയ്തതെന്ന് മേരി പിന്നീട് വ്യക്തമാക്കിയിരുന്നു. 'ആദ്യം തന്നെ പറയട്ടെ, ആ ചാറ്റുകള്‍ നടന്നത് 2025 ഏപ്രില്‍ 29-നും മേയ് 30-നും ഇടയിലാണ്. ഒരു മാസം മാത്രം നീണ്ട ബന്ധം. ഞാന്‍ വളരെ വ്യക്തമായി പറയട്ടെ, ഞാന്‍ അയാളെ കണ്ടിട്ടേയില്ല, കൂടാതെ അയാളുമായി ഒരുതരത്തിലും ഞാന്‍ ഇടപെട്ടിട്ടുമില്ല. 'എന്തുകൊണ്ടാണ് ഇതിനെക്കുറിച്ചെല്ലാം ഇപ്പോള്‍ പറയുന്നത്?' എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ കഴിഞ്ഞ ജൂലായില്‍ തന്നെ ഞാന്‍ അയാളെ തുറന്നുകാട്ടിയിരുന്നു എന്നതാണ് സത്യം. പക്ഷേ ആ സമയത്ത് അവനെ ആര്‍ക്കും അറിയുമായിരുന്നില്ല. അതുകൊണ്ട് അന്നുപറഞ്ഞത് ആരും ശ്രദ്ധിച്ചില്ല.' -ഇതായിരുന്നു മേരിയുടെ പ്രതികരണം.
Don’t Miss: 'ഞാനും നന്ദികയും ഇതില്‍ ഇല്ല'; സ്മൃതി മന്ദാനയുടെ വിവാഹ വിവാദത്തില്‍ പ്രതികരണവുമായി കൊറിയോഗ്രാഫര്‍ യുവതി
സോഷ്യല്‍ മീഡിയാ പ്രചരണങ്ങള്‍ ഇതിനകം ശക്തമായിരുന്നു. നന്ദികാ ദ്വിവേദി എന്ന കൊറിയോഗ്രാഫറുമായാണ് പലാഷിന് ബന്ധമുണ്ടായിരുന്നത് എന്നായിരുന്നു പ്രചരണം. ഇക്കാര്യം നിഷേധിച്ച് ആദ്യം നന്ദികയുടെ സുഹൃത്തും പിന്നീട് നന്ദിക തന്നെയും രംഗത്തെത്തിയിരുന്നു. ഇതിനിടെ ഡിസംബര്‍ ഏഴിന് വിവാഹം നടക്കുമെന്നും പ്രചരണമുണ്ടായി. എന്നാല്‍ ഇക്കാര്യം സ്മൃതിയുടെ സഹോദരന്‍ നിഷേധിച്ചു. വിവാഹം മാറ്റിവെച്ചശേഷം സ്മൃതി പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയില്‍ കൈവിരലില്‍ വിവാഹനിശ്ചയ മോതിരം ഇല്ലാതിരുന്നതും ഏവരും ശ്രദ്ധിച്ചിരുന്നു.
ഒടുവില്‍ വ്യക്തത
ഈ അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കുമെല്ലാം വിരാമമിട്ടുകൊണ്ടാണ് ഞായറാഴ്ച സ്മൃതി മന്ദാന അക്കാര്യം അറിയിച്ചത്. പലാഷുമായുള്ള വിവാഹം വേണ്ടെന്നുവെച്ചു. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പലാഷും അറിയിച്ചതോടെ വിവാഹ വിവാദത്തിന് അന്ത്യമായി. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കൊന്നും സ്ഥിരീകരണമില്ലെങ്കിലും ഗൗരവമേറിയ എന്തോ കാരണത്താലാണ് വിവാഹദിവസം തന്നെ അത് റദ്ദാക്കപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്മൃതിയുടേയോ പലാഷിന്റേയോ കുടുംബം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Smriti Mandhana-Palash Muchhal: The Full Story Behind the Wedding That Never Was; Decoding the Engagement Ring Clue