'ദിവസവും മൂന്ന് പറാത്തയും ഡെസേര്‍ട്ടും കഴിക്കും, 89ാം വയസിലും അച്ഛന്‍ ഫിറ്റാണ്'- സല്‍മാന്‍ ഖാന്‍

തിരക്കഥാകൃത്തായ സലീം ഖാന്റെ ഫിറ്റ്‌നസ് രഹസ്യം പങ്കുവെച്ച് മകനും നടനുമായ സല്‍മാന്‍ ഖാന്‍. ഫിറ്റ്‌നസിനായി പലരും കഠിനമായ ജിം പരിശീലനങ്ങളും കര്‍ശനമായ ഭക്ഷണക്രമങ്ങളും പിന്തുടരുമ്പോള്‍ തന്റെ 89-കാരനായ പിതാവ് അങ്ങനെയൊരു മാര്‍ഗവും സ്വീകരിച്ചിട്ടില്ലെന്ന് സല്‍മാന്‍ പറയുന്നു. കൃത്യമായ ശീലങ്ങളും സമീകൃതമായ ഭക്ഷണവുമാണ് പിതാവിനെ ഇപ്പോഴും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നതെന്ന് നെറ്റ്ഫ്‌ളിക്‌സിലെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യില്‍ സല്‍മാന്‍ പറയുന്നു.
'ദൈവാനുഗ്രഹം കൊണ്ട് പിതാവ് ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു. തനിക്ക് വിശപ്പ് തോന്നുന്നില്ലെന്ന് പിതാവ് എപ്പോഴും എന്നോട് പറയും. പക്ഷേ അദ്ദേഹം ദിവസത്തില്‍ മൂന്ന് പറാത്തയും പിന്നെ കുറച്ച് ചോറും മാംസവും കഴിക്കും. അതിനുശേഷം എന്തെങ്കിലും മധുരമുള്ളതും കഴിക്കും. അദ്ദേഹത്തിന്റെ മെറ്റബോളിസവും അച്ചടക്കവും വേറെ തലത്തിലാണ്.'-സല്‍മാന്‍ പറയുന്നു.
അദ്ദേഹം എന്നും രാവിലെ ബാന്‍ഡ്സ്റ്റാന്‍ഡ് വരേ നടക്കുകയും തിരികെ വീട്ടിലേക്ക് വരികയും ചെയ്യും. അത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും. പിതാവിന്റെ പ്രായത്തോടുള്ള ഈ പോരാട്ടത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഫിറ്റ്‌നസ് രഹസ്യത്തെ കുറിച്ചും സല്‍മാന്‍ ഷോയില്‍ പറയുന്നുണ്ട്. നിയന്ത്രണങ്ങളേക്കാള്‍ മിതത്വത്തിനാണ് താന്‍ ഊന്നല്‍ നല്‍കുന്നതെന്ന് സല്‍മാന്‍ പറയുന്നു. 'ഞാന്‍ എന്തും കഴിക്കും. പക്ഷേ അമിതമായി കഴിക്കില്ല. ഉദാഹരണത്തിന് ഒന്നര സ്പൂണ്‍ ചോറ് മാത്രമേ കഴിക്കൂ. പിന്നെ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ചിക്കനോ മട്ടോണ മീനോ ഇതില്‍ ഏതെങ്കിലും ഒന്നും കഴിക്കും.'-സല്‍മാന്‍ പറയുന്നു.
സിനിമാ താരങ്ങള്‍ക്കിടയില്‍ ഫിറ്റ്‌നസിന്റെ പ്രാധാന്യമെത്തിക്കുന്നതില്‍ താന്‍ വഹിച്ച പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജിം സംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ച ആദ്യകാല നടന്‍മാരില്‍ ഒരാളായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. ധര്‍മേന്ദ്രയെപ്പോലുള്ള മുതിര്‍ന്ന താരങ്ങള്‍ ഇപ്പോഴും ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നത് എല്ലാവര്‍ക്കും പ്രചോദനമാണെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: salman khan reveals his father eats parathas dessert daily still stays fit