92-ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി മര്‍ഡോക്ക്; വധു 67-കാരിയായ ശാസ്ത്രജ്ഞ എലീന

മാധ്യമഭീമനും 92 വയസ്സുകാരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67-കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. മോളിക്യുലാര്‍ ബയോളജിസ്റ്റാണ് എലീന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്.
മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടമായ മൊറാഗയാണ് വിവാഹവേദി. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും വിവാഹത്തിന്റെ ക്ഷണക്കത്ത് അതിഥികള്‍ക്ക് വിതരണം ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ 66-കാരി ആന്‍ ലെസ്ലി സ്മിത്തുമായി മര്‍ഡോക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തില്‍ നിന്ന് പിന്മാറി. ആനിന്റെ തീവ്ര മത കാഴ്ച്ചപ്പാടുകളാണ് മര്‍ഡോക്കിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. അതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് മര്‍ഡോക്ക്.
മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങ് വഴിയാണ് മര്‍ഡോക്കും എലീനയും കണ്ടുമുട്ടുന്നത്. ലോസ് ആഞ്ജലീസില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലാണ് എലീന ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്.
എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014-ല്‍ അവസാനിച്ചു. ഇതില്‍ രണ്ടു കുട്ടികളുണ്ട്. 2022-ലാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്.
ഓസ്‌ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യു.എസ്. പൗരനാണ്. മെല്‍ബണില് 1931 മാര്‍ച്ച് 11-നാണ് മര്‍ഡോക്കിന്റെ ജനനം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദി ഹെറാള്‍ഡ് ആന്‍ഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മര്‍ഡോക്കാണ് പിതാവ്. അമ്മ ഡെയിം എലിസബത്ത്.
Content Highlights: rupert murdoch gets engaged at 92 to 67 year old elena zhukova all set to marry for fifth time