'ഇന്ന് ഡോക്ടറെ കാണേണ്ട ദിവസമായിരുന്നു,അതൊഴിവാക്കിയാണ് ഓടിയെത്തിയത്';രോഹിതിനെ ചുംബനത്താല്‍ മൂടി അമ്മ

രോഹിത് ശര്‍മയെ അമ്മ ചുംബിക്കുന്നു/ അമ്മയ്‌ക്കൊപ്പം രോഹിത്‌ | Photo: twitter/ instagram/ rohit sharma
രോഹിത് ശര്‍മയെ അമ്മ ചുംബിക്കുന്നു/ അമ്മയ്‌ക്കൊപ്പം രോഹിത്‌ | Photo: twitter/ instagram/ rohit sharma

ന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിനുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അമ്മ പൂര്‍ണിമ ശര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. രോഹിതിനൊപ്പം കോലിയും കിരീടമേന്തി നില്‍ക്കുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്. രോഹിതിന്റെ തോളില്‍ മകളുമുണ്ട്. 'തോളില്‍ മകള്‍, രാജ്യം പിന്നില്‍, അരികില്‍ സഹോദരനും' എന്നും ഈ ചിത്രത്തില്‍ എഴുതിയിട്ടുണ്ട്. 

ഇപ്പോഴിതാ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലേക്കുള്ള വിജയാഘോഷ യാത്രയ്ക്ക് പിന്നാലെ രോഹിതിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന പൂര്‍ണിമയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡോക്ടറെ കാണാനായി അപോയ്‌മെന്റ് എടുത്തിരുന്ന പൂര്‍ണിമ അതൊഴിവാക്കിയാണ്, ആരോഗ്യംപോലും ശ്രദ്ധിക്കാതെ രോഹിതിന് അടുത്തേക്ക് ഓടിയെത്തിയത്. മകന്റെ വിജയാഘോഷത്തില്‍ പങ്കാളിയാകണമെന്ന അതിയായ ആഗ്രഹമായിരുന്നു അതിന് പിന്നില്‍.

മുപ്പതിനായിരത്തോളം ആരാധകര്‍ രോഹിത് എന്നുള്ള പേര് ഉറക്കെ വിളിച്ചുപറയുമ്പോഴായിരുന്നു പൂര്‍ണിമ മകനെ സ്‌നേഹ ചുംബനത്താല്‍ മൂടിയത്. ഒരു മാസത്തിനുശേഷം മകനെ കാണുന്ന അമ്മയുടെ സന്തോഷം മുഴുവന്‍ അവരുടെ മുഖത്തുണ്ടായിരുന്നു. വാംഖഡെ സ്‌റ്റേഡിയത്തിലെ പ്രസിഡന്റ്‌സ് ബോക്‌സിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച. 

ലോകകപ്പിന് പോകും മുമ്പ് തന്നെ ട്വന്റി-20യില്‍ നിന്ന് വിരമിക്കുന്ന തീരുമാനം രോഹിത് എടുത്തിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമ വ്യക്തമാക്കുന്നു. അന്ന് പോകുന്നതിന് മുമ്പ് ഇക്കാര്യം രോഹിത് പൂര്‍ണിമയോട് വന്നുപറഞ്ഞു. കിരീടം നേടാന്‍ പരമാവധി ശ്രമിക്കണമെന്നാണ് പൂര്‍ണിമ മറുപടി നല്‍കിയത്. ഇനിയൊരിക്കലും ജീവിതത്തില്‍ ഇത് സംഭവിക്കില്ലെന്നും ഒരു മകനോട് ഇതില്‍ കൂടുതല്‍ എന്ത് ആവശ്യപ്പെടാനാണെന്നും അവര്‍ അഭിമുഖത്തില്‍ ചോദിക്കുന്നു.
 

Content Highlights: rohit sharmas mother skips doctors appointment to attend wankhede ceremony