65 വയസ്സിലും ഫിറ്റ്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന

നാഗാര്‍ജുന
നാഗാര്‍ജുന

ഫിറ്റനസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമ താരമാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരമായ നാഗാര്‍ജുന അക്കിനേനി. 65കാരനായ നാഗാര്‍ജുന ഈ പ്രായത്തിലും യുവത്വം കാത്തുസൂക്ഷിക്കുന്നത് പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. പലരും അദ്ദേഹത്തോട് ഈ ആരോഗ്യത്തിന്റെ രഹസ്യം ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

അച്ചടക്കമുള്ള ജീവിതരീതിയും ചിട്ടയായ വ്യായാമങ്ങളും കൃത്യമായ ഡയറ്റുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് നാഗാര്‍ജുനയുടെ അഭിപ്രായം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള തന്റെ ദിനചര്യയില്‍ ജിം വര്‍ക്കൗട്ടും കാര്‍ഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നാഗാര്‍ജുന പറയുന്നു. ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും നടന്‍ പറയുന്നു.

'ഞാന്‍ ദിവസം മുഴുവന്‍ സജീവമായിരിക്കും. ജിമ്മില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ നടക്കാനോ നീന്താനോ പോകും. ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം എന്തായാലും വ്യായാമം ചെയ്യും. ദിവസവും ഒരു മണിക്കൂര്‍ വരെയാണ് ജിമ്മില്‍ വ്യായാമം ചെയ്യുക. ജോലിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് പലപ്പോഴും വ്യായാമത്തിനാണ്.

നിങ്ങള്‍ വ്യായാമങ്ങള്‍ക്കിടയില്‍ അധികം വിശ്രമിക്കരുത്. ഇരിക്കരുത്.. ഫോണ്‍ നോക്കരുത്. ചെയ്യുന്ന വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വന്തം ശരീരത്തിനായി ദിവസവും 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ നീക്കിവെക്കുക'- നാഗാര്‍ജുന പറയുന്നു. 

വ്യായാമത്തിന് പുറമെ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ആവശ്യകതയും നാഗാര്‍ജുന ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് 7.30 ന് ഉള്ളില്‍ രാത്രി ഭക്ഷണം കഴിക്കും. ഇത് നിങ്ങളുടെ ഡയറ്റിനെ കൃത്യമായ പാതയിലെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Content Highlights: nagarjuna reveals the secret to staying fit at 65