പങ്കാളിയോട് സഹാനുഭൂതിയോടെ പെരുമാറുന്നത് ലൈംഗികജീവിതത്തിലും സംതൃപ്തി കൂട്ടും; പുതിയ പഠനം

representative image|photo:canva
representative image|photo:canva

പ്രണയബന്ധത്തിൽ പരസ്പരം മനസ്സിലാക്കാനും വികാരങ്ങൾ തിരിച്ചറിയാനും കഴിയുന്നത് ബന്ധം കൂടുതൽ സന്തോഷകരമാക്കുമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ പങ്കാളിയോടുള്ള സഹാനുഭൂതി ദമ്പതികളുടെ ലൈംഗികജീവിതത്തിലും വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. പങ്കാളിയുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങളെ കാണാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് കൂടുതൽ സംതൃപ്തമായ ലൈംഗികജീവിതം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.ദി ജേണൽ ഓഫ് സെക്‌സ് റിസർച്ച് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 190 ദന്പതികളെ അതായത് 380 പേരെ ഉൾപ്പെടുത്തിയായിരുന്നു ഗവേഷണം. പങ്കാളിയോട് കൂടുതൽ സഹാനുഭൂതി കാണിക്കുന്നവർക്ക് സ്വന്തം ലൈംഗികജീവിതത്തിൽ കൂടുതൽ സംതൃപ്തി അനുഭവപ്പെടുന്നതായും അവരുടെ പങ്കാളികൾക്കും സമാനമായ സംതൃപ്തി ഉണ്ടാകുന്നതായും പഠനം കണ്ടെത്തി.

എന്താണ് പങ്കാളിയോടുള്ള സഹാനുഭൂതി?

മറ്റൊരാളുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരോടൊപ്പം ആ വികാരങ്ങൾ പങ്കിടാൻ കഴിയുകയും ചെയ്യുന്നതിനെയാണ് സഹാനുഭൂതി അഥവാ എംപതി എന്നു പറയുന്നത്. പ്രണയബന്ധങ്ങളിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്.

പങ്കാളിയുടെ സ്ഥാനത്തുനിന്ന് കാര്യങ്ങളെ കാണാൻ ശ്രമിക്കുക, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ ഭാഗവും മനസ്സിലാക്കുക, വിഷമഘട്ടങ്ങളിൽ കരുതലും പിന്തുണയും നൽകുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.ഇതിന് പ്രധാനമായും രണ്ട് ഘടകങ്ങളുണ്ട്. ആദ്യത്തേത് പങ്കാളിയുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവാണ്. രണ്ടാമത്തേത് പങ്കാളി വിഷമിക്കുമ്പോൾ അവരോട് കരുതലും അനുകമ്പയും തോന്നുന്നതാണ്.പൊതുവെ മറ്റുള്ളവരോട് സഹാനുഭൂതിയുള്ള ഒരാൾക്ക് സ്വന്തം പ്രണയബന്ധത്തിലും അതേ രീതിയിൽ പെരുമാറാൻ കഴിയണമെന്നില്ല. പ്രത്യേകിച്ച് തർക്കങ്ങളും വൈകാരിക സമ്മർദങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പങ്കാളിയുടെ വികാരങ്ങൾ മനസ്സിലാക്കുന്നത് വെല്ലുവിളിയാകാം.

also read:'കല്യാണം കഴിക്കുന്നില്ലേ, വയസ്സ് കൂടുവാണ്'; ബന്ധുക്കളുടെ ചോദ്യങ്ങൾ മടുത്തോ? മറുപടി നൽകാൻ വഴികളുണ്ട്

190 ദമ്പതികളിൽ പഠനം

കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. 18 മുതൽ 29 വയസ്സുവരെയുള്ള ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന 190 ദമ്പതികളെയാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഇവരുടെ ശരാശരി പ്രായം 23.5 വയസ്സായിരുന്നു. കുറഞ്ഞത് രണ്ട് മാസമെങ്കിലും ബന്ധത്തിലായിരുന്നവരാണ് പഠനത്തിൽ പങ്കെടുത്തത്. ശരാശരി മൂന്ന് വർഷത്തോളമായിരുന്നു ഇവരുടെ ബന്ധത്തിന്റെ ദൈർഘ്യം. വ്യത്യസ്ത ലൈംഗിക ആഭിമുഖ്യങ്ങളിലും ലിംഗസ്വത്വങ്ങളിലും പെട്ടവരെയും ഏകഭാര്യാ-ഏകഭർത്തൃ ബന്ധങ്ങൾ, തുറന്ന ബന്ധങ്ങൾ, ഒന്നിലധികം പങ്കാളികളുള്ള ബന്ധങ്ങൾ എന്നിവയിലുള്ളവരെയും പഠനത്തിൽ ഉൾപ്പെടുത്തി.പങ്കാളിയുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, ലൈംഗികജീവിതത്തിലെ സംതൃപ്തി, പങ്കാളിയോടുള്ള ലൈംഗിക താൽപര്യം എന്നിവ വിലയിരുത്തി.

also read : മിസ് യൂണിവേഴ്സ് വേദിയിൽ പാകിസ്താന്റെ പിങ്ക് ലില്ലിയായി മിസ്ബ അർഷാദ് 

സ്വന്തം സംതൃപ്തിക്കൊപ്പം പങ്കാളിയുടെ സന്തോഷവും

പഠനത്തിൽ ഉയർന്ന സഹാനുഭൂതി പ്രകടിപ്പിച്ചവർക്ക് സ്വന്തം ലൈംഗികജീവിതത്തിൽ കൂടുതൽ സംതൃപ്തി അനുഭവപ്പെടുന്നതായി കണ്ടെത്തി. പങ്കാളിയോടുള്ള ലൈംഗിക താൽപര്യവും ഇവരിൽ കൂടുതലായിരുന്നു.അതേസമയം, ഒരാൾ കൂടുതൽ സഹാനുഭൂതിയുള്ളയാളാണെങ്കിൽ അവരുടെ പങ്കാളിക്കും ലൈംഗികജീവിതത്തിൽ കൂടുതൽ സംതൃപ്തി അനുഭവപ്പെടുന്നതായി കണ്ടെത്തി. എന്നാൽ പങ്കാളിയുടെ സഹാനുഭൂതി മറ്റൊരാളുടെ ലൈംഗിക താൽപര്യം വർധിപ്പിക്കുന്നതായി വ്യക്തമായ തെളിവ് ലഭിച്ചില്ല.അതായത്, പങ്കാളി നമ്മളെ മനസ്സിലാക്കുകയും വികാരങ്ങൾക്ക് വില നൽകുകയും ചെയ്യുന്നത് ലൈംഗികജീവിതത്തിലെ സംതൃപ്തിക്ക് സഹായകമാകാം. എന്നാൽ അത് എല്ലായ്‌പ്പോഴും ലൈംഗിക താൽപര്യം വർധിപ്പിക്കണമെന്നില്ല.

പ്രായവും ബന്ധത്തിന്റെ ദൈർഘ്യവും സ്വാധീനിക്കുന്നുണ്ടോ?

ബന്ധത്തിന്റെ ദൈർഘ്യം കൂടുന്നതിനനുസരിച്ച് ലൈംഗിക സംതൃപ്തിയും പങ്കാളിയോടുള്ള ലൈംഗിക താൽപര്യവും കുറയുന്നതായി പഠനത്തിൽ പങ്കെടുത്തവരുടെ മറുപടികൾ സൂചിപ്പിച്ചു.ശരാശരി കണക്കുകളിൽ പുരുഷന്മാർ സ്ത്രീകളെക്കാൾ പങ്കാളിയോടുള്ള ലൈംഗിക താൽപര്യം കൂടുതലായി രേഖപ്പെടുത്തി. എന്നാൽ ലൈംഗിക സംതൃപ്തിയുടെ കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ശ്രദ്ധേയമായ വ്യത്യാസം കണ്ടെത്തിയില്ല. ഇരുവരും ഉയർന്ന സഹാനുഭൂതിയുള്ളവരാണെങ്കിൽ സംതൃപ്തി പ്രത്യേകമായി വർധിക്കുമെന്നതിന് പഠനത്തിൽ വ്യക്തമായ തെളിവും ലഭിച്ചില്ല.

also read :മാംസാഹാരം ഉപേക്ഷിച്ചതിന് കാരണം ലിയോനാർഡോ ഡികാപ്രിയോ; ഹോളിവുഡ് താരം ഗ്വിനെത്ത് പാൽട്രോ പറയുന്നു 

പങ്കാളിയെ മനസ്സിലാക്കുന്നത് എന്തുകൊണ്ട് പ്രധാനമാണ്?

പങ്കാളിയുടെ വികാരങ്ങൾക്കും ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുമ്പോൾ ബന്ധത്തിൽ കൂടുതൽ സുരക്ഷിതത്വവും പരസ്പര വിശ്വാസവും രൂപപ്പെടാം. സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും തുറന്നുപറയാനുള്ള ആത്മവിശ്വാസവും ഇതിലൂടെ ലഭിക്കാം.പങ്കാളിയുടെ ഇഷ്ടങ്ങൾ, താൽപര്യങ്ങൾ, മാനസികാവസ്ഥ എന്നിവ മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൂടുതൽ സുഖകരമായ അടുപ്പത്തിന് വഴിയൊരുക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ന്നാൽ ലൈംഗിക താൽപര്യം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. മാനസിക സമ്മർദം, വൈകാരിക ആരോഗ്യം, വ്യക്തിപരമായ അനുഭവങ്ങൾ, സാഹചര്യങ്ങൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കാം. അതുകൊണ്ടുതന്നെ സഹാനുഭൂതി മാത്രം ലൈംഗികജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകില്ല.പങ്കാളി തങ്ങളെ എത്രത്തോളം മനസ്സിലാക്കുന്നു എന്നതിനുപകരം ഓരോരുത്തരും സ്വന്തം സഹാനുഭൂതിയെക്കുറിച്ച് നൽകിയ വിലയിരുത്തലുകളാണ് പഠനത്തിൽ ഉപയോഗിച്ചത്. അതിനാൽ കണ്ടെത്തലുകൾ വ്യാഖ്യാനിക്കുമ്പോൾ ഈ പരിമിതികളും പരിഗണിക്കണം.മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകയായ ഇമ്മാനുവൽ മൈൻഡ്രോണിന്റെ അഭിപ്രായത്തിൽ, വൈകാരികമായ അടുപ്പം മാത്രമല്ല, ലൈംഗികജീവിതത്തിലെ സംതൃപ്തിക്കും സഹാനുഭൂതി പ്രധാനമാണ്.

Content Highlights: Empathy towards a partner significantly increases sexual satisfaction in relationships., A study by the University of Montreal involving 190 couples highlights the role of emotional understanding., Higher personal empathy correlates with greater sexual satisfaction and desire., Relationship duration can impact sexual satisfaction and desire over time.