കുട്ടിക്കാലത്ത് കൊതിപ്പിച്ച ജീവിതരീതികളോട് അതിനേക്കാള്‍ ആര്‍ഭാടത്തില്‍ ജീവിച്ച് പകരംവീട്ടിയവള്‍

പ്രഭാത ടോക് ഷോ അവതാരകയില്‍നിന്ന് വിനോദ വ്യവസായമേഖലയിലെ കരുത്തുറ്റ സാന്നിധ്യമായി ഓപ്ര മാറിയത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ്. 'ഞാന്‍ എന്നെ ഒരു ബിസിനസ് വനിതയായി കാണുന്നില്ലെ'ന്ന് ഓപ്ര വിനീതയാകുമ്പോഴും 1995 മുതല്‍ ഫോര്‍ബ്‌സ് മാഗസിന്റെ ധനാഢ്യരുടെ പട്ടികയില്‍ ഓപ്ര വിന്‍ഫ്രിയുടെ പേര് സ്ഥിരമായി ഇടംപിടിച്ചിരുന്നു.
കായലിനെ അഭിമുഖീകരിക്കുന്ന 'പെന്റ്ഹൗസ്' ചിക്കാഗോക്കാരുടെ വലിയ സ്വപ്‌നമാണ്. 1986-ല്‍ തന്നെ അങ്ങനെയൊരു ഭവനം വാങ്ങാനുള്ളത്രയും പണം ഓപ്ര സമ്പാദിച്ചു. കായലിനെ മാത്രമല്ല, ചിക്കാഗോ നഗരം തന്നെ മുഴുവനായും ദര്‍ശിക്കാനാവുന്ന അമ്പത്തിയേഴാം നിലയിലെ വസതി അത്യാഡംബരപൂര്‍വമാണ് ഓപ്ര സജ്ജീകരിച്ചത്. ക്രിസ്റ്റല്‍ ഷാന്‍ലിയറുകളാല്‍ അലങ്കരിച്ച അതിമനോഹരമായൊരു വീടായിരുന്നു അത്. ഡോള്‍ഫിന്റെ മാതൃകയിലുളള സ്പിഗറ്റുകളുള്ള ഒരു വലിയ മാര്‍ബിള്‍ ബാത്ടബും വൈന്‍ നിലവറയുമെല്ലാം ആ വീടിന്റെ പ്രത്യേകതകളായിരുന്നു. മനോഹരമായ പെയിന്റിങ്ങുകള്‍ ഓപ്ര വാങ്ങിക്കൂട്ടി. ഡിസൈനര്‍ വസ്ത്രങ്ങള്‍ അവളുടെ വാഡ്രോബില്‍ നിറഞ്ഞു. വളര്‍ത്തുനായ്ക്കളും ഓപ്രയുടെ ദൗര്‍ബല്യമായിരുന്നു. കൊതിപ്പിക്കുന്നതെന്തും മോഹവില കൊടുത്തു വാങ്ങാന്‍ അവള്‍ മടിച്ചില്ല. തനിക്കൊപ്പം ജോലി ചെയ്യുന്നവര്‍ക്കും, സുഹൃത്തുക്കള്‍ക്കും വേണ്ടി വാരിക്കോരി പണം ചെലവഴിക്കാനും അവള്‍ക്ക് മടിയുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് തന്നെ മോഹിപ്പിച്ച വെള്ളക്കാരുടെ ജീവിതരീതികളോട് അതിനേക്കാള്‍ ആര്‍ഭാടത്തില്‍ ജീവിച്ച് പകരംവീട്ടുകയായിരുന്നു ഓപ്ര.
Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar