ക്യാമറയ്ക്ക് മുന്നില്‍ കരയാനായില്ല, ആ രാത്രി മുഴുവന്‍ കരഞ്ഞു; അതേ ചിത്രത്തിലെ അഭിനയത്തിന് ഓസ്‌ക്കർ

OPRAH OFF AIR
#രമ്യ ഹരികുമാര്‍
ഓപ്ര വിന്‍ഫ്രി
ഓപ്ര വിന്‍ഫ്രി

'പ്രിയപ്പെട്ട ദൈവമേ, എനിക്ക് പതിന്നാലു വയസ്സായി. ഞാന്‍ എല്ലായ്‌പ്പോഴും ഒരു നല്ല പെണ്‍കുട്ടിയായിരിക്കും. എന്താണ് എനിക്ക് സംഭവിക്കുന്നത് എന്നറിയുന്നതിനായി എന്തെങ്കിലും ഒരു സൂചന കാണിച്ചു തരാമോ?..' ദി കളര്‍ പര്‍പ്പിളിലെ ആദ്യ വരികള്‍ വായിച്ച ഓപ്ര ഒരു നിമിഷം മരവിച്ചുപോയി. 'ഇതെന്റെ ജീവിതമാണല്ലോ.. എന്റെ അനുഭവങ്ങള്‍ മറ്റൊരാള്‍ക്കും?' അതുള്‍ക്കൊളളാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നു ഓപ്രയ്ക്ക്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഞായറാഴ്ചപ്പതിപ്പിലെ പുസ്തക നിരൂപണം വായിച്ച് ആകൃഷ്ടയായി അന്നുതന്നെ പുസ്തകം വാങ്ങിക്കളയാം എന്ന ചിന്തയില്‍ പുസ്‌കതശാലയിലെത്തിയതായിരുന്നു ഓപ്ര. അവിടെ വെച്ചുതന്നെ അവള്‍ വായന തുടങ്ങിയിരുന്നു. പുസ്തകശാലയില്‍ നിന്ന് ഉടന്‍ വീട്ടിലേക്ക് തിരിച്ച ഓപ്ര ഒറ്റയിരുപ്പില്‍ ആ നോവല്‍ വായിച്ചുതീര്‍ത്തു. അവര്‍ വീണ്ടും പുസ്തകശാലയിലെത്തി. നോവലിന്റെ ബാക്കിയുണ്ടായിരുന്ന എട്ടു കോപ്പികള്‍ കൂടി അവര്‍ വാങ്ങി. നിര്‍ബന്ധമായും വായിക്കണമെന്ന് നിര്‍ദേശിച്ച് അവളത് പലര്‍ക്കും വിതരണം ചെയ്തു. ആലീസിന്റെ പേനയില്‍ നിന്നുതിര്‍ന്ന വാക്കുകളെല്ലാം ആ കഥാകാരി തന്റെ ജീവിതത്തില്‍ നിന്ന് പെറുക്കിക്കൂട്ടിയതാണെന്ന് ഓപ്ര വിശ്വസിച്ചു. 'ദി കളര്‍ പര്‍പ്പിള്‍ ഒരിക്കല്‍ സിനിമയാകും. അന്ന് ഞാനും അതില്‍ അഭിനയിക്കും' അടുപ്പമുളളവരോടെല്ലാം ഓപ്ര വെറുതെ പറഞ്ഞു.

1982-ലാണ് ആലീസ് വാക്കറിന്റെ ദി കളര്‍ പര്‍പ്പിള്‍ എന്ന നോവല്‍ പുറത്തിറങ്ങുന്നത്. എഎം ഷിക്കാഗോ എന്ന ടോക് ഷോയുടെ അവതാരകയായിരുന്നു അന്ന് ഓപ്ര. ന്യൂയോര്‍ക്ക് ടൈംസിന്റെ ഞായറാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ദി കളര്‍ പര്‍പ്പിളിന്റെ നിരൂപണമാണ് ഓപ്ര ആദ്യം വായിക്കുന്നത്. നോവലില്‍ ആകൃഷ്ടയായ ഓപ്ര അന്നുതന്നെ പുസ്തകം വാങ്ങി വായന തുടങ്ങുകയായിരുന്നു. ദി കളര്‍ പര്‍പ്പിള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 1983ലെ പുലിറ്റ്സര്‍ പുരസ്‌കാരവും ദേശീയ പുരസ്‌കാരവും കളര്‍ പര്‍പ്പിളിനായിരുന്നു. ഫിക്ഷന് പുലിറ്റ്സര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്തവംശജയായി ആലീസ്.

Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar

Continue reading