ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് അവൾ ചോദിച്ചു: എനിക്കൊരു വീട് വെച്ച് തരുവോ, ചോരാത്ത വീട്

ജീവിതം വീണ്ടും എഴുതിത്തുടങ്ങുമ്പോള്‍ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമവഴികളിലെ ചുടുകല്ലുകളില്‍ ചവിട്ടി ദൂരേക്ക് ദൂരേക്ക് പോകുന്നകരിനീല കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കാണുന്നു. ഒളിച്ച് കളിക്കാന്‍ അവള്‍ക്കൊരു ഇടം വേണം. ഒറ്റയ്ക്ക് കളിക്കുമ്പോള്‍ ജയത്തിന്റെ ആരവങ്ങളില്ല. തോറ്റതിന്റെ അപമാനവുമില്ല. ഉള്ളത് കളിക്കുന്നു എന്ന ബോധ്യം മാത്രം. എന്നാല്‍ പൊടുന്നനെ അവള്‍ ആകാശത്തേക്കുയരുന്നു. ഇതും ഒരു കളിയാണോ എന്ന് അവള്‍ ആശ്ചര്യപ്പെടുന്നു. താഴേക്ക് താഴേക്ക് നോക്കുന്നു. മണ്‍പരപ്പില്‍ മൂര്‍ച്ചയേറിയ കല്ലുകള്‍ക്ക് മുകളിലൊരു പുല്‍മെത്ത. പകുതി ദുഃഖത്താലും പകുതി സന്തോഷത്താലും അവള്‍ തേങ്ങിക്കരയുന്നു. ഇടക്കെപ്പോഴോ ശബ്ദം നഷ്ടമാകുന്നു. വീണ്ടും ശബ്ദം തിരിച്ചുകിട്ടുന്നു. കുട്ടിക്കളിയിലെ അര്‍ത്ഥമില്ലാത്തൊരു പാട്ട് അവള്‍ പാടുന്നു.
അക്കുത്തിക്കുത്താനവരമ്പേ കല്ലേ കൊത്ത് കരിങ്കൊത്ത്. ചീപ്പ് വെള്ളം താറാമക്കടെ കയ്യേലൊരു വാങ്ക്. എന്തും പൂവ്? മുരിക്കും പൂവ്. ചോദ്യവും ഉത്തരവുമുള്ള കുട്ടിപ്പാട്ടിന്റെ അവസാനത്തിലെത്തുമ്പോള്‍ അപ്രത്യക്ഷമാകുന്ന ഒരാളുടെ മനസ്സിലെ ഓർമകളും പുതിയത് നേരിടാനുള്ള പരിചയവുമായി അവള്‍ യൗവ്വനത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നു. ഇനിയും എഴുതാനുണ്ടല്ലോ എന്ന ഓർമപ്പെടുത്തലോടെ അവള്‍ എന്നെ നോക്കുന്നു..
അന്ന് ഞാന്‍ ബെംഗളൂരുവിലായിരുന്നു. ജീവിതത്തില്‍ പൊടുന്നനെ അണിഞ്ഞ വ്യത്യസ്തമായ വേഷത്തിന്റെ ഉത്തരവാദിത്ത്വങ്ങളും പേറി സത്യാ ഗ്ലോബല്‍ സിറ്റിയുടെ കവാടത്തില്‍ നില്‍ക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്.
'ഹലോ ജസീനയല്ലേ'
'അതേ ആരാണ്'
'ഞാന്‍ മാതൃഭൂമിയില്‍ നിന്നും നൗഷാദാണ്'
മറുതലക്കലെ ശബ്ദം മനസ്സിലാക്കിയതും ഒരു നിമിഷം എന്റെ ശബ്ദം ഒച്ചയില്ലാതെ വിറച്ചു. എന്തോ നല്ലത് സംഭവിക്കാന്‍ പോകുന്നതിന്റെ തുടക്കമാവാം ഈ വിളി. മനസ്സ് പറഞ്ഞു.
ചുറ്റിനും വിറയാര്‍ന്ന് പരക്കുന്ന പ്രകാശം. അത് സര്‍ഗാത്മകതയുടേത് തന്നെയാണ്. ജീവിതത്തില്‍ അണിയേണ്ടി വന്ന വേഷങ്ങള്‍ പലതുമുണ്ടെങ്കിലും അകം നിറഞ്ഞ് സന്തോഷിക്കുന്നത് അക്ഷരങ്ങളോട് കൂടുതല്‍ അടുക്കുന്ന സന്ദര്‍ഭങ്ങളിലാണ്. വായനക്കിടയില്‍ ദൈവത്തെ കണ്ടെത്തിയ നിമിഷങ്ങളെ കൂട്ടി വെച്ച് കുറച്ച് നാളുകള്‍ക്ക് മുന്‍പ് നൗഷാദ് സാര്‍ ഒരു പുസ്തകം ചെയ്തിരുന്നു. ദൈവമേ നീ ആരുടെ തോന്നലാണ്? ഒരു ചോദ്യചിഹ്നത്തോടെ അവസാനിക്കുന്ന പേരാണ് ആ പുസ്തകത്തിലേക്ക് ആദ്യമായി എന്നെ അടുപ്പിച്ചത്.
ആത്മീയമായും തത്ത്വചിന്താപരമായും എന്നില്‍ പ്രഭാവം ചെലുത്തിയ ഒരു പുസ്തകമായിരുന്നു അത്. വിളിച്ചത് എന്തിനെന്നറിയാതെ സംസാരിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പുസ്തകത്തെ ക്കുറിച്ചായിരുന്നു. ഞാന്‍ പറഞ്ഞതൊക്കെയും ഏതാനും മിനിറ്റുകള്‍ കേട്ടതിനുശേഷം ഞാന്‍ മാതൃഭൂമി ഡോട്ട്‌കോമില്‍ എഴുതിക്കൊണ്ടിരുന്ന മറുപുറം എന്ന പംക്തി മാതൃഭൂമി ബുക്‌സ് പുസ്തമാക്കുന്നു എന്ന് അറിയിച്ച് സംസാരം അവസാനിപ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ വായിച്ച ഓസ്ട്രിയന്‍ കവിയായ റെയ്നര്‍ മരിയ റില്‍ക്കെയുടെ ഏതാനും വരികള്‍ മനസ്സിലേക്ക് വന്നു. ദൈവമേ ഞാന്‍ മരിച്ചാല്‍ എന്ന കവിതയിലെ
ഞാനഥവാ മരിച്ചു പോയാല്‍, എന്തു ചെയ്യും നീ ദൈവമേ?
ഞാന്‍, നിന്റെ മണ്‍കൂജ, വീണുടഞ്ഞാല്‍?
ഞാന്‍, നിന്റെ പാനീയം, പുളിച്ചു പോയാല്‍?
റില്‍ക്കയുടെ വരികള്‍ പോലെ,
ദൈവമേ ഞാനില്ലാതായാല്‍ ?
പെട്ടന്നവസാനിക്കാത്ത സ്വപ്നം
പോലെ, ഒരു പുസ്തകം കൂടി...
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ചായിരുന്നു എന്റെ ചിന്ത. വായിക്കാമോ തുറക്കാമോ എന്ന് മുന്നിലെത്തുന്നഒരോ മനുഷ്യരോടും മിണ്ടുന്ന പുറംചട്ടയുള്ളൊരു പുസ്തകം ആ യാത്രക്കിടയില്‍ ഞാന്‍ സങ്കല്‍പ്പിച്ചു. ട്രെയിനിന്റെ ജാലകക്കാഴ്ചകള്‍ക്കും പതിവിലുമേറെ മനോഹാരിത. ആഹ്ലാദത്തിന്റെ ഉദ്യാനങ്ങള്‍. പച്ചക്കൊടുമുടിക്ക് മേല്‍ നൃത്തം വെയ്ക്കുന്ന വെളുത്ത മേഘങ്ങള്‍. അസ്തമയ സൂര്യന്റെ വലിയ ചുവന്ന വട്ടം ചക്രവാളത്തിലേക്ക് താഴ്ന്നു പോകാതെ ശാന്തവും ദ്യഢവുമായ ഒരുഉറക്കത്തിലേക്ക് വഴുതുന്നത്വരെ എന്റെ നെറുകില്‍ കത്തി നിന്നു. മുന്‍പും എന്റെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് പ്രസാധകരെ ഞാന്‍ തേടി കണ്ടുപിടിക്കുകയായിരുന്നു. പുസ്തക സംബന്ധമായി എന്നെ തേടി ആരെങ്കിലും സമീപിക്കുമെന്ന് വിദൂര ചിന്തയില്‍ പോലും ഇല്ലാതിരുന്നതിനാലാവണം അപ്രതീക്ഷിതമായി എത്തിയ ഒരു ഫോണ്‍ കോള്‍ എന്നെ അത്രയധികം ആവേശഭരിതയാക്കിയത്.
Content Highlights: Marupuram Jasina Rahim Malayalam book memoir writing journey book publication human connection mbifl