കുമ്മങ്കോട് അജ്ഞാതജീവിയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

പുലിയെന്ന് നാട്ടുകാർ, സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംവകുപ്പ്
നാദാപുരം : കുമ്മങ്കോട് ജനവാസമേഖലയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും പരിക്ക്. കുമ്മങ്കോട് ബദ്രിയ്യ ജുമാമസ്ജിദിന് സമീപം എരഞ്ഞിക്കൽ കുഞ്ഞാമി (68), മകളുടെ മകനായ മുഹമ്മദ് സിനാൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
കുമ്മങ്കോടെ വീടിനോടുചേർന്നുള്ള പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അജ്ഞാതജീവിയുടെ ആക്രമണമുണ്ടായത്. ആദ്യം യുവാവിനുനേരേയാണ് ആക്രമണമുണ്ടായത്. തലയുടെ പിറകുവശത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. സിനാന്റെ നിലവിളിശബ്ദംകേട്ട് സ്ഥലത്തെത്തിയ കുഞ്ഞാമിയെയും ജീവി ആക്രമിക്കുകയായിരുന്നു.
എന്നാൽ, കുഞ്ഞാമിക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റ രണ്ടുപേരെയും നാദാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സിനാനെ വടകര ആശുപത്രിയിലേക്ക് മാറ്റി. അജ്ഞാത ജീവിയുടെ ആക്രമണത്തിന് തൊട്ടടുത്ത നിമിഷം സ്ഥലത്തെത്തിയ പ്രദേശവാസിയായ കുമ്മങ്കോട് നൊട്ടീന്റെവിട റംഷാദ് റോഡിന് കുറുകെ അജ്ഞാതജീവി കുതിക്കുന്നതിന്റെ ദ്യശ്യം മൊബൈലിൽ പകർത്തിയിരുന്നു. ദ്യശ്യത്തിലുള്ളത് പുലിയുടേതാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. എന്നാൽ, പുലിയാണെന്ന് തീർത്തുപറയാൻ പോലീസും വനംവകുപ്പും തയ്യാറായിട്ടില്ല.
സ്ഥലത്തെത്തിയ കെ.എം. അഭിജിത്ത് എം.എൽ.എ, ഡിവൈ.എസ്.പി. പി.എം. മനോജ്, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ് എന്നിവർ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി റോഡിലിറങ്ങി നടക്കതരുതെന്നും അറിയിച്ചു. ഫാറൂഖ് കോളേജിൽ ബിരുദ വിദ്യാർഥിയാണ് പരിക്കേറ്റ സിനാൻ.
പുലിയാകാനുള്ള സാധ്യത കൂടുതൽ -ഡി.എഫ്.ഒ.
: കുമ്മങ്കോട് കണ്ടത് പുലിയാകാനുള്ള സാധ്യത കൂടുതലാണെന്ന് കോഴിക്കോട് ഡി.എഫ്.ഒ. ജോഷിൻ പറഞ്ഞു. തിങ്കളാഴ്ച രാത്രി കുമ്മങ്കോടെത്തിയ ഡി.എഫ്.ഒ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ആക്രമത്തിനിരയായ യുവാവിന്റെ പരിക്കും സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിലും ഇക്കാര്യം ഏറക്കുറെ ബോധ്യമാകുന്നുണ്ട്. സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തിയതിനാൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനുള്ള സാധ്യത കുറവാണ്. ജനവാസകേന്ദ്രങ്ങളിൽ പുലിയിറങ്ങിയ സമാന അവസ്ഥകൾ നേരത്തേ ഉണ്ടായിട്ടുണ്ടെന്നും ജനങ്ങൾ ഭയപ്പെടാതെയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.