ടൂറിസത്തിന്റെ വളർച്ചയ്ക്ക് ബ്രാൻഡ് അംബാസഡറാകാൻ തയ്യാർ -സുരേഷ് ഗോപി

പയ്യോളി : ടൂറിസത്തിന്റെ വളർച്ചയ്ക്ക് ബ്രാൻഡ് അംബസഡറാകാൻ തയ്യാറാണെന്ന് കേന്ദ്ര ടൂറിസംവകുപ്പ് സഹമന്ത്രി സുരേഷ്ഗോപി. ഇരിങ്ങൽ സർഗാലയയിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സാമൂഹിക നന്മകൾക്കായുള്ള പല പദ്ധതി പ്രവർത്തനങ്ങൾക്കും ഒന്നും മോഹിക്കാതെ മുൻപ് ബ്രാൻഡ് അംബാസഡറായി രംഗത്ത് ഉണ്ടായിരുന്നു. ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽപോലും തന്നെ ആരും വിളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സർഗാലയയിലെ വികസനം ഫെബ്രുവരിയോടെ പൂർത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി. ദേശീയ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ ഉദ്ഘാടനവും നടത്തണം. റോമിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ പോയിക്കാണാൻ ഷോ സംവിധാനം ചെയ്യുന്ന നടി രേവതിയോട് പറയണമെന്നും മന്ത്രി നിർദേശിച്ചു.

ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമത്തിൽ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 95.34 കോടിരൂപയുടെ പദ്ധതി പ്രവർത്തനമാണ് നടക്കുന്നത്. ടൂറിസം റീജണൽ ഡയറക്ടർ വെങ്കിടേശ ദത്രേയൻ, അസിസ്റ്റന്റ്‌ ഡയറക്ടർ എം. നരേന്ദ്രൻ, ഡയറക്ടർ റോഷൻ എം. തോമസ്, കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ്ചന്ദ്രൻ, യു.എൽ.സി.സി. ചീഫ് ജനറൽ മാനേജർ രോഹൻ പ്രഭാകർ, ഡയറക്ടർ ഡോ. ഇ.പി.എ. സന്ദേശ്, സർഗാലയ സി.ഇ.ഒ. ഷരോൺ വീട്ടിൽ, സി.ഒ.ഒ. ടി.കെ. രാജേഷ്, കോവളം ക്രാഫ്റ്റ് വില്ലേജ് സി.ഒ.ഒ. ടി.യു. ശ്രീപ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മന്ത്രിയോടൊപ്പം ബി.ജെ.പി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ പ്രഫുൽകൃഷ്ണ, സംസ്ഥാനസമിതി അംഗം എ.കെ. ബൈജു, പയ്യോളി നഗരസഭാ കൗൺസിലർ നിഷാ ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.