മേൽപ്പാലം ഗർഡർ സ്ഥാപിക്കൽ; ചെറുവണ്ണൂരിൽ ഇന്നുരാത്രിമുതൽ ഗതാഗതനിയന്ത്രണം

ഫറോക്ക് : ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന ജോലിയുടെ ഭാഗമായി ചെറുവണ്ണൂരിൽ ഞായറാഴ്ച രാത്രി പത്തുമുതൽ പൂർണ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. 26-ന്‌ രാത്രി 12 വരെയാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക്കും പോലീസും ശക്തമായ മുൻകരുതലും മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

പോലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഗതാഗതനിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ആവശ്യപ്പെട്ടു.

ക്രമീകരണം ഇപ്രകാരം

ചരക്ക്, കണ്ടെയ്നർ, മൾട്ടി ആക്സിൽ ബസുകൾ വാഹനങ്ങൾ നിർബന്ധമായും വെങ്ങളം-രാമനാട്ടുകര ദേശീയപാതവഴി പോകണം.

വലിയങ്ങാടി, കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വെങ്ങാലി ബീച്ച് റോഡ് വഴി വരേണ്ടതാണ്.

മലപ്പുറം, കൊണ്ടോട്ടി ഭാഗത്തുനിന്ന് വരുന്ന മുഴുവൻ വാഹനങ്ങളും രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷനിൽനിന്ന്‌ വലത്തോട്ടുതിരിഞ്ഞ് ദേശീയപാത പന്തീരാങ്കാവ്-തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്കെത്തണം.

തൃശ്ശൂർ, സർവകലാശാല ഭാഗത്തുനിന്നുവരുന്ന മുഴുവൻ വാഹനങ്ങളും ദേശീയപാത പന്തീരാങ്കാവ്-തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗത്തുനിന്നുവരുന്ന മുഴുവൻ വാഹനങ്ങളും ഫറോക്ക് ചുങ്കം-ഫറോക്ക് കോളേജ്-അഴിഞ്ഞിലം ജങ്ഷൻ-പന്തീരാങ്കാവ്-തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കണം.

കോഴിക്കോട് സിറ്റിയിൽനിന്ന് മലപ്പുറം, തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട മുഴുവൻ വാഹനങ്ങളും തൊണ്ടയാട് എൻ.എച്ച്. 66 വഴി പോകണം.

ബേപ്പൂർ, മീഞ്ചന്ത ഭാഗത്തുനിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരീക്കോട്-ഒളവണ്ണ-പന്തീരാങ്കാവ് വഴി പോകേണ്ടതാണ്.

പാളയം, ബീച്ച്, റെയിൽവേ ഭാഗത്തുനിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാങ്കാവ്-മാത്തോട്ടം-പന്തീരാങ്കാവ് വഴി പോകണം.

ചെറുവണ്ണൂർ ജങ്ഷനിൽനിന്ന്‌ ബേപ്പൂർ ഭാഗത്തേക്കും തിരിച്ചും (ബി.സി. റോഡ്) പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.