യാത്രക്കാർക്ക് ഉപകാരമില്ലാതെ മേൽപ്പാലത്തിനടിയിലെ വഴിയോര വിശ്രമകേന്ദ്രം

പുതിയത് നിർമിക്കാൻ സ്ഥലം കണ്ടെത്തുമെന്ന് പഞ്ചായത്ത്
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് നിർമിച്ച വഴിയോര വിശ്രമംകേന്ദ്രം വഴിയാത്രക്കാർക്ക് കാണണമെങ്കിൽ ‘രാശിവെച്ച് നോക്കേണ്ട’ അവസ്ഥ. റെയിൽവേ മേൽപ്പാലത്തിനടിയിൽ ആരും കാണാത്തനിലയിലാണ് വഴിയോര വിശ്രമകേന്ദ്രം പണിതത്.
ഇന്നുവരെ ഒരുവഴിയാത്രക്കാരൻപോലും ഇങ്ങോട്ടു കയറിവന്നിട്ടില്ല. വഴി തെറ്റിയെങ്ങാനും ആരെങ്കിലും ഇവിടുത്തേക്ക് വന്നാലും പ്രയോജനമുണ്ടാവില്ല. കാരണം ഈ വഴിയോര വിശ്രമകേന്ദ്രം എപ്പോഴും അടഞ്ഞുകിടക്കുകയാണ്.
നിർമാണംപൂർത്തിയായി ഏതാണ്ട് മൂന്നുവർഷമായിട്ടും വിശ്രമകേന്ദ്രം തുറക്കാനായില്ല. ഈ കെട്ടിടത്തിലേക്ക് റെയിൽവേ പാലത്തിനുസമീപത്തെ ഒരുകിണറ്റിൽ നിന്നായിരുന്നു വെള്ളം ശേഖരിക്കാൻ പഞ്ചായത്ത് ശ്രമിച്ചത്. എന്നാൽ ലാബ് പരിശോധനയിൽ ഈ വെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന് കണ്ടെത്തി. അതോടെ വഴിയോര വിശ്രമകേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കുന്നതും സാങ്കേതിക ക്കുരുക്കിലായി. ശുചിത്വമിഷനിൽ നിന്ന് ലഭിച്ച് ആറുലക്ഷം രൂപയും കേന്ദ്ര ധനകാര്യകമ്മിഷന്റെ സി.എഫ്.സി. ഗ്രാന്റായി ലഭിച്ച ആറു ലക്ഷം രൂപയും ചെലഴിച്ചാണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്.
ദേശീയപാതയോരത്ത് അനുയോജ്യമായസ്ഥലം കിട്ടാത്തതിനാൽ റെയിൽവേ മേൽപ്പാലത്തിനടിയിലാണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്. ഹൈവേയിലൂടെയോ പുതുതായി നിർമിച്ച ബൈപ്പാസിലൂടെയോ യാത്ര ചെയ്യുന്നവർക്ക് ഒരുതരത്തിലും കാണാത്ത തരത്തിലാണ് മേൽപ്പാലത്തിനടിയിൽ വിശ്രമകേന്ദ്രം നിർമിച്ചത്. വിശ്രമകേന്ദ്രം ഉണ്ടെന്ന് അറിയിക്കാൻ റോഡരികിൽ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഹൈവേയിലൂടെ പോകുന്നവർക്ക് ഈ വിശ്രമകേന്ദ്രംകൊണ്ട് വലിയ പ്രയോജനം ഉണ്ടാകില്ല. ചെങ്ങോട്ടുകാവ് ജങ്ഷനിൽ നിലവിലുള്ള ഹൈവേയുമായി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ചേരുന്നിടത്ത് ഓവർ ബ്രിഡ്ജാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ബൈപ്പാസിലൂടെ പോകുന്നവർക്ക് വിശ്രമകേന്ദ്രത്തിന്റെ പ്രയോജനം കിട്ടില്ല. കോഴിക്കോട് ഭാഗത്തുനിന്ന് സർവീസ് റോഡിലൂടെ വരുന്ന വാഹന യാത്രക്കാർക്കും ചെങ്ങോട്ടുകാവിൽ വിവിധകടകളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവർക്കും ഈ വഴിയോര വിശ്രമകേന്ദ്രം ഉപയോഗപ്പെടുത്താമായിരുന്നു. ശൗചാലയം, മുലയൂട്ടൽ കേന്ദ്രം എന്നിവ ഇവിടെ സജ്ജമാക്കിയിരുന്നു. വഴിയോര വിശ്രമകേന്ദ്രത്തിന് പുതിയൊരു സ്ഥലം കണ്ടെത്തി പുതുതായി നിർമിക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ആലോചിക്കുന്നതെന്ന് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ പറഞ്ഞു. ഇക്കാര്യത്തിൽ പഞ്ചായത്ത് തീരുമാനമെടുക്കണം. മേൽപ്പാലത്തിന് അടിയിൽ നിർമിച്ച കെട്ടിടം മൃഗാശുപത്രി, ഹോമിയോ ഡിസ്‌പെൻസറി എന്നിവയ്ക്ക് മാറ്റി നൽകാവുന്നതാണ്. ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വകുപ്പുകൾ തമ്മിൽ ധാരണയിലെത്തിയാൽ നിലവിൽ നിർമിച്ച കെട്ടിടം മറ്റ് ഓഫീസുകളുടെ പ്രവർത്തനത്തിനായി വിട്ടു നൽകാവുന്നതാണ്. പ്രധാനപാതയുടെ ഓരത്ത് സ്ഥലംകണ്ടെത്തി വഴിയോര വിശ്രമകേന്ദ്രം മാറ്റിസ്ഥാപിച്ചാൽ മാത്രമേ നിലവിലെ കെട്ടിടം മറ്റെതെങ്കിലും ആവശ്യങ്ങൾക്ക് വിട്ടു നൽകാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വഴിയോര വിശ്രമകേന്ദ്രം തുറക്കാത്ത സാഹചര്യത്തിൽ അതിന് പരിസരത്താണ് ഹരിതകർമ സേന വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്ക് കെട്ടുകളിലാക്കി വെക്കുന്നത്.