സർവീസ്റോഡ് വീണ്ടും ജലപാതയായി

പയ്യോളി : ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷം പെയ്ത കനത്തമഴ പെരുമാൾപുരത്തെ സർവീസ് റോഡിനെ വീണ്ടും 'ജലപാത' യാക്കി. വെള്ളക്കെട്ടിന്റെ ആഴം അറിയാതെ കടന്നുവന്ന എ.സി. സ്ലീപ്പർ ബസിന്റെ പ്രവർത്തനം അവിടെ നിലച്ചു. പന്ത്രണ്ടരയ്ക്ക് അവിടെ കുടുങ്ങിയ ബസിലെ യാത്രക്കാർ നാലുമണിക്കൂറിന് ശേഷം തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് മറ്റൊരു ബസിൽ യാത്രയായത്.
പയ്യന്നൂരിൽ നിന്ന് എറണാംകുളത്തേക്ക് പോകുന്ന രാത്രി യാത്ര ബസായ ‘എമറാൾഡിന്റെ എൻജിനാണ് വെള്ളക്കെട്ടിൽ ഓഫായിപ്പോയത്.
എറണാകുളത്തേക്കുള്ള 31 യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസിന്റെ വാതിലിന്റെ താഴെ ഭാഗം വരെ വെള്ളത്തിലായിരുന്നു. ഇത്രയും വെള്ളത്തിൽ ബസ് എത്തിയപ്പോൾ 300 ആംപിയർ ഫീസ് ഷോർട്ട് ആകുകയായിരുന്നു. സെൻസർ പ്രവർത്തിക്കാതെയായി. ഒരാളുടെ അരയ്ക്കടുത്ത് വെള്ളമുള്ളതിനാൽ സ്ഥലം പരിചയമില്ലാത്ത ഡ്രൈവർമാരും യാത്രക്കാരും പുറത്തിറങ്ങിയില്ല. കനത്ത മഴയോടൊപ്പം മിന്നലും ഇടിയുമുള്ളതിനാൽ സമീപവാസികൾ പുറമെ നടക്കുന്നത് അറിഞ്ഞില്ല. പുറത്തേക്ക് അവർ എത്തി നോക്കിയതുമില്ല.
യാത്രക്കാർക്കായി 'എമറാൾഡ്' കമ്പനിയുടെ മറ്റൊരു ബസ് എത്തിക്കാനും വെള്ളക്കെട്ട് കാരണം കഴിയാത്ത അവസ്ഥയായി.
ഒടുവിൽ പയ്യോളി പോലീസിനെയും വടകര ഫയർഫോഴ്സിനെയും ഡ്രൈവർമാരായ ഇരിട്ടി സ്വദേശികളായ സച്ചിനും ഗിരീഷ് കുമാറും വിവരം അറിയിച്ചു. വടകരയിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് ബസിനെ 75 മീറ്റർ ദൂരം തള്ളിനീക്കി വെള്ളക്കെട്ട് കുറഞ്ഞ സ്ഥലത്ത് എത്തിച്ചു. 25 കിലോയിലധികം ഭാരമുള്ള ബാഗുകളാണ് യാത്രക്കാരിൽ പലർക്കുമുള്ളത്. പലരുടെയും അത്തരം ബാഗുകൾ ഡ്രൈവർമാർ അവിടെനിന്ന് ചുമലിലേറ്റി നൂറുമീറ്റർ നടന്നു സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. അപ്പോഴെക്കും എമറാൾഡ് കമ്പനിയുടെ മറ്റൊരു ബസ് സ്ഥലത്തെത്തി. തിങ്കളാഴ്ച പുലർച്ചെ നാലര മണിയായിരുന്നു അപ്പോൾ. സർവീസ് റോഡിലെ വെള്ളം അപ്പോഴേക്കും ഒഴുകി തീർന്നിരുന്നു.
അഞ്ചേകാലിന് എറണാകുളം സൗത്തിൽ എത്തേണ്ട ബസായിരുന്നു. പലവിധ കാര്യങ്ങൾക്ക് രാവിലെ അവിടെയേത്തണ്ട യാത്രക്കാർ പരിതപിച്ചു. ഈ ബസ് ബുക്ക് ചെയ്തു കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലത്ത് കാത്തുനിന്നവരും വഴിയാധാരമായി.
പെരുമാൾപുരത്ത് നിന്ന് ഒരാൾ ഈ ബസിൽ കയറാനുണ്ടായിരുന്നു. അതിനാലാണ് ആറുവരി പാതയിൽ നിന്ന് ഇറങ്ങി സർവീസ് റോഡിലേക്ക് ബസ് എടുത്തതെന്ന് ഡ്രൈവർമാർ പറഞ്ഞു.
ഒരു വാഹനത്തിന് പോകാൻ മാത്രം സൗകര്യമുള്ള സർവീസ് റോഡിലാണ് ഈ വലിയ ബസ് ഓഫായത്. അത് അറിയാതെ തിങ്കളാഴ്ച രാവിലെ ഇതുവഴി വന്ന ലോക്കൽ ബസുകൾ പിറകോട്ട് എടുത്ത് പോകേണ്ടി വന്നു.
എമറാൾഡ് ബസ് പ്രവർത്തിപ്പിക്കാൻ കൊടുവള്ളിയിൽ നിന്നെത്തിയ കമ്പനിയുടെ സാങ്കേതിക വിദഗ്ധരും പരാജയപ്പെട്ടു. ബസ് തിങ്കളാഴ്ച രാത്രിയിലും സർവീസ് റോഡിൽ കിടക്കുകയാണ്.
സർവീസ് റോഡ് ഇവിടെ വളരെ താഴ്ന്ന നിരപ്പിലാണ്. മുൻപ് ഉയർന്ന സ്ഥലം തന്നെയായിരുന്നു ഇവിടം. റോഡ് കമ്പനി ഈ സ്ഥലത്തെ മണ്ണ് എടുത്തു മാറ്റിയാണ് സർവീസ് റോഡ് നിർമിച്ചത്. അത് എന്തിനാണ് ചെയ്തതെന്ന് പലവട്ടം ചോദിച്ചിട്ടും വ്യക്തമായ ഉത്തരം അധികൃതർ നൽകിയിട്ടില്ലെന്ന് സമീപവാസിയായ അധ്യാപകൻ കെ. അജയ്ബിന്ദു പറഞ്ഞു. മഴ വന്നാലുള്ള ഈ റോഡിലെ സ്ഥിതി എപ്പോഴും ദയനീയമാണ്.