എന്റെ രാഷ്ട്രീയം വിശാലമായ ഇടതുപക്ഷം -എം. മുകുന്ദൻ

ശതാഭിഷിക്തനായ എം. മുകുന്ദന് മയ്യഴിയുടെ സ്‌നേഹാദരം

മയ്യഴി : രാഷ്ട്രീയം എപ്പോഴും നമ്മളെ വിഭജിക്കുകയാണ് ചെയ്യുന്നതെന്നും, തന്റെ രാഷ്ട്രീയമെന്നത് വിശാലമായൊരു ഇടതുപക്ഷമാണെന്നും എഴുത്തുകാരൻ എം. മുകുന്ദൻ. ശതാഭിഷിക്തനായ മയ്യഴിയുടെ കഥാകാരൻ, ജന്മനാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടിപ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. എന്റെ ഇടതുപക്ഷത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് വലിയ സ്ഥാനമൊന്നുമില്ല. എന്റെ ഇടതുപക്ഷമെന്നത് മാനവികതയാണ്, നൈതികതയാണ്, മനുഷ്യസ്നേഹമാണ്, ഉയർന്ന മൂല്യങ്ങളാണ്. അതിൽ ഫെമിനിസമുണ്ട്, പരിസ്ഥിതിവാദമുണ്ട്. ഒരുപാട് നന്മകളും മൂല്യവുമുള്ള ഇടതുപക്ഷമാണ് എന്റെ രാഷ്ട്രീയം-മുകുന്ദൻ പറഞ്ഞു.

ജനാധിപത്യം ഇല്ലാതാകുമ്പോൾ അത് ഫാസിസമായിത്തീരും. ആൾക്കൂട്ടങ്ങളെ കാണുമ്പോൾ നമ്മൾ ധരിക്കും അത് ജനങ്ങളാണെന്ന്. ആൾക്കൂട്ടം വേറെ, ജനങ്ങൾ വേറെ. ആൾക്കൂട്ടത്തിൽനിന്നാണ് ഫാസിസം ഉണ്ടാകുന്നത്. ജനങ്ങളിൽനിന്നാണ് ജനാധിപത്യം ഉണ്ടാകുന്നത്. ഹിറ്റ്‌ലറുടെ കൂടെയുണ്ടായിരുന്നത് ആൾക്കൂട്ടവും ഗാന്ധിജിയുടെ കൂടെയുണ്ടായിരുന്നത് ജനങ്ങളുമായിരുന്നു. എപ്പോഴെങ്കിലും ജനക്കൂട്ടം ആൾക്കൂട്ടമായി മാറുന്നതായി തോന്നിയാൽ ഞാൻ അപായമണി മുഴക്കും. എന്റെ ഈ വിയോജിപ്പുകളും വിമർശങ്ങളുമാണ് ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത്-അദ്ദേഹം പറഞ്ഞു.

അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. ആദരസമർപ്പണവും ആദരഭാഷണവും നടത്തി. 84-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം. മുകുന്ദനും ഭാര്യ ശ്രീജാ മുകുന്ദനും ചേർന്ന് കെയ്‌ക്ക് മുറിച്ചു. മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഇ. വത്സരാജ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം.എൽ.എ. രമേശ് പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.